25 February 2025, Tuesday
KSFE Galaxy Chits Banner 2

Related news

January 22, 2025
January 13, 2025
January 13, 2025
January 9, 2025
January 3, 2025
January 2, 2025
December 25, 2024
November 23, 2024
November 19, 2024
November 14, 2024

പാലക്കാട് എല്‍ഡിഎഫ് ചരിത്രവിജയം നേടുമെന്ന് എം വി ഗോവിന്ദന്‍

Janayugom Webdesk
തിരുവനന്തപുരം
November 19, 2024 10:50 am

പാലക്കാട്ടെ എൽഡിഎഫ്‌ മുന്നേറ്റം തിരിച്ചറിഞ്ഞതോടെ യുഡിഎഫും ബിജെപിയും ഭൂരിപക്ഷ, ന്യൂനപക്ഷ വർഗീയശക്തികളെ ഉപയോഗിച്ച്‌ നുണപ്രചാരണം നടത്തുന്നുവെന്ന്‌ സിപിഐ(എം)സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ.പഴയ വോട്ടുകണക്കിലെ മൂന്നാം സ്ഥാനത്തുനിന്ന്‌ എല്ലാ അർഥത്തിലും എൽഡിഎഫ്‌ ഒന്നാംസ്ഥാനത്തെത്തുകയും ചരിത്രവിജയം നേടുമെന്ന്‌ ഉറപ്പാകുകയും ചെയ്‌തപ്പോഴാണ്‌ ഇത്തരം അജൻഡയുമായി ഇറങ്ങിയിരിക്കുന്നത്‌.

മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമർശത്തിന്റെ പേരിൽ പുകമറ സൃഷ്‌ടിക്കുകയാണ്‌.മുഖ്യമന്ത്രി പറഞ്ഞതിൽ തെറ്റൊന്നുമില്ല. ജമാഅത്തെ ഇസ്ലാമിയുടെയും എസ്‌ഡിപിഐയുടെയും ആശയതടവറയിലാണ്‌ മുസ്ലിംലീഗെന്ന്‌ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പുവേളയിലും പാര്‍ട്ടി പറഞ്ഞതാണ്‌.പാലക്കാട്‌ ഉപതെരഞ്ഞെടുപ്പിലും ഇതു കാണാം.ലീഗിന്റെ സംസ്ഥാന പ്രസിഡന്റിനെ രാഷ്‌ട്രീയമായി വിമർശിക്കുമ്പോൾ മതപരമായ കാര്യങ്ങളുമായി ഇറങ്ങുന്നത്‌ വർഗീയധ്രുവീകരണം ലക്ഷ്യമിട്ടാണ്‌. ലീഗിൽതന്നെ പ്രസക്തി നഷ്‌ടപ്പെട്ട ചിലർ ഇതിന്റെ പേരിലുണ്ടാക്കുന്ന കോലാഹലം പരിഹാസ്യമാണ്‌.

തികഞ്ഞ വർഗീയ പ്രചാരവേല നടത്തുന്ന സന്ദീപ്‌ വാര്യർ കോൺഗ്രസിൽ ചേർന്നെങ്കിലും മുമ്പുപറഞ്ഞ കാര്യങ്ങളൊന്നും തിരുത്തിയിട്ടില്ല. ആർഎസ്‌എസ്‌ ബന്ധം ഉപേക്ഷിച്ചുവെന്ന്‌ പറയാൻപോലും തയ്യാറായില്ല. ഗാന്ധിവധം, കശ്‌മീർ പ്രശ്‌നം തുടങ്ങിയ വിഷയങ്ങളിലെ നിലപാടുകളും മുന്നിലുണ്ട്‌. സമാനമായി ബാബ്‌റി മസ്‌ജിദ്‌ വിഷയത്തിലുള്ള നിലപാട്‌ ചൂണ്ടിക്കാട്ടിയപ്പോൾ കെപിസിസി പ്രസിഡന്റ്‌ കെ സുധാകരൻ പ്രതികരിച്ചത്‌, അത്‌ ജാംബവാൻകാലത്തെ തെരഞ്ഞെടുപ്പ്‌ വിഷയമെന്നാണ്‌. ഞങ്ങളാണ്‌ ഇത്‌ പറഞ്ഞിരുന്നതെങ്കിൽ യുഡിഎഫും മാധ്യമങ്ങളും എന്തെല്ലാം കോലാഹലം സൃഷ്‌ടിക്കുമായിരുന്നു– എം വി ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

