കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ഭാര്യയും ഉൾപ്പെട്ട മുഡ കേസിൽ ലോകായുക്ത പൊലീസ് ബംഗളൂരുവിലെ പ്രത്യേക കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. നാളെ കോടതി വാദം കേൾക്കുന്നതിന് മുന്നോടിയായാണ് റിപ്പോർട്ട് സമർപ്പിച്ചത്. അതേസമയം റിപ്പോര്‍ട്ടില്‍ സിദ്ധരാമയ്യയ്ക്കെതിരെ പരാമര്‍ശമുണ്ടായാല്‍ അദ്ദേഹം സ്ഥാനം രാജിവച്ചേക്കുമെന്നും പകരം ഡി കെ ശിവകുമാര്‍ മുഖ്യമന്ത്രിയാകുമെന്നും സൂചനകള്‍ പുറത്തുവന്നു. റിപ്പോർട്ടിന്റെ ഉള്ളടക്കത്തെക്കുറിച്ച് ലോകായുക്ത ഉദ്യോഗസ്ഥർ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. സിദ്ധരാമയ്യയ്ക്കും മറ്റുള്ളവർക്കുമെതിരെ 2024 സെപ്റ്റംബർ 27ന് രജിസ്റ്റർ ചെയ്ത എഫ്ഐആറിന്റെ അടിസ്ഥാനത്തിലാണ് കേസ്. വിവരാവകാശ പ്രവർത്തകന്‍ സ്നേഹമയി കൃഷ്ണയുടെ പരാതിയെ തുടർന്ന് ബംഗളൂരുവിലെ പ്രത്യേക കോടതി സെപ്റ്റംബർ 25ന് ലോകായുക്ത പൊലീസിനോട് അന്വേഷണം നടത്താൻ ഉത്തരവിടുകയായിരുന്നു.
മുഖ്യമന്ത്രിയുടെ ഭാര്യ പാർവതിയുടെ പേരിൽ മൈസൂരു കേസരൂരിലുണ്ടായിരുന്ന 3.36 ഏക്കറോളം വരുന്ന ഭൂമി ഏറ്റെടുത്ത് പകരം 56 കോടി വിലയുള്ള 14 പ്ലോട്ട് മൈസൂരു അർബൻ ഡെവലപ്മെന്റ് അതോറിട്ടി (മുഡ) അനുവദിച്ചെന്നാണ് ആരോപണം. കേസിൽ സിദ്ധരാമയ്യ ഒന്നും ഭാര്യ ബി എം പാർവതി, ഭാര്യാ സഹോദരൻ ബി മല്ലികാർജുന സ്വാമി, വിവാദ ഭൂമിയുടെ പഴയ ഉടമ എ ദേവരാജ് എന്നിവർ യഥാക്രമം രണ്ടു മുതൽ നാലുവരെയും പ്രതികളാണ്. 1988ലെ അഴിമതി തടയൽ നിയമം, ഇന്ത്യൻ ശിക്ഷാനിയമം, ബിനാമി ആക്ട്, 2011ലെ കർണാടക ഭൂമി പിടിച്ചെടുക്കൽ നിരോധന നിയമം തുടങ്ങിയവയിലെ വിവിധ വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
ലോകായുക്താ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് പിന്നാലെയാണ് കര്‍ണാടകയില്‍ ഡി കെ ശിവകുമാര്‍ മുഖ്യമന്ത്രിയായേക്കുമെന്ന് സിദ്ധരാമയ്യ തന്നെ സൂചന നല്‍കിയത്. നിലവില്‍ ഉപമുഖ്യമന്ത്രിയായ ശിവകുമാറുമായി അധികാരം പങ്കിടല്‍ കരാര്‍ ഉണ്ടെന്ന് കഴിഞ്ഞ ദിവസം സിദ്ധരാമയ്യ അംഗീകരിക്കുകയായിരുന്നു. മുമ്പ് അധികാരം പങ്കിടുന്നത് സംബന്ധിച്ച് ധാരണയൊന്നുമില്ല എന്നായിരുന്നു സിദ്ധരാമയ്യ പറഞ്ഞിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം താനും ശിവകുമാറും തമ്മില്‍ അധികാരം പങ്കിടല്‍ ക്രമീകരണം ഉണ്ടെന്ന് അംഗീകരിക്കുകയും ഏത് മാറ്റത്തിന്റെ കാര്യത്തിലും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് സ്വീകരിക്കുന്ന അന്തിമതീരുമാനം അംഗീകരിക്കുമെന്നും സിദ്ധരാമയ്യ പറഞ്ഞു.
അധികാരക്കൈമാറ്റം സംബന്ധിച്ച് കോണ്‍ഗ്രസ് നേതൃത്വവുമായി ധാരണയുണ്ടെന്നും തന്റെ അവസരത്തിനായി കാത്തിരിക്കുകയാണെന്നും ഒരു ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ശിവകുമാര്‍ പറഞ്ഞിരുന്നു. ഈ പ്രതികരണം വിവാദമായതോടെ സിദ്ധരാമയ്യയുടെ വാക്ക് അന്തിമമാണെന്ന് പറഞ്ഞ് ശിവകുമാര്‍ തന്നെ ഇടപെട്ടു. പൊതുമരാമത്ത് വകുപ്പ് മന്ത്രി സതീഷ് ജര്‍ക്കിഹോളിയും മുഖ്യമന്ത്രി പദത്തിനായി അവകാശവാദമുന്നയിക്കുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.