16 September 2024, Monday
KSFE Galaxy Chits Banner 2

Related news

September 11, 2024
August 24, 2024
August 13, 2024
August 9, 2024
August 8, 2024
August 6, 2024
July 26, 2024
July 24, 2024
July 23, 2024
July 9, 2024

വനിതാ ഡോക്ടറുടെ കൊ ലപാതകം; സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

Janayugom Webdesk
കൊല്‍ക്കത്ത
August 13, 2024 9:00 pm

ആര്‍ജി കര്‍ മെഡിക്കല്‍ കോളജില്‍ പിജി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് കൊല്‍ക്കത്ത ഹൈക്കോടതി. കേസുമായി ബന്ധപ്പെട്ട രേഖകള്‍ എല്ലാം ഉടന്‍ സിബിഐക്ക് കൈമാറണമെന്ന് കോടതി നിര്‍ദേശിച്ചു. സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ കുടുംബം ഉള്‍പ്പടെ നിരവധി പേര്‍ കോടതിയെ സമീപിച്ചിരുന്നു. കേസില്‍ പശ്ചിമബംഗാള്‍ സര്‍ക്കാരിനെതിരേ കോടതി കടുത്ത വിമര്‍ശനമാണ് നടത്തിയത്. സംഭവത്തില്‍ എന്തുകൊണ്ട് ആദ്യം കൊലപാതക കേസ് രജിസ്റ്റര്‍ ചെയ്തില്ലെന്ന് ചീഫ് ജസ്റ്റിസ് ടി എസ് ശിവജ്ഞാനം, ജസ്റ്റിസ് ഹിരൺമയ് ഭട്ടാചാര്യ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ചോദിച്ചു. സംസ്ഥാന പൊലീസിന്റെ പക്കലുള്ള കേസിനെ സംബന്ധിച്ച എല്ലാവിവരങ്ങളും രേഖകളും സിബിഐയ്ക്ക് കൈമാറണമെന്നും കോടതി നിര്‍ദേശിച്ചു. സിസിടിവി ദൃശ്യങ്ങളും കൈമാറണം. 

ആര്‍ജി കര്‍ കോളജ് പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷിനോട് ദീര്‍ഘകാല അവധിയില്‍ പ്രവേശിക്കാനും കോടതി നിര്‍ദേശിച്ചു. കേസില്‍ കോളജ് പ്രിന്‍സിപ്പലിനെയാണ് ആദ്യം ചോദ്യംചെയ്യേണ്ടിയിരുന്നതെന്ന് കോടതി അഭിപ്രായപ്പെട്ടു. ഡോക്ടറുടെ ക്രൂര കൊലപാതകം ഉണ്ടായതിന് ശേഷം, തിങ്കളാഴ്ച രാവിലെയാണ് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷ് ബംഗാള്‍ സര്‍ക്കാരിന് രാജിക്കത്ത് നല്‍കിയത്. എന്നാല്‍ മണിക്കൂറുകള്‍ക്കകം അദ്ദേഹത്തെ കൊല്‍ക്കത്ത നാഷണല്‍ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ആയി സര്‍ക്കാര്‍ നിയമിക്കുകയായിരുന്നു. ഒരു സംഭവത്തിന്റെ ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവെച്ച പ്രിന്‍സിപ്പലിനെ എങ്ങനെ മറ്റൊരു കോളജില്‍ നിയമിക്കുമെന്നും കോടതി ചോദിച്ചിരുന്നു.

കൊല്‍ക്കത്തയിലെ ആര്‍ജി കര്‍ മെഡിക്കല്‍ കോളജിലെ പിജി ട്രെയിനി ഡോക്‌ടറാണ് കൊല്ലപ്പെട്ടത്. ഈ മാസം ഒമ്പതിനായിരുന്നു സംഭവം. ആശുപത്രിയിലെ സെമിനാർ ഹാളിലാണ് അര്‍ധ നഗ്‌നയായി യുവ ഡോക്‌ടറുടെ മൃതദേഹം കണ്ടെത്തിയത്. ക്രൂരപീഡനത്തെ തുടര്‍ന്ന് രഹസ്യഭാഗങ്ങളിലുള്‍പ്പെടെ ഗുരുതരമായ മുറിവുകളുണ്ടായിരുന്നതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയത്. തൈറോയിഡ് ഗ്രന്ഥി തകര്‍ന്ന നിലയിലായിരുന്നു. കണ്ണുകളില്‍ നിന്നുള്‍പ്പെടെ രക്തം വാര്‍ന്നിരുന്നു. പുലര്‍ച്ചെ മൂന്നിനും അഞ്ചിനും ഇടയിലാണ് മരണം സംഭവിച്ചതെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പൊലീസ് വൊളന്റിയര്‍ നേരത്തെ പൊലീസിനോട് കുറ്റം സമ്മതിച്ചിരുന്നു. 

Eng­lish Sum­ma­ry: Mur­der of female doc­tor; High Court orders CBI probe
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.