മുല്ലപ്പെരിയാറിന്റെ പേരിൽ വീണ്ടും മനുഷ്യമനസ്സുകളിൽ തീ കോരി ഇടുന്നതിനുള്ള ശ്രമങ്ങളിൽ നിന്ന് എല്ലാവരും പിന്മാറണമെന്ന് സിപിഐ സംസ്ഥാന കൗൺസിൽ അംഗം കെ കെ ശിവരാമൻ അഭ്യർത്ഥിച്ചു.
വയനാടിന്റെ പശ്ചാത്തലത്തിലാണ് ഇപ്പോൾ ചില സംഘടനകൾ മനുഷ്യരെ പരിഭ്രാന്തരാക്കുന്ന ചില പ്രചരണങ്ങൾ ആരംഭിച്ചത്. ആശങ്കപ്പെടാൻ ഒരു സാഹചര്യവും നിലവിലില്ലെന്ന് സംസ്ഥാന ഗവൺമെന്റ് വ്യക്തമാക്കിയിട്ടുണ്ട്. “തമിഴ്നാടിന് ജലം, കേരളത്തിന് സുരക്ഷ” എന്നതാണ് മുല്ലപ്പെരിയാർ വിഷയത്തിൽ സംസ്ഥാന സർക്കാരിന്റെ എക്കാലത്തെയും നയം.
2011ലെ ദീർഘമായ സമരത്തിന് ശേഷം മുല്ലപ്പെരിയാർ ഡാം ഫലപ്പെടുത്തിയത് എങ്ങനെയൊക്കെ എന്ന് നോക്കാം. ഒരു ഗ്രാവിറ്റി ഡാമിനെ സംബന്ധിച്ച് ഭാരം പരമപ്രധാനമാണ്, ഭാരം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ഡാമിന്റെ മുകൾഭാഗത്തെ വീതി 11 അടിയിൽ നിന്നും 21 അടിയായി ഉയർത്തി, ഡാമിന്റെ ഭാരത്തിൽ 5840 ടൺ വർദ്ധനവ് വരുത്തി, ഡാമിന്റെ അടിത്തട്ടിലെ പാറയിൽ 13 അടി വീണ്ടും കുഴിച്ച് സിമന്റ് നിറച്ച് പിന്നീട് വാട്ടർപ്രൂഫ് ആണെന്ന് ഉറപ്പുവരുത്തി. അതിനുശേഷം അതിലൂടെ ഏഴു മില്ലിമീറ്റർ വ്യാസമുള്ള, വലിയ വലിവു ബലം താങ്ങാൻ ശേഷിയുള്ള 34 ഉരുക്ക് കമ്പികൾ കൂട്ടിക്കെട്ടി ഒരൊറ്റ വടമാക്കി. ഈ സ്റ്റീൽ വയറുകളെ അടിത്തട്ടിലെ പാറയുമായി ഉറപ്പിച്ചു നിർത്താനായി, വളരെ പെട്ടെന്ന് സെറ്റ് ആകുന്ന കോൺക്രീറ്റ് മിശ്രിതങ്ങളെ ഈ ദ്വാരങ്ങളിലൂടെ പമ്പ് ചെയ്ത് നിറച്ചു. ഇത്തരത്തിൽ 10 മീറ്റർ ഇടവിട്ട് ഡാമിന്റെ ഒരറ്റം മുതൽ അങ്ങേയറ്റം വരെ 95 കേബിൾ ആങ്കറുകൾ കോൺക്രീറ്റ് ആവരണത്തോടെ നിർമ്മിച് ഡാമിന് മുകളിലത്തെ സ്ലാബിൽ ടൈറ്റ് ചെയ്ത് ഉറപ്പിച്ചു. ഇതോടെ ഡാമിന്റെ ഭൂകമ്പ പ്രതിരോധശേഷിയും, കൂടുതൽ ഉറപ്പും കേബിൾ ആങ്കറിന്റെ 12000 ടൺ അധിക ബലവും ലഭിച്ചു, തെക്കേ ഇന്ത്യയിൽ കേബിൾ ആങ്കറിംഗ് ചെയ്ത ഏക ഡാം ഇതാണ്.
