25 January 2026, Sunday

മുട്ടിൽ മരംമുറി: റോജി അഗസ്റ്റിന്‍ കര്‍ഷകരുടെ വ്യാജ ഒപ്പിട്ടതായി കണ്ടെത്തല്‍

Janayugom Webdesk
കല്‍പ്പറ്റ
July 22, 2023 11:48 pm

വിവാദമായ മുട്ടില്‍ മരംമുറി കേസില്‍ പ്രധാന പ്രതി റോജി അഗസ്റ്റിന്‍ കര്‍ഷകരുടെ വ്യാജ ഒപ്പിട്ടതായി കണ്ടെത്തല്‍. മുറിച്ചിട്ട ഈട്ടി മരങ്ങള്‍ കൊണ്ടുപോകാന്‍ കര്‍ഷകരുടെ വ്യാജ ഒപ്പ് ഇട്ടാണ് ഇയാള്‍ അപേക്ഷ സമര്‍പ്പിച്ചതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഫോറന്‌സിക് സയന്‍സ് ലാബില്‍ നടത്തിയ പരിശോധനയിലാണ് അപേക്ഷയിലെ കൈയക്ഷരം റോജിയുടെതാണെന്നും ഒപ്പുകള്‍ കര്‍ഷകരുടേതല്ലെന്നും കണ്ടെത്തിയിരിക്കുന്നത്. ആദിവാസികള്‍ അടക്കാം ഏഴ്ക കര്‍ഷകരുടെ പേരിലാണ് റോജി അഗസ്റ്റിന്‍ ഇത്തരത്തില്‍ വ്യാജ അപേക്ഷകള്‍ മുട്ടില്‍ സൗത്ത് വില്ലേജ് ഓഫിസില്‍ സമര്‍പ്പിച്ചത്. ഇതനുസരിച്ച് വില്ലേജ് ഓഫിസര്‍ മരം കൊണ്ടുപോകാന്‍ സാക്ഷ്യപത്രം നല്‍കിയിരുന്നു.

എന്നാല്‍ മരങ്ങള്‍ക്ക് കൂടുതല്‍ വര്‍ഷത്തെ പഴക്കമുണ്ടെന്ന് മനസിലാക്കിയ മേപ്പാടി ഫോറസ്റ്റ് റെയിഞ്ചര്‍ പാസ് അനുവദിക്കാതിരിക്കുകയായിരുന്നു. മുട്ടില്‍ സൗത്ത് വില്ലേജിലെ തൃക്കൈപ്പറ്റയില്‍ സര്‍ക്കാറിലേക്ക് നിക്ഷിപ്തമായ 104 ഈട്ടി മരങ്ങളാണ് മുറിച്ചത്. 1964നുശേഷം നട്ടുവളര്‍ത്തിയതും പൊടിച്ചതുമായ മരങ്ങള്‍ ഭൂവുടമകള്‍ക്ക് മുറിച്ച് മാറ്റാന്‍് അനുമതി നല്‍കി റവന്യൂവകുപ്പ് പുറത്തിറക്കിയ വിവാദ ഉത്തരവിലായിരുന്നു മരംമുറി. സര്‍ക്കാര്‍ ഉത്തരവ് പാലിച്ചാണ് മരം മുറിച്ചതെന്ന് പ്രതികളും വാദിക്കുന്നുണ്ട്. കേസില്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കാനിരിക്കെയാണ് വ്യാജരേഖയുണ്ടാക്കിയ വിവരം പുറത്ത് വന്നത്. താനൂര്‍ ഡിവൈഎസ്പി വി വി ബെന്നിയാണ് കേസന്വേഷിക്കുന്നത്. ഓഗസ്റ്റില്‍ മുട്ടില്‍ മരംമുറിക്കേസില്‍ കോടതിയില്‍ കുറ്റപത്രം നല്‍കുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ നല്‍കുന്ന സൂചന.

Eng­lish Sum­ma­ry: mut­til case
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.