22 December 2024, Sunday
KSFE Galaxy Chits Banner 2

പുനര്‍ നിര്‍മ്മാണം തേടി മൂന്നാർ രാജപാത

Janayugom Webdesk
June 16, 2022 7:19 pm

സംസ്ഥാനത്തിന്റെ വിനോദ സഞ്ചാര മേഖലയ്ക്ക് വലിയ മുതൽ കൂട്ടായേക്കാവുന്ന ആലുവ — മൂന്നാർ രാജപാത വിസ്മൃതിയിലേക്ക്. കേന്ദ്ര വനം വകുപ്പിന്റെ കനിവും സംസ്ഥാന സർക്കാരിന്റെ അടിയന്തര ഇടപെടലുമുണ്ടായാലേ ചരിത്ര പ്രാധാന്യമുള്ള പാത വീണ്ടെടുക്കാനാവൂ.

ആലുവയിൽ നിന്നു തുടങ്ങി കോതമംഗലം, തട്ടേക്കാട്, കുട്ടമ്പുഴ, പൂയംകുട്ടി, തോൾനട, കുഞ്ചിയാർ, പെരുമ്പൻ കുത്ത്, മാങ്കുളം ലക്ഷ്മി എസ്റ്റേറ്റ് വഴി എളുപ്പത്തിൽ മൂന്നാറിലെത്തുന്നതാണ് പാത. ഇതുവഴി കോതമംഗലത്തു നിന്നു മൂന്നാറിലേക്കുള്ള ദൂരം 60 കിലോമീറ്ററാണ്. അതേസമയം, നിലവിലെ കൊച്ചി — ധനുഷ്കോടി ദേശീയ പാതയുടെ ഭാഗമായ ആലുവ — മൂന്നാർ റോഡിന്റെ ദൈർഘ്യം 80 കിലോമീറ്ററും.

1870‑ൽ യൂറോപ്യൻ പ്ലാന്റേഷൻ കമ്പനിക്കു വേണ്ടി സർ ജോൺ ഡാനിയേൽ മൺറോ എന്ന ബ്രിട്ടീഷുകാരൻ തിരുവിതാംകൂർ മഹാരാജാവിന്റെ അനുമതിയോടെ നിർമ്മിച്ച വനത്തിലൂടെയുള്ള പാതയാണിത്.

1924‑ലെ വെള്ളപ്പൊക്കത്തിന്റെ ഫലമായി പൂയംകുട്ടിക്കും പെരുമ്പൻ കുത്തിനുമിടയിൽ മല ഇടിഞ്ഞു വീണ് പാതയിലൂടെയുള്ള സഞ്ചാരം ഭാഗികമായി ദുർഘടമാവുകയും പുനർ നിർമ്മാണത്തിനുള്ള ശ്രമങ്ങൾ വിഫലമാവുകയും ചെയ്തപ്പോൾ 1931 — 32 കാലയളവിൽ പുതുതായി നിർമ്മിച്ചതാണ് ഇന്നത്തെ ആലുവ — മൂന്നാർ റോഡ്.

മലയിടിഞ്ഞു വഴി മുടങ്ങിയെങ്കിലും പാതയുടെ ചില ഭാഗങ്ങൾ സഞ്ചാരത്തിനായി ഉപയോഗിച്ചിരുന്നു. 15 വർഷം മുമ്പ്, പൂയംകുട്ടി കുണ്ടുപാറയ്ക്കു സമീപം ബോർഡ് സ്ഥാപിച്ച് പാത അടച്ച് ഇതുവഴിയുള്ള യാത്ര പൂർണ്ണമായി അധികൃതർ നിരോധിക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.

അതേസമയം, റോഡ് കയ്യേറ്റം മൂലവും മരങ്ങൾ വളർന്നും വീതി കുറഞ്ഞ്, പൊട്ടിപ്പൊളിഞ്ഞ് പാത തീർത്തും സഞ്ചാരത്തിനു പറ്റാതായതിനാലാണ് യാത്ര നിരോധിച്ചിരിക്കുന്നതെന്നാണ് അധികൃതരുടെ വിശദീകരണം. ആലുവയിൽ നിന്നു തുടങ്ങി പെരുമ്പൻകുത്ത് എത്തുന്നതുവരെയുള്ള പാത പൊതുമരാമത്തു വകുപ്പിനു കീഴിലാണ്. ബാക്കി ഭാഗം വനം വകുപ്പിന്റെ കൈവശവും. കേന്ദ്രാനുമതിയും സംസ്ഥാന വകുപ്പുകളുടെ ഏകോപിച്ചുള്ള നീക്കവുമാണ് ഇവിടെ ആവശ്യം.

നിലവിലെ ആലുവ — മൂന്നാർ റോഡ് കുത്തനെയുള്ള ഒട്ടേറെ കയറ്റങ്ങളും വളവുകളുമുള്ളതാണ്. കൊടും വളവുകളും കയറ്റങ്ങളുമില്ലാത്തതും സുരക്ഷിത യാത്രയ്ക്ക് യോഗ്യവുമാണ്, മൂന്നാറിലേക്കുള്ള സമാന്തര പാതയായി ഉപയോഗിക്കാവുന്ന കോതമംഗലം — മൂന്നാർ രാജപാത. മനോഹരമായ പ്രകൃതി ദൃശ്യങ്ങളാൽ സമ്പന്നവുമാണ് ഇവിടം.

ബ്രിട്ടീഷ് സാങ്കേതിക വിദ്യയുപയോഗിച്ച് നിർമ്മിച്ചതും 1924‑ലെയും 2018‑ലെയും മഹാപ്രളയങ്ങളെ അതിജീവിച്ചതുമായ പാലങ്ങളും കലുങ്കുകളുമുണ്ട് പാതയിൽ. 163 വർഷം പഴക്കമുള്ള പെരുമ്പൻ കുത്ത് പാലം അതിൽ മുഖ്യം.

പെരുമ്പൻകുത്ത് — പിണ്ടിമേട് — മാങ്കുളം വിരിപ്പാറ വെള്ളച്ചാട്ടങ്ങൾ, മുനിയറകൾ, തൂക്കുപാലം, വന്യജീവികളുടെ സ്വൈരവിഹാരം, കുട്ടമ്പുഴ ആനക്കയം, തട്ടേക്കാട് പക്ഷിസങ്കേതം തുടങ്ങി സഞ്ചാരികളെയും പ്രകൃതി സ്നേഹികളെയും ആകർഷിക്കുന്ന ഒട്ടേറെ സവിശേഷതകൾ രാജപാതയിലുണ്ട്. ട്രക്കിങ്ങിനായി ധാരാളം പേർ പാത തെരഞ്ഞെടുക്കുന്നു.

രാജപാതയുടെ വീണ്ടെടുപ്പ്, വിനോദ സഞ്ചാര മേഖലയ്ക്ക് മുതൽക്കൂട്ട് എന്നതിനു പുറമെ, കുട്ടമ്പുഴ — മാങ്കുളം പഞ്ചായത്തുകളുടെയും ഇടമലക്കുടി ആദിവാസി സമൂഹമുൾപ്പെടെയുള്ള ജനസഞ്ചയത്തിന്റെ നാനാമുഖമായ ഉയർച്ചയ്ക്കും വഴി തുറക്കും.

Eng­lish summary;Munnar rajap­atha seek­ing reconstruction
You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.