
പ്രവേശനം നേടിയ വിദ്യാർത്ഥികളിൽ മുസ്ലിങ്ങള്‍ ഉള്‍പ്പെട്ടതിനെതിരെ ഹിന്ദുത്വ സംഘടനകൾ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് ജമ്മു കശ്മീരിലെ റിയാസി ജില്ലയിൽ സ്ഥിതി ചെയ്യുന്ന ശ്രീമാതാ വൈഷ്ണോ ദേവി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എക്സലൻസിന് നൽകിയ എംബിബിഎസ് പ്രവേശന അനുമതി ദേശീയ മെഡിക്കൽ കമ്മിഷൻ റദ്ദാക്കി. കോളജിലെ ആദ്യ ബാച്ചിലേക്കുള്ള പ്രവേശനപ്പട്ടിക പുറത്തുവന്നതിന് പിന്നാലെയാണ് ഹിന്ദുത്വ സംഘടനകൾ വലിയ പ്രതിഷേധവുമായി രംഗത്തെത്തിയത്. 2025–26 അധ്യയന വർഷത്തേക്ക് 50 സീറ്റുകളിലേക്കാണ് സെപ്റ്റംബറിൽ അനുമതി നൽകിയിരുന്നത്. ഇതില്‍ പ്രവേശനം നേടിയവരിൽ ഭൂരിഭാഗവും (42 പേർ) മുസ്ലിം വിദ്യാർത്ഥികളായതാണ് പ്രതിഷേധത്തിന് കാരണമായത്. ക്ഷേത്ര ബോർഡ് ഫണ്ട് ഉപയോഗിച്ച് നടത്തുന്ന സ്ഥാപനത്തിൽ ഹിന്ദു വിദ്യാർത്ഥികൾക്ക് മുൻഗണന നൽകണമെന്നായിരുന്നു സമരക്കാരുടെ ആവശ്യം. ബിജെപി പിന്തുണയോടെ ‘ശ്രീ മാതാ വൈഷ്ണോ ദേവി സംഘർഷ് സമിതി’ രൂപീകരിച്ച് ജമ്മു സിവില്‍ സെക്രട്ടേറിയറ്റിന് മുന്നിലടക്കം പ്രതിഷേധം നടത്തിയിരുന്നു.
എന്നാൽ, അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും മാനദണ്ഡങ്ങളിലെ വീഴ്ചയുമാണ് അംഗീകാരം റദ്ദാക്കുന്നതിനുള്ള കാരണമായി കമ്മിഷന്‍ വിശദീകരിക്കുന്നത്. ജനുവരി രണ്ടിന് എൻഎംസി നടത്തിയ പരിശോധനയില്‍ ഗുരുതര വീഴ്ചകൾ കണ്ടെത്തിയെന്നാണ് എംഎന്‍സി പറയുന്നത്. അധ്യാപക തസ്തികകളിൽ 39%, സീനിയർ റസിഡന്റ് തസ്തികകളിൽ 65% കുറവ് കണ്ടെത്തി. ലാബുകളുടെ അഭാവം, ലൈബ്രറിയിൽ ആവശ്യത്തിന് പുസ്തകങ്ങളില്ലാത്ത അവസ്ഥ, മതിയായ ഓപ്പറേഷൻ തിയേറ്ററുകളുടെ കുറവ് എന്നിവ റിപ്പോർട്ടിൽ പറയുന്നു മാനദണ്ഡങ്ങൾ അനുസരിച്ച് ഉണ്ടാകേണ്ട രോഗികളുടെ എണ്ണവും ആശുപത്രിയിൽ കുറവാണെന്ന് കമ്മിഷൻ വിലയിരുത്തി.
അതേസമയം, പ്രവേശനം നീറ്റ് മെറിറ്റ് അടിസ്ഥാനത്തിലാണെന്നും മതപരമായ വിവേചനം ഭരണഘടനാ വിരുദ്ധമാണെന്നും മുഖ്യമന്ത്രി ഒമർ അബ്ദുള്ള നേരത്തെ വ്യക്തമാക്കിയിരുന്നു. അനുമതി റദ്ദാക്കിയ സാഹചര്യത്തിൽ, നിലവിൽ പ്രവേശനം നേടിയ വിദ്യാർത്ഥികളുടെ പഠനം മുടങ്ങില്ലെന്ന് എൻഎംസി ഉറപ്പുനൽകി. ജമ്മു കശ്മീരിലെ മറ്റ് സർക്കാർ മെഡിക്കൽ കോളജുകളിൽ സൂപ്പർന്യൂമററി സീറ്റുകൾ സൃഷ്ടിച്ച് ഇവരെ മാറ്റി നിയമിക്കാൻ എൻഎംസി ഉത്തരവിട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.