22 November 2024, Friday
KSFE Galaxy Chits Banner 2

മുനമ്പത്ത് ആരെയും ഒഴിപ്പിക്കില്ല ; ജുഡീഷ്യൽ കമ്മിഷനെ നിയമിക്കുമെന്നും സർക്കാർ

സ്വന്തം ലേഖിക
തിരുവനന്തപുരം
November 22, 2024 7:37 pm

മുനമ്പം ഭൂമി വിഷയത്തില്‍ ജുഡിഷ്യല്‍ കമ്മിഷനെ നിയോഗിക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു. ഹൈക്കോടതി മുന്‍ ആക്ടിങ് ചീഫ് ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായരുടെ നേതൃത്വത്തിലാണ് കമ്മിഷന്‍. നിലവില്‍ ഒമ്പത് കേസുകള്‍ ഹൈക്കോടതിയിലും രണ്ട് കേസുകള്‍ വഖഫ് ട്രിബ്യൂണലിലും ഉണ്ട്. ഈ സാഹചര്യത്തിലാണ് നിയമപരമായ പരിരക്ഷ ഉറപ്പാക്കാന്‍ ശാശ്വത പരിഹാരമെന്ന നിലയില്‍ ജുഡീഷ്യല്‍ കമ്മിഷനെ നിയോഗിച്ചത്. 

ആരെയും കുടിയിറക്കാതെ ശാശ്വത പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് കമ്മിഷന്‍ രൂപീകരിക്കാന്‍ തീരുമാനിച്ചതെന്ന് മന്ത്രിമാരായ കെ രാജന്‍, പി രാജീവ്, വി അബ്ദുറഹ്മാന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഭൂമിയുടെ ഉടമസ്ഥാവകാശം അടക്കമുള്ള കാര്യങ്ങള്‍ കമ്മിഷന്‍ പരിശോധിക്കും. എല്ലാവശവും വിശദമായി പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ പ്രധാന തീരുമാനങ്ങള്‍ എടുത്തതായും മന്ത്രിമാര്‍ പറഞ്ഞു. വിശദമായ പഠനത്തിന് ശേഷം പ്രഖ്യാപനം നടത്തുന്നതാണ് ഉചിതം. ശാശ്വതമായ പരിഹാരത്തിന് കമ്മിഷന്‍ സഹായകരമാകുമെന്നും മന്ത്രിമാര്‍ പറഞ്ഞു.

കൈവശാവകാശം ഉള്ളവരുടെ നിയമപരമായ അവകാശം എങ്ങനെ സംരക്ഷിക്കാമെന്ന് പരിശോധിക്കാനാണ് കമ്മിഷനെ നിയോഗിച്ചത്. കമ്മിഷന് ആവശ്യമായ പിന്തുണാ സംവിധാനങ്ങള്‍ സര്‍ക്കാര്‍ നല്‍കും. നികുതി അടയ്ക്കുന്നത് കോടതി നേരത്തെ സ്റ്റേ ചെയ്തിരുന്നു. ഇത് പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട് തുടര്‍ നടപടികള്‍ സര്‍ക്കാര്‍ കോടതിയില്‍ സ്വീകരിക്കും. മൂന്ന് മാസത്തിനുള്ളില്‍ കമ്മിഷന്‍ എല്ലാ നടപടികളും പൂര്‍ത്തീകരിക്കണമെന്നാണ് തീരുമാനം.
തീരുമാനങ്ങള്‍ മുഖ്യമന്ത്രി സമരസമിതിയെ അറിയിക്കും. സമരം പിൻവലിക്കണമെന്ന് സർക്കാർ അഭ്യര്‍ത്ഥിച്ചു. ജനങ്ങള്‍ക്ക് ആശങ്ക വേണ്ടെന്നും കരം അടയ്ക്കാനുള്ള നിയമ നടപടിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്നും ഇതിനായി ഹൈക്കോടതിയിൽ റിവ്യു ഹര്‍ജി നല്‍കുമെന്നും മന്ത്രിമാര്‍ പറഞ്ഞു. ധ്രുവീകരണത്തിനല്ല, നിയമപരവും ശാശ്വതവുമായ പരിഹാരത്തിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. പക്വമായ നിലപാടാണ് സര്‍ക്കാര്‍ കൈക്കൊണ്ടിട്ടുള്ളത്. എല്ലാ വിഭാഗം ആളുകളും തീരുമാനം ഉള്‍ക്കൊള്ളണമെന്നും പിന്തുണയ്ക്കണമെന്നും മന്ത്രിമാര്‍ ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.