27 December 2024, Friday
KSFE Galaxy Chits Banner 2

മുല്ലപ്പെരിയാര്‍ : നാടിന്റെ ഉറക്കം കെടുത്തരുത്

Janayugom Webdesk
December 8, 2021 5:00 am

മുല്ലപ്പെരിയാര്‍ അണക്കെട്ട് മുന്നറിയിപ്പില്ലാതെയും രാത്രിസമയത്തും തുറക്കുക എന്നത് പതിവായി മാറ്റുകയാണ് തമിഴ്‌നാട്. ഒരാഴ്ചയ്ക്കിടെ പല തവണയാണ് തമിഴ്‌നാടിന്റെ ഭാഗത്തുനിന്ന് അവധാനതയില്ലാത്ത നടപടിയുണ്ടായത്. സുപ്രീം കോടതി വിധി പ്രകാരം ജലനിരപ്പ് 142 അടിയിൽ നിലനിർത്തുന്നതിന്റെ ഭാഗമെന്ന് പറഞ്ഞാണ് തമിഴ്‌നാട് സ്പില്‍വേ വഴി വെള്ളം തുറന്നുവിടുന്നത്. ഇന്നലെ മുന്നറിയിപ്പില്ലാതെ ഷട്ടറുകള്‍ ഉയര്‍ത്തി. വ്യാഴാഴ്ച പുലർച്ചെ 2.30ഓടെയാണ് ഷട്ടറുകൾ തുറന്നത്. ഷട്ടറുകൾ ഉയർത്തി വെള്ളം തുറന്നുവിട്ടതോടെ പെരിയാറിന്റെ തീരത്ത് ജലനിരപ്പ് അപകടകരമാം വിധം ഉയര്‍ന്നു. താഴ്ന്ന പ്രദേശങ്ങളിലും വീടുകളിലും വെള്ളം കയറി. വീട്ടുകാര്‍ ഉറങ്ങിക്കിടക്കുമ്പോഴാണ് വെള്ളം കയറുന്ന സ്ഥിതിയുണ്ടായത്. കഴിഞ്ഞ ചൊവ്വാഴ്ചയും പുലർച്ചെ ഷട്ടറുകൾ തുറന്ന് വെള്ളം തുറന്നുവിട്ടിരുന്നു. സംസ്ഥാനസര്‍ക്കാര്‍ ആശങ്ക അറിയിച്ചുവെങ്കിലും കൂടുതൽ ഷട്ടറുകൾ ഉയർത്തുകയാണ് തമിഴ്‌നാട് ഉദ്യോഗസ്ഥര്‍ ചെയ്തത്. ഇത് വന്‍ പ്രതിഷേധത്തിനും ഇടയാക്കിയിരുന്നു. വൃഷ്ടിപ്രദേശങ്ങളില്‍ മഴ ശക്തമാകുമെന്ന മുന്നറിയിപ്പ് ലഭിക്കുമ്പോഴെല്ലാം സംസ്ഥാനസര്‍ക്കാര്‍ ജാഗ്രത പാലിക്കുകയും മുന്‍കരുതലുകള്‍ സ്വീകരിക്കുകയും ചെയ്യുന്നുണ്ട്. സംസ്ഥാനത്തെ അണക്കെട്ടുകളില്‍ ജലനിരപ്പ് ഉയരുന്നത് യഥാസമയം നിരീക്ഷിക്കുകയും ഷട്ടറുകള്‍ തുറക്കേണ്ട സാഹചര്യം