26 June 2024, Wednesday
KSFE Galaxy Chits

മ്യൂസിയങ്ങൾ‑പൈതൃക വഴിയിലെ സൂര്യതേജസ്

രാമചന്ദ്രൻ കടന്നപ്പള്ളി
(മ്യൂസിയം, പുരാവസ്തു, പുരാരേഖാ വകുപ്പ് മന്ത്രി)
May 18, 2024 4:30 am

ഭൂതകാലം വർത്തമാനത്തിലേക്കും ഭാവിയിലേക്കുമുള്ള വെളിച്ചമാണ്. വർത്തമാനകാലത്ത് നിന്ന് ആയിരക്കണക്കിന് വർഷം പിന്നിലേക്ക് നീണ്ടുകിടക്കുന്ന ചരിത്രവീഥികളിൽ പ്രകാശം ചൊരിയുന്ന ഗോപുരങ്ങളാണ് മ്യൂസിയങ്ങൾ. അവ നമ്മെ ഇന്നലെകളുടെ പാഠങ്ങൾ ഓർമ്മിപ്പിച്ചുകൊണ്ട് ഭാവിയുടെ നൂതന മേഖലകളിലേക്ക് നയിക്കുന്നു. മ്യൂസിയങ്ങളെ വെറും കാഴ്ചബംഗ്ലാവുകളായി കണ്ടിരുന്ന പഴയ കാലം മാറി. ഇന്ന് അറിവിന്റെയും ചരിത്ര യാഥാർത്ഥ്യങ്ങളുടെയും നേർസാക്ഷ്യങ്ങളാണ് അവയെന്ന് നാം തിരിച്ചറിയുന്നു.
മഹത്തായ പൈതൃകങ്ങളെയും ചരിത്രത്തെയും തമസ്കരിക്കാനുള്ള ബോധപൂർവമായ ശ്രമങ്ങൾ നടക്കുന്ന വർത്തമാനകാലത്ത് മ്യൂസിയങ്ങളുടെ പ്രസക്തി വർധിക്കുകയാണ്. ‘കഥ പറയുന്ന മ്യൂസിയങ്ങൾ’ എന്നതാണ് ആധുനിക സങ്കല്പം. ഇവിടെ ഓരോ മ്യൂസിയവും പറയുന്ന കഥകൾ കേവലം കാല്പനികമല്ല, മറിച്ച് അവിടുത്തെ പ്രദർശന വസ്തുക്കളുടെ നേർസാക്ഷ്യങ്ങളുടെ ചരിത്രമാണ്. ഇതുകൊണ്ടുതന്നെ സങ്കുചിതവും വിഭാഗീയവുമായ പരിഗണനകൾക്കതീതമായ മ്യൂസിയങ്ങൾ സത്യം മാത്രം പറയുന്ന ഇടങ്ങളാണ്. ലോകമെമ്പാടും പൈതൃകത്തിന്റെ ഈ കാവൽപ്പുരകളെയും അതിൽ പ്രദർശിപ്പിക്കപ്പെടുന്ന വസ്തുക്കളെയും അക്കാദമിക ഗവേഷണങ്ങൾക്ക് ഉപയുക്തമാക്കിക്കൊണ്ട് ചരിത്ര നിർമ്മിതിക്കുതകും വിധം പ്രയോജനപ്പെടുത്തിവരുന്നു. 

