16 September 2024, Monday
KSFE Galaxy Chits Banner 2

Related news

September 11, 2024
September 8, 2024
September 6, 2024
September 5, 2024
August 19, 2024
August 18, 2024
July 3, 2024
May 28, 2024
April 29, 2024
April 21, 2024

വനിതാ ഡോക്ടറുടെ കൊലപാതകം; പ്രതിഷേധം തുടരുന്നു

Janayugom Webdesk
കൊല്‍ക്കത്ത
August 19, 2024 11:12 pm

ആര്‍ജി കര്‍ ആശുപത്രിയില്‍ ക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട വനിതാ ഡോക്ടര്‍ക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് കൊല്‍ക്കത്തയില്‍ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ നടക്കുന്ന സമരം കൂടുതല്‍ ശക്തമായി. പ്രതിഷേധക്കാര്‍ മനുഷ്യച്ചങ്ങല തീര്‍ത്തതോടെ തലസ്ഥാന നഗരം സ്തംഭിച്ചു. ആര്‍ജി കര്‍ മെഡിക്കല്‍ കോളജിലെ പൂര്‍വവിദ്യാര്‍ത്ഥികളായ പ്രശസ്ത ഡോക്ടര്‍മാരും വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി ഇന്നലെ സമരരംഗത്തെത്തിയിരുന്നു. പ്രതിഷേധത്തെ തുടര്‍ന്ന് സംസ്ഥാനത്തെ ആരോഗ്യപരിപാലന സേവനങ്ങള്‍ താറുമാറായിരിക്കുകയാണ്. പ്രത്യേകിച്ചും സര്‍ക്കാര്‍ ആശുപത്രികളില്‍. 

യഥാര്‍ത്ഥ കുറ്റവാളികളെ കണ്ടെത്തി ശിക്ഷിക്കുക, ജോലിസ്ഥലത്ത് സുരക്ഷയുറപ്പാക്കുക, കൊല്ലപ്പെട്ട ഡോക്ടറുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവിടുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. ഡോക്ടര്‍മാരുടെ അഭാവത്തില്‍ ഇന്നലെയും സര്‍ക്കാര്‍ ആശുപത്രികളില്‍ നീണ്ട നിരയാണുണ്ടായത്. 36 മണിക്കൂര്‍ തുടര്‍ച്ചയായി രോഗികളെ ശുശ്രൂഷിക്കുന്നതിനിടെയാണ് വനിതാ ഡോക്ടര്‍ കൊല്ലപ്പെട്ടതെന്നും മൃതദേഹം കണ്ടെത്തി 11 ദിവസം പിന്നിടുമ്പോഴും സര്‍ക്കാര്‍ മൗനം തുടരുകയാണെന്നും പ്രതിഷേധം നടത്തുന്ന ഡോക്ടര്‍മാരില്‍ ഒരാള്‍ പറഞ്ഞു. ഞങ്ങളുടെ സഹോദരിക്ക് നീതി ലഭിക്കുന്നതുവരെ സമരം തുടരുമെന്നും അദ്ദേഹം പറഞ്ഞു. 

കൊല്‍ക്കത്തയ്ക്ക് പുറമെ രാജ്യവ്യാപകമായി സമരങ്ങളും പ്രതിഷേധറാലികളും നടക്കുന്നുണ്ട്. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് തൊഴിലിടങ്ങളില്‍ സുരക്ഷയുറപ്പാക്കുന്നതിനാവശ്യമായ നിയമനിര്‍മ്മാണം നടത്തണമെന്നാശ്യപ്പെട്ടാണ് മറ്റ് സംസ്ഥാനങ്ങളിലെ ആരോഗ്യപ്രവര്‍ത്തകര്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചത്. ഡല്‍ഹി അടക്കമുള്ള വിവിധ കേന്ദ്രങ്ങളില്‍ ഇന്നലെ പ്രതിഷേധം നടന്നു. അതിനിടെ രാജ്യത്തെ ആശുപത്രികളില്‍ സുരക്ഷ വര്‍ധിപ്പിക്കാന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം നിര്‍ദേശം നല്‍കി. കൊലപാതകത്തിൽ സുപ്രീം കോടതി സ്വമേധയാ കേസെടുത്തിരുന്നു. ഇന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ജെ ബി പര്‍ദിവാല, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് വിഷയം പരിഗണിക്കും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.