തെരഞ്ഞെടുപ്പ്‌ അട്ടിമറിക്കാൻ പാലക്കാട്ട്‌ ചേർത്ത കള്ളവോട്ടുകൾ തെരഞ്ഞെടുപ്പ്‌ കമീഷൻ അതീവ ഗൗരവത്തോടെ പരിശോധിക്കണമെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. 2,500ലേറെ കള്ളവോട്ടാണ്‌ ചേർത്തത്‌. വിലാസമോ പേരോ വീടോ ഇല്ലാതെ ബൂത്ത്‌ ലെവൽ ഓഫീസർമാരെ ഉപയോഗിച്ചായിരുന്നു അട്ടിമറിശ്രമം. അതിനുപുറമെ ഇരട്ടവോട്ടുമുണ്ട്‌. വ്യാജ തിരിച്ചറിയൽ കാർഡുണ്ടാക്കി യൂത്ത്‌ കോൺഗ്രസ്‌ പ്രസിഡന്റായെന്ന്‌ സ്വന്തം പാർടിക്കാർതന്നെ ആരോപിക്കുന്നയാളാണ്‌ യുഡിഎഫ്‌ സ്ഥാനാർഥി. അങ്ങനെയൊരാളുടെ നേതൃത്വത്തിലാണ്‌ ഇത്‌ നടന്നതെന്ന്‌ കാണണം അദ്ദേഹം പറഞ്ഞു.പണംവാങ്ങി വാർത്ത സൃഷ്‌ടിക്കുന്ന പെയ്‌ഡ്‌ ന്യൂസ്‌ സംസ്‌കാരത്തിലേക്ക്‌ ഒരുവിഭാഗം മാധ്യമങ്ങൾ മാറി.

കോൺഗ്രസിനുവേണ്ടിയാണ്‌ പ്രധാനമായും വ്യാജ വാർത്താസൃഷ്‌ടി നടത്തുന്നത്‌. ഉത്തരേന്ത്യൻ മാതൃകയിലുള്ള അപകടകരമായ സംസ്‌കാരത്തിലേക്ക്‌ മാധ്യമപ്രവർത്തനത്തെ ഇവർ മാറ്റി. ചേവായൂർ സഹകരണ ബാങ്ക്‌ തെരഞ്ഞെടുപ്പ്‌ അട്ടിമറിക്കാൻ കെ സുധാകരൻ അയച്ച ക്വട്ടേഷൻ സംഘത്തെ നേരിട്ടാണ്‌ വിമതപക്ഷം വിജയം നേടിയത്‌. പലയിടത്തും സംഘർഷത്തിന്‌ ശ്രമിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 6,000 പേർ മാത്രം വോട്ടുചെയ്‌തിടത്ത്‌ ഇത്തവണ 8,400 പേർ വോട്ടുചെയ്‌തു. എന്നിട്ടും അംഗങ്ങളെ വോട്ടുചെയ്യാൻ അനുവദിച്ചില്ലെന്നാണ്‌ പ്രചാരണം.

കോൺഗ്രസ്‌ തോറ്റാൽ വിമതരെ ജീവിക്കാൻ അനുവദിക്കില്ലെന്നാണ്‌ സുധാകരൻ പ്രസംഗിച്ചത്‌. നാലുഭാഗത്തുനിന്നും ശൂലംവരും. അതിന്റെ മുമ്പിൽ താനുണ്ടാകുമെന്നും ഭീഷണിപ്പെടുത്തി. എന്നിട്ടും കോൺഗ്രസിനെതരായ പക്ഷത്തെ ഓരോ സ്ഥാനാർഥിയും ജയിച്ചത്‌ 1,300 വരെ വോട്ടിന്റെ ഭൂരിപക്ഷത്തിനാണ്. ഇങ്ങനെയെല്ലാമുണ്ടായിട്ടും കോൺഗ്രസിനുവേണ്ടി ഒരു പത്രം മുഖപ്രസംഗംവരെ എഴുതി. തികച്ചും പ്രാദേശികമായ വിഷയത്തെയാണ്‌ ആ പത്രം ദേശീയ വിഷയമായി അവതരിപ്പിച്ച്‌ പരിഹാസ്യമായത്‌ എം വി ഗോവിന്ദൻ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.