1872ൽ ഫ്രഞ്ച് നാഷണൽ കമ്മിഷൻ, മ്യൂസിയങ്ങൾ സമൂഹത്തിന്റെ സ്വത്താണെന്ന് പ്രഖ്യാപിച്ചു. മ്യൂസിയം ശാസ്ത്രം ഒരു പ്രത്യേക ശാഖയായി വളർന്നു. തുടർന്ന് ഇന്റർനാഷണൽ കൗൺസിൽ ഓഫ് മ്യൂസിയം (ഐസിഒഎം) എന്ന സംഘടനയ്ക്ക് രൂപം നൽകുകയും, സംഘടനയുടെ നേതൃത്വത്തിൽ 1977മുതൽ എല്ലാ വർഷവും മേയ് 18 അന്താരാഷ്ട്ര മ്യൂസിയം ദിനമായി ആചരിച്ചുവരികയും ചെയ്യുന്നു. 1992 മുതൽ ഈ ദിനത്തിൽ ഒരു വാർഷിക പ്രമേയം പ്രഖ്യാപിച്ചുവരുന്നു. ‘മൃഗങ്ങളും പരിസ്ഥിതിയും’ എന്നതായിരുന്നു ആദ്യത്തേത്. ‘മ്യൂസിയങ്ങൾ വിദ്യാഭ്യാസത്തിനും ഗവേഷണത്തിനും’ എന്നതാണ് ഈ വർഷത്തെ മ്യൂസിയം ദിന പ്രമേയം. മ്യൂസിയങ്ങളുടെ സൃഷ്ടിപരമായ അഭിലാഷങ്ങളും പരിശ്രമങ്ങളും കൂടുതൽ ഏകീകരിക്കാനും സാമൂഹ്യവികാസത്തിൽ അവയുടെ പ്രസക്തിയെയും ഈ രംഗത്തെ വെല്ലുവിളികളെയും കുറിച്ച് അവബോധം സൃഷ്ടിക്കാനുമാണ് ഈ ദിവസം കൊണ്ട് ഉദ്ദേശിക്കുന്നത്.
1814ൽ സ്ഥാപിക്കപ്പെട്ട ‘ഇന്ത്യൻ മ്യൂസിയം കൽക്കട്ട’യാണ് ഇന്ത്യയിലെ ആദ്യത്തെ മ്യൂസിയം. കേരളത്തിൽ ആദ്യമായി പൊതുജനങ്ങൾക്കായി ഒരു മ്യൂസിയം സ്ഥാപിക്കപ്പെട്ടത് 1857ല്‍‍ തിരുവിതാംകൂറിലായിരുന്നു. ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മയുടെ കാലത്ത് ബ്രിട്ടീഷ് ഭൗതിക ശാസ്ത്രജ്ഞനും തിരുവിതാംകൂർ വാനനിരീക്ഷണ കേന്ദ്രത്തിന്റെ ഡയറക്ടറുമായിരുന്ന അലൻ ബ്രൗൺ ആയിരുന്നു ഇതിനു പിന്നിൽ പ്രവർത്തിച്ചത്. അദ്ദേഹത്തിന്റെ സ്വകാര്യ പുരാവസ്തു ശേഖരവുമായി തുടങ്ങിയ മ്യൂസിയം പിന്നീട് 1880ൽ ആയില്യം തിരുനാൾ മഹാരാജാവിന്റെ കാലത്ത് ‘നേപ്പിയർ മ്യൂസിയ’മായി പരിവർത്തനം ചെയ്യപ്പെട്ടു. ഇൻഡോ-മുഗൾ ശൈലിയിൽ പ്രശസ്ത ബ്രിട്ടീഷ് വാസ്തുശില്പി റോബർട്ട് ചിഷോം രൂപകല്പന ചെയ്തു സ്ഥാപിച്ച ഒന്നര നൂറ്റാണ്ടിലേറെ പൈതൃകമുള്ളതും തലസ്ഥാന നഗരിയിൽ പ്രൗഢിയോടെ ഇന്നും തലയുയർത്തി നിൽക്കുന്നതുമായ പൈതൃക മന്ദിരം തന്നെ ഒരു മ്യൂസിയമാണ്. കോയിക്കൽ കൊട്ടാരം, തൃശൂർ കൊല്ലങ്കാേട്, കായംകുളം കൃഷ്ണപുരം കൊട്ടാരം, കോഴിക്കോട് പഴശിരാജ, വയനാട് പഴശി കുടീരം എന്നിവ നവീകരിക്കുകയും, മലപ്പുറം തിരൂരങ്ങാടി പൈതൃക മ്യൂസിയം, പയ്യന്നൂർ ഗാന്ധി സ്മൃതി മ്യൂസിയം എന്നിവ പുതുതായി സ്ഥാപിക്കുകയും ചെയ്തു.