ഉണ്ടാകുകയാണ് എങ്കില്‍ ആവശ്യമായ മുന്നറിയിപ്പുകള്‍ നല്കുകുകയും മുന്‍കരുതലുകളെടുക്കുകയും ചെയ്യുന്നുണ്ട്. ഇടുക്കി അണക്കെട്ട് തുറക്കേണ്ടി വന്ന ഘട്ടത്തില്‍ ആളുകളെ മാറ്റിപ്പാര്‍പ്പിക്കുന്നതിനുള്ള നടപടി പോലും സ്വീകരിച്ചിരുന്നു. ചിലരെ മാറ്റിപ്പാര്‍പ്പിക്കുകയും ചെയ്തു. എന്നാല്‍ മുല്ലപ്പെരിയാറിന്റെ കാര്യത്തില്‍ ജലനിരപ്പ് ഉയരുന്നതിനനുസരിച്ച് ഷട്ടറുകള്‍ ഉയര്‍ത്തുന്നത് തമിഴ്‌നാടിന്റെ ചുമതലയിലാണ്. അവര്‍ വേണ്ടത്ര മുന്നറിയിപ്പ് നല്കാത്തതാണ് പ്രശ്നമാകുന്നത്. ഷട്ടറുകള്‍ തുറക്കുമ്പോള്‍ അതാത് സമയങ്ങളില്‍ മുന്നറിയിപ്പ് നല്കണമെന്നും മതിയായ ഒരുക്കങ്ങള്‍ നടത്തുന്നതിന് അവസരമൊരുക്കണമെന്നും സംസ്ഥാനം പല തവണ ആവശ്യപ്പെട്ടിരുന്നതാണ്. സുപ്രീംകോടതിയുടെയും ഉന്നതാധികാര സമിതിയുടെയും മുന്നില്‍ ഇക്കാര്യം അവതരിപ്പിച്ചിരുന്നതുമാണ്. കൂടാതെ മുഖ്യമന്ത്രി പിണറായി വിജയന്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് കത്തയക്കുകയും ചീഫ് സെക്രട്ടറി ഉന്നത ഉദ്യോഗസ്ഥരെ ബന്ധപ്പെടുകയും ചെയ്തിരുന്നതുമാണ്. എന്നാല്‍ സംസ്ഥാനത്തെ കോടിക്കണക്കിന് ജനങ്ങളുടെയും അതുവഴി സംസ്ഥാനത്തിന്റെ ആകെയും ആശങ്ക വേണ്ടത്ര പരിഗണിക്കാതെയുള്ള നടപടികളാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ കാര്യത്തില്‍ സ്വീകരിക്കപ്പെടുന്നത് എന്നത് ഉല്‍ക്കണ്ഠാകുലമാണ്. ഏറ്റവും പ്രധാന പ്രശ്നം രാത്രികാലങ്ങളില്‍, അതും മുന്നറിയിപ്പില്ലാതെയുള്ള ഷട്ടറുകള്‍ ഉയര്‍ത്തലാണ്. ഇത് കൂടുതല്‍ അപകട സാധ്യതയുണ്ടാക്കുമെന്ന സാഹചര്യം മനസിലാക്കാത്തത് ഖേദകരവുമാണ്.

