നൂറ്റിഇരുപത്തിയഞ്ച് വര്‍ഷം പഴക്കം ചെന്ന മുല്ലപ്പെരിയാര്‍ ഡാമിന്റെ ഭാഗമായ ബേബിഡാം ശക്തിപ്പെടുത്താനുള്ള തമിഴ്‌നാട് സര്‍ക്കാരിന്റെ നീക്കത്തിനു ഒത്താശ ചെയ്ത ഉദ്യോഗസ്ഥ നീക്കം രാഷ്ട്രീയ വിവാദമാക്കാനുള്ള പ്രതിപക്ഷ ശ്രമം തികച്ചും അപലപനീയമാണ്. കേരളം ഒറ്റക്കെട്ടായി നീങ്ങേണ്ട വിഷയത്തെ ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള അവസരമാക്കി മാറ്റിക്കൂട. ബേബി ഡാം ശക്തിപ്പെടുത്തുന്നതിനുവേണ്ടി വൃക്ഷങ്ങള്‍ മുറിച്ചുമാറ്റാന്‍ നല്കിയ അനുമതി രാഷ്ട്രീയ നേതൃത്വത്തിന്റെ അറിവോ അനുമതിയോ കൂടാതെയാണെന്ന് ഇതിനകം വ്യക്തമായിട്ടുണ്ട്. അത് രാഷ്ട്രീയ നേതൃത്വത്തിന്റെ അനുമതിയോടെയാണെന്ന് വരുത്തിതീര്‍ക്കാനുള്ള മുതലെടുപ്പ് ശ്രമമാണ് പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായത്. ഭരണനേതൃത്വത്തിന്റെ അറിവുകൂടാതെ പുറപ്പെടുവിച്ച ഉത്തരവ് ഇതിനകം മരവിപ്പിച്ചു. അടുത്ത പടിയായി സംഭവത്തില്‍ വീഴ്ചവരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണവും കുറ്റക്കാരെന്നു കണ്ടാല്‍ നടപടിയും ഉണ്ടാവുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. അതില്‍ സംതൃപ്തരാവാതെ പ്രതിപക്ഷം ജനവികാരം ആളിക്കത്തിക്കാന്‍ നടത്തുന്ന ഏതു ശ്രമവും തികച്ചും രാഷ്ട്രീയ പ്രേരിതമാണ്. കേരള സര്‍ക്കാര്‍ കെെക്കൊണ്ട നടപടി അംഗീകരിച്ച തമിഴ്‌നാട് ജലവിഭവവകുപ്പ് മന്ത്രി വിഷയത്തില്‍ അവലംബിച്ച ആത്മസംയമനം ശ്ലാഘനീയമാണ്. കേരളത്തിലെ പ്രതിപക്ഷം എന്നപോലെ വിഷയത്തെ രാഷ്ട്രീയവല്‍ക്കരിക്കാനും സംസ്ഥാനങ്ങള്‍ തമ്മിലും ജനങ്ങള്‍ തമ്മിലുമുള്ള തര്‍ക്കവിഷയമാക്കി മാറ്റാനും അവിടത്തെ പ്രതിപക്ഷം നടത്തുന്ന ശ്രമം അപകടകരമാണ്. രണ്ട് സംസ്ഥാനങ്ങള്‍ തമ്മിലും ജനതകള്‍ തമ്മിലുമുള്ള സൗഭ്രാതൃബന്ധത്തെ രാഷ്ട്രീയ ലക്ഷ്യത്തോടെ തകര്‍ക്കാന്‍ ശ്രമിക്കുന്നത് സമാധാനത്തിനും ഇരു സംസ്ഥാനങ്ങളുടെയും രാഷ്ട്രതന്ത്രജ്ഞതക്കും നിരക്കുന്നതല്ല.