ലോകത്ത് തന്നെ അപൂർവവും അത്ഭുതമുളവാക്കുന്നതുമായ താളിയോലകളുടെ നിധി ശേഖരമാണ് സംസ്ഥാന ആർക്കൈവ്സ്. ഇവയുടെ ശാസ്ത്രീയ സംരക്ഷണത്തിനു പുറമെ ഈ വർഷത്തെ മ്യൂസിയം ദിന പ്രമേയത്തിന് അനുഗുണമായി ഒരു അന്താരാഷ്ട്ര പഠന ഗവേഷണ കേന്ദ്രത്തിന്റെ നിർമ്മാണം കാര്യവട്ടം കാമ്പസിൽ പുരോഗമിക്കുകയുമാണ്. സംസ്ഥാന പുരാരേഖ വകുപ്പിൻ കീഴിൽ വൈക്കം സത്യഗ്രഹ സ്മാരക മ്യൂസിയം, താളിയോല മ്യൂസിയം, കയ്യൊപ്പ് രേഖാലയം എന്നിവ സ്ഥാപിച്ചു. ജില്ലകളിൽ ഹെറിറ്റേജ് സെന്ററുകൾ സ്ഥാപിച്ചുവരുന്നു. സംസ്ഥാനത്ത് വിവിധ വകുപ്പുകളുടെ കീഴിൽ വ്യത്യസ്തങ്ങളായ മ്യൂസിയങ്ങൾ സ്ഥാപിച്ചുവരുന്നുണ്ട്. ഇത്തരം മ്യൂസിയങ്ങൾ സ്ഥാപിക്കുന്നതിനും പരിപാലിക്കുന്നതിനുമായി സർക്കാർ ‘കേരളം മ്യൂസിയം’ (ഐഎംസികെ) എന്ന ഒരു നോഡൽ ഏജൻസി രൂപീകരിച്ചിട്ടുണ്ട്. മ്യൂസിയം സ്ഥാപനത്തിലും പരിപാലനത്തിലും ശ്രദ്ധേയമായ നേട്ടങ്ങളാണ് കേരളം മ്യൂസിയം ഈ കാലയളവിൽ കൈവരിച്ചത്. 

2014 എല്‍ഡിഎഫ് സർക്കാരിന്റെ കാലത്തുതന്നെ നവീന പരിപ്രേക്ഷ്യത്തിൽ മ്യൂസിയങ്ങൾ നവീകരിക്കുമെന്നും പുതിയ മ്യൂസിയങ്ങൾ സ്ഥാപിക്കുന്നതിനുള്ള വ്യത്യസ്തങ്ങളായ കർമ്മ പദ്ധതികൾ ആവിഷ്കരിച്ചിരുന്നു. അതിനുമുമ്പ് തിരുവനന്തപുരം, എറണാകുളം, തൃശൂർ, കോഴിക്കോട് തുടങ്ങി ഏതാനും ജില്ലകളിൽ മാത്രം ഒതുങ്ങിനിന്നിരുന്ന മ്യൂസിയം ശൃംഖലയെ സംസ്ഥാനത്തുടനീളം വ്യാപിപ്പിക്കാൻ ഈകാലയളവിൽ സാധിച്ചു. സംസ്ഥാന മ്യൂസിയം വകുപ്പിന് കീഴിൽ തിരുവനന്തപുരം മ്യൂസിയം സമുച്ചയത്തിലുള്ള മുഴുവൻ ഗാലറികളും അന്താരാഷ്ട്ര നിലവാരത്തിൽ നവീകരിച്ചുകൊണ്ട് നാച്വറൽ ഹിസ്റ്ററി മ്യൂസിയത്തെ ഇന്ത്യയിലെ തന്നെ മികച്ചതാക്കി മാറ്റി. കണ്ണൂർ കൈത്തറി മ്യൂസിയം, പെരളശ്ശേരി എകെജി സ്മൃതി മ്യൂസിയം, ചന്തപ്പുര തെയ്യം മ്യൂസിയം, വയനാട് കുങ്കിച്ചിറ മ്യൂസിയം, ചെമ്പന്തൊട്ടി ബിഷപ്പ് വള്ളോപ്പള്ളി സ്മാരക മ്യൂസിയം എന്നിവ ഇക്കൂട്ടത്തിൽപ്പെടുന്നു. കോഴിക്കോട് കൃഷ്ണമേനോൻ മ്യൂസിയവും തൃശൂർ മ്യൂസിയവും നവീകരിച്ചു.