പിന്നീട്, ബോർഹോളുകളിൽ പ്രഷർ ഗ്രൗട്ടിങ് നടത്തി, ഇതിനായി 1600 ചാക്ക് സിമന്റ് ഉപയോഗിച്ചു, ഡാമിന്റെ പിന്നിൽ 10 അടി ആഴത്തിൽ കോൺക്രീറ്റ് ഫൗണ്ടേഷൻ ഇട്ട് 32 അടി വീതിയിൽ കോൺക്രീറ്റ് ഡാം നിർമ്മിച്ചു, പഴയ ഡാമിന്റെ കെട്ടും പുതിയ ഡാം സ്ട്രക്ചറും തമ്മിൽ കൂടിച്ചേർന്ന് ഒരൊറ്റ അണക്കെട്ടായി നിൽക്കുന്ന രീതിയിലാണ് ഇത് നിർമ്മിച്ചത്. ഇതിനുള്ളിലാണ് ഇന്ന് കാണുന്ന പരിശോധന ഗ്യാലറി.
ഈ ബലപ്പെടുത്തലിന് ശേഷമാണ് ഡാം അതോറിറ്റിയും സെൻട്രൽ വാട്ടർ കമ്മീഷനും മുല്ലപ്പെരിയാർ ഡാം സന്ദർശിച്ച്, പുതിയ ഡാം ആയി മാറി എന്നും ബലക്ഷയം ഇല്ലെന്നും റിപ്പോർട്ട് നൽകിയത്. മുല്ലപ്പെരിയാർ ഡാം ഡി കമ്മീഷൻ ചെയ്യണമെന്ന മുഖ്യ ആവശ്യം ഉന്നയിച്ച് അഡ്വക്കേറ്റ് റസൽ ജോയ് നൽകിയ ഹർജി സുപ്രീം കോടതി തള്ളി. ഡാമിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങൾ സുപ്രീംകോടതി വിധിയിൽ പറഞ്ഞിട്ടുണ്ട്, ആ വിധി അനുസരിച്ച് ഡാം ജലശാസ്ത്രപ്രകാരവും ഘടനപ്രകാരവും ഭൂകമ്പശാസ്ത്രപ്രകാരവും പ്രകാരവും സുരക്ഷിതമാണ്. അതിനെ ബാധിക്കുന്ന ന്നുംന്നും 2014 ന് ശേഷം സംഭവിച്ചിട്ടില്ല. ഈ വസ്തുതകൾ കണക്കിലെടുക്കാതെയാണ് ഇപ്പോൾ നടക്കുന്ന സമര പ്രഖ്യാപനങ്ങൾ. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് സംസ്ഥാന ഗവൺമെന്റ് വ്യക്തമാക്കിയതിനർത്ഥം പുതിയ ഡാം എന്ന ആവശ്യത്തിൽ നിന്ന് നാം പുറകോട്ട് പോയി എന്നല്ല. കേന്ദ്രവും ഇതു സംസ്ഥാനങ്ങളും ചർച്ച ചെയ്ത് തീരുമാനിക്കണം. സാവധാനം നമുക്കത് കഴിയും. എന്നാൽ രണ്ടു സംസ്ഥാനങ്ങളിലെ ജനങ്ങൾക്കിടയിൽ സ്പർദ്ധയും വിദ്വേഷവും സംഘർഷവും, ഉണ്ടാക്കുന്ന തരത്തിലുള്ള പ്രചരണങ്ങളിൽ നിന്ന് എല്ലാവരും വിട്ടുനിൽക്കണമെന്നും ശിവരാമൻ ഫേസ്ബുക് പോസ്റ്റിൽ അഭ്യർത്ഥിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.