മുല്ലപ്പെരിയാര്‍ ഒരു രാഷ്ട്രീയ പ്രശ്നമായി കാണാനും അതിനെ ഒരു വെെകാരിക പ്രശ്നമായി മാറ്റാനും ഹ്രസ്വദൃഷ്ടികള്‍ക്കെ കഴിയു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കേരളം നേരിടുന്ന പ്രളയം ഉരുള്‍പൊട്ടല്‍ തുടങ്ങിയ ദുരന്തപൂര്‍ണമായ പ്രകൃതിപ്രതിഭാസങ്ങള്‍ ജനങ്ങളെ കടുത്ത ആശങ്കയിലാക്കിയിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനത്തിന്റെയും പ്രകൃതി ചൂഷണത്തിന്റെയും ഫലമായി ജനങ്ങള്‍ നേരിടേണ്ടിവരുന്ന പ്രവചനാതീതമായ പ്രകൃതി പ്രതിഭാസങ്ങളെ രാഷ്ട്രീയ മുതലെടുപ്പിനായി ദുരുപയോഗം ചെയ്യുന്നത് അധാര്‍മ്മികവും വിനാശകരവുമായ പ്രവണതയാണ്. കഴിഞ്ഞ വര്‍ഷങ്ങളില്‍ എന്നപോലെ പ്രവചനാതീതമായ പ്രകൃതിദുരന്തങ്ങളെ ഏറെ കരുതലോടെ ഒറ്റക്കെട്ടായി പ്രതിരോധിക്കേണ്ട സമയമാണിത്. മുല്ലപ്പെരിയാര്‍ ഡാം കാലഹരണപ്പെട്ടതും പ്രവര്‍ത്തനം അവസാനിപ്പിക്കേണ്ടതുമാണെന്ന് ഇക്കൊല്ലം ഐക്യരാഷ്ട്രസഭ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് അസന്ദിഗ്ധമായി പറയുന്നു. ലോകത്തെതന്നെ ഏറ്റവും പഴക്കം ചെന്ന ഡാമുകളില്‍ ഒന്നാണ് സജീവ ഭൂകമ്പ സാധ്യതയുള്ള മേഖലയില്‍ സ്ഥിതിചെയ്യുന്ന മുല്ലപ്പെരിയാര്‍ ഡാമെന്നും റിപ്പോര്‍ട്ട് അടിവരയിടുന്നു. മുപ്പത്തിയഞ്ച് ലക്ഷം ജനങ്ങളുടെ ജീവനും ജീവനോപാധികള്‍ക്കും ഭീഷണിയായ ഡാം പുതുക്കിപ്പണിയുക എന്നത് ദീര്‍ഘകാലമായുള്ള കേരളത്തിന്റെ ആവശ്യമാണ്. ഡാമിന്റെ ഉറപ്പും സുരക്ഷിതത്വവും സംബന്ധിച്ച് നാളിതുവരെ പുറത്തുവന്ന പഠനങ്ങള്‍ സമ്മിശ്ര നിഗമനങ്ങളാണ് മുന്നോട്ടുവച്ചിട്ടുള്ളത്. എന്നാല്‍ ഇക്കൊല്ലം ജനുവരി മാസത്തില്‍ ഐക്യരാഷ്ട്രസഭ പുറത്തുവിട്ട റിപ്പോര്‍ട്ട് നാളിതുവരെയുള്ള പഠന റിപ്പോര്‍ട്ടുകളെ അപ്രസക്തമാക്കുന്നു. അത് രാജ്യത്തിന്റെ പരമോന്നത കോടതിക്കടക്കം മുല്ലപ്പെരിയാര്‍ വിഷയത്തില്‍ അന്തിമ തീരുമാനം കെെക്കൊള്ളാന്‍ സഹായകമാവും. രാഷ്ട്രീയ ഭിന്നതകള്‍ക്കപ്പുറം ആ ദിശയില്‍ ചിന്തിക്കാനും പ്രവര്‍ത്തിക്കാനും കേരളത്തിനു കഴിയേണ്ട അവസരമാണ് സംജാതമായിരിക്കുന്നത്.
കേരളത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളും മുന്നണികളും മാറി മാറി അധികാരത്തില്‍ വരികയെന്നത് തികച്ചും സാധാരണമാണ്. യുഡിഎഫ് അധികാരത്തിലിരിക്കുമ്പോഴും മുല്ലപ്പെരിയാര്‍ വിഷയത്തില്‍ അത്ഭുതങ്ങള്‍ യാതൊന്നും സംഭവിച്ചിട്ടില്ലെന്നത് എല്ലാവര്‍ക്കും അറിയാവുന്ന വസ്തുതയാണ്. കാലാവസ്ഥാ വ്യതിയാനത്തിന്റെയും പ്രകൃതിദുരന്തങ്ങളുടെയും പുതിയ പാഠങ്ങള്‍ ഉള്‍ക്കൊണ്ട് മനുഷ്യജീവന് ഭീഷണിയായി നിലനില്‍ക്കുന്ന മുല്ലപ്പെരിയാര്‍ വിഷയത്തിനു പരിഹാരം കാണാന്‍ ഏറ്റവും ഉചിതമായ സമയമാണ് കെെവന്നിരിക്കുന്നത്. അത് കരുതലോടെ കെെകാര്യം ചെയ്യലാണ് രാഷ്ട്രതന്ത്രജ്ഞത.
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.