മഹാനായ രാജാ രവിവർമ്മ വരച്ച ചിത്രങ്ങളുടെ അമൂല്യ നിധിശേഖരമാണ് നമ്മുടെ ആർ‌ട്ട് ഗാലറി. അവയുടെ പ്രദർശനത്തിനായി ആധുനിക രീതിയിലുള്ള ഒരു ഗാലറി തന്നെ പുതുതായി നിർമ്മിച്ചു. ചിത്രങ്ങളുടെ ശാസ്ത്രീയ സംരക്ഷണത്തിന് വേണ്ടി ഒരു കൺസർവേഷൻ ലബോറട്ടറിയും സ്ഥാപിച്ചു. പത്മനാഭപുരം കൊട്ടാരം പോലുള്ള സംരക്ഷിത സ്മാരകങ്ങൾ തന്നെ മികവുറ്റ മ്യൂസിയങ്ങളാണ്. അത്തരം കേന്ദ്രങ്ങളും അവയുടെ തന്നെ കഥപറയുന്ന പുരാവസ്തു ചരിത്ര മ്യൂസിയങ്ങളും നവീകരിക്കപ്പെട്ടു. എല്ലാ ജില്ലകളിലും ജില്ലാ പൈതൃക മ്യൂസിയങ്ങൾ എന്ന പദ്ധതി സർക്കാർ ആവിഷ്കരിച്ച് നടപ്പാക്കി വരുന്നു. സംസ്ഥാന മ്യൂസിയം, ജില്ലാ പൈതൃകമ്യൂസിയങ്ങൾ, പ്രാദേശിക മ്യൂസിയങ്ങൾ എന്നിങ്ങനെ വ്യത്യസ്തങ്ങളായ കഥപറയുന്ന നവീനമായ ഒരു മ്യൂസിയം ശൃംഖലതന്നെയാണ് സംസ്ഥാനത്ത് വളർന്നു വരുന്നത്. 

എല്‍ഡിഎഫ് തുടര്‍ സർക്കാരിന്റെ പ്രകടന പത്രികയിലും മ്യൂസിയങ്ങൾക്ക് മികച്ച പരിഗണനയാണ് നൽകിയിട്ടുള്ളത്. വ്യത്യസ്തങ്ങളായ മ്യൂസിയങ്ങളെ അവലോകനം ചെയ്യുന്നതിനും മാർഗനിർദേശങ്ങൾ സമർപ്പിക്കുന്നതിനും മ്യൂസിയം കമ്മിഷന്‍ നിയമിക്കുമെന്ന പ്രകടന പത്രികയിലെ വാഗ്ദാനം നടപ്പിലാക്കുന്നതിനുള്ള പ്രാഥമിക നടപടികൾ സ്വീകരിച്ചുവരികയാണ്. അറിവിന്റെ കേന്ദ്രങ്ങളും ചരിത്ര സത്യങ്ങളുടെ സൂക്ഷിപ്പു കേന്ദ്രങ്ങളുമായ മ്യൂസിയങ്ങൾ സമൂഹത്തിന്റെ സ്വത്താണെന്നും ഈ അറിവ് ഏതൊരു പൗരനും നേരിട്ട് സ്വായത്തമാക്കാവുന്നതാണെന്നും നാം തിരിച്ചറിയണം. വിദ്യാഭ്യാസ പ്രക്രിയയിൽ മ്യൂസിയം സന്ദർശനവും പഠനപ്രവർത്തനങ്ങളുടെ ഭാഗമായ ഗവേഷണങ്ങളുടെ കേന്ദ്രമായി മ്യൂസിയങ്ങൾ മാറുകയും ചെയ്യുന്നത് ഈ രംഗത്ത് പുത്തനുണർവുണ്ടാക്കും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.