 


ഇതുകൂടി വായിക്കാം; മുല്ലപ്പെരിയാര്‍ മുന്നോട്ടുവയ്ക്കുന്ന ജാഗ്രതാസന്ദേശം


 

മുല്ലപ്പെരിയാര്‍ ഉയര്‍ത്തുന്ന സുരക്ഷാ പ്രശ്നങ്ങള്‍ സംബന്ധിച്ച് നിരവധി കാലമായും പല തവണയായും ചര്‍ച്ചകള്‍ നടന്നുവരികയാണ്. എന്നാല്‍ മൂര്‍ത്തമായൊരു തീരുമാനം ഉണ്ടാകുന്നില്ല. ഏറ്റവും ഒടുവില്‍ കഴിഞ്ഞയാഴ്ച പാര്‍ലമെന്റില്‍ ചോദ്യത്തിന് ഉത്തരമായി കേന്ദ്രം നല്കിയ മറുപടിയില്‍ ഉദ്ധരിച്ചത് ഐക്യരാഷ്ട്ര സഭയുടെ റിപ്പോര്‍ട്ടാണ്. യുണൈറ്റഡ് നേഷൻസ് യൂണിവേഴ്സിറ്റി-ഇൻസ്റ്റിറ്റ്യൂട്ട് ഫോർ വാട്ടർ, എൻവയോൺമെന്റ് ആന്റ് ഹെൽത്തിന്റെ റിപ്പോർട്ടിൽ മുല്ലപ്പെരിയാറിന്റെ സുരക്ഷയിൽ ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് ജലവിഭവ സഹമന്ത്രി ബിശ്വേശ്വർ തുഡു ലോക്‌സഭയെ അറിയിച്ചത്. ‘കാലപ്പഴക്കമുള്ള ജലസംഭരണ സംവിധാനം: ഉയരുന്ന ആഗോള അപകട സാധ്യത’ എന്ന പേരിൽ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ടില്‍ കാലപ്പഴക്കം ചെന്നതിനാല്‍ പൊളിച്ചുമാറ്റേണ്ട വലിയ ഡാമുകളുടെ പട്ടികയിലും മുല്ലപ്പെരിയാർ ഉണ്ടെന്ന് മന്ത്രി അറിയിക്കുകയുണ്ടായി. കേന്ദ്ര ജലകമ്മിഷന്റെ മുന്നില്‍ 1978ല്‍ തന്നെ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഗുരുതരാവസ്ഥകള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് ലഭിച്ചുവെന്നും മന്ത്രി വെളിപ്പെടുത്തുകയുണ്ടായി. എന്നാല്‍ ഡാമുകളുടെ പരിപാലനവും പുതിയവ പണിയുകയും എന്നത് സംസ്ഥാന അധികാര പരിധിയില്‍പ്പെട്ടതാണെന്ന നിലപാടാണ് കേന്ദ്രം സ്വീകരിച്ചിരിക്കുന്നത്. കേരളവും തമിഴ്‌നാടുമായുള്ള പ്രശ്നമായി ഇതിനെ ലഘൂകരിക്കുവാനാണ് കേന്ദ്രം ശ്രമിക്കുന്നത്. അതിന് പകരം രണ്ടു സംസ്ഥാനങ്ങളുടെയും നിലപാടുകള്‍ മനസിലാക്കി സമവായത്തിലൂടെ തീരുമാനത്തിലെത്തുന്നതിനുള്ള നീക്കം കേന്ദ്രത്തിന്റെ ഭാഗത്തുനിന്നുണ്ടാകുന്നില്ല. ഏതായാലും മുല്ലപ്പെരിയാര്‍ അപകടാവസ്ഥയിലാണെന്നത് പൊതുവേ അംഗീകരിക്കപ്പെട്ട വസ്തുതയാണ്. പുതിയ ഡാമെന്ന നിലപാടില്‍ നിന്ന് കേരളം പിറകോട്ടുപോകുന്ന പ്രശ്നവുമില്ല. സുപ്രീംകോടതിയുടെയും ഉന്നതാധികാര സമിതിയുടെയും ഒക്കെ മുന്നിലുള്ള ഈ വിഷയത്തില്‍ എല്ലാവര്‍ക്കും സ്വീകാര്യമായ തീരുമാനം ഉണ്ടാകുമെന്ന് തന്നെ പ്രതീക്ഷിക്കാവുന്നതാണ്. അതേസമയം മഴ കൂടുതല്‍ പെയ്യുന്നുവെന്നതുകൊണ്ട് എക്കാലവും കേരളത്തെ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന സമീപനം ആശാസ്യമല്ല. അസമയങ്ങളിലും അര്‍ധരാത്രികളിലും ജലമൊഴുക്കിവിട്ട് ഉറക്കംപോലും നഷ്ടപ്പെടുത്തുന്ന സാഹചര്യം ആവര്‍ത്തിക്കരുത്. സംസ്ഥാനസര്‍ക്കാരിനെയും കോടിക്കണക്കിന് ജനങ്ങളെയും ഭീതിയിലാഴ്ത്തുന്ന സമീപനം തിരുത്തുവാന്‍ തമിഴ്‌നാട് സര്‍ക്കാരും ഉദ്യോഗസ്ഥ മേധാവികളും സന്നദ്ധമാകേണ്ടതുണ്ട്.

You may also like this video;

TOP NEWS

December 27, 2024
December 27, 2024
December 27, 2024
December 27, 2024
December 27, 2024
December 27, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.