22 January 2026, Thursday

Related news

January 21, 2026
January 19, 2026
January 19, 2026
January 19, 2026
January 19, 2026
January 19, 2026
January 19, 2026
January 18, 2026
January 18, 2026
January 18, 2026

അക്ഷരനഗരിയെ വർണാഭമാക്കി എന്റെ കേരളം സാംസ്കാരിക പ്