
തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് നേരിട്ടത് അപ്രതീക്ഷിത പരാജയമെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. എല്‍ഡിഎഫിന്റെ അടിത്തറ അടിത്തറ തകര്‍ന്നുവെന്ന വിശകലനത്തെ അംഗീകരിക്കാനാകില്ല. ഭരണവിരുദ്ധ വികാരം ഉണ്ടായെന്നതും തെറ്റാണ്. ജില്ലാ പഞ്ചായത്തിലെ വിജയമാണ് അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തെ നിര്‍ണ്ണയിക്കുക. എല്‍ഡിഎഫിന് തുടര്‍ഭരണം ഉറപ്പിക്കാനുള്ള കരുത്ത് ഇപ്പോഴും ഉണ്ടെന്നും എംവി ഗോവിന്ദന്‍ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി.
തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് മുന്‍തൂക്കം ലഭിച്ചു. പരാജയകാരണങ്ങള്‍ എന്തെന്ന് എല്‍ഡിഫ് വിശദമായി പരിശോധിക്കുകയും ആവശ്യമായവ തിരുത്തുകയും ചെയ്യും. യുഡിഎഫിന് മുന്‍തൂക്കം ലഭിച്ചതോടെ എല്‍ഡിഎഫിന്റെ അടിത്തറ തകര്‍ന്നുവെന്ന വലതുപക്ഷ കക്ഷികളുടെയും അവരെ പിന്താങ്ങുന്ന മാധ്യമങ്ങളുടെയും വിശകലനത്തെ അംഗീകരിക്കാന്‍ കഴിയില്ല. വിശ്വാസിസമൂഹവും ന്യൂനപക്ഷവും എല്‍ഡിഎഫിനെതിരെ വോട്ട് ചെയ്തുവെന്ന വലതുപക്ഷ മാധ്യമ ആഖ്യാനവും വസ്തതകളുമായി ബന്ധമില്ലാത്തതാണ്. അതുപോലെതന്നെ ആഞ്ഞുവീശിയത് ഭരണവിരുദ്ധ വികാരമാണെന്ന പ്രചാരണവും. പത്ത് വര്‍ഷമായി ഭരിക്കുന്ന എല്‍ഡിഎഫിന് വോട്ടു കുറഞ്ഞെങ്കിലും കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലുണ്ടായ തോല്‍വിയെ മറികടക്കാനും അടിത്തറ ഭദ്രമാണെന്ന് തെളിയിക്കാനും കഴിഞ്ഞിട്ടുണ്ട്.
കോര്‍പറേഷനുകളിലും മുനിസിപ്പാലിറ്റികളിലും ബ്ലോക്ക് പഞ്ചായത്തുകളിലും ഗ്രാമപഞ്ചായത്തുകളിലും യുഡിഎഫ് മുന്‍തൂക്കം നേടിയെങ്കിലും ജില്ലാ പഞ്ചായത്തില്‍ ഒപ്പത്തിനൊപ്പമാണ്. ഏഴ് വീതം ജില്ലകളില്‍ ഇരുമുന്നണികളും വിജയിച്ചു. തിരുവനന്തപുരം കോര്‍പറേഷനില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും, കേന്ദ്രഭരണത്തിന്റെയും പണത്തിന്റെയും പിന്തുണയുണ്ടായിട്ടും അവകാശവാദങ്ങള്‍ക്ക് അനുസരിച്ച് സംസ്ഥാനത്ത് സ്ഥിതി മെച്ചപ്പെടുത്താന്‍ ബിജെപിക്ക് ആയില്ല എം വി ഗോവിന്ദൻ പറഞ്ഞു.
ജില്ലാ പഞ്ചായത്തിലെ വിജയമാണ് അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലത്തെ പ്രധാനമായും നിര്‍ണയിക്കുക. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആലത്തൂര്‍ മണ്ഡലം ഒഴിച്ച് 19ഉം നഷ്ടപ്പെട്ട എല്‍ഡിഎഫ് ഏഴ് ജില്ലാ പഞ്ചായത്തില്‍ ഭരണം നേടിയത് നഷ്ടപ്പെട്ട വോട്ടുകള്‍ തിരിച്ചുപിടിക്കാനായതിന്റെ ലക്ഷണമാണ്. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ട് കണക്കാക്കിയാല്‍ 110 നിയമസഭാ മണ്ഡലത്തില്‍ യുഡിഎഫിന് മേല്‍ക്കൈ ഉണ്ടായിരുന്നു. എന്നാല്‍, തദ്ദേശ തെരഞ്ഞെടുപ്പില്‍ അത് 75–80 ആയി കുറഞ്ഞുവെന്ന് വലതുപക്ഷ മാധ്യമങ്ങള്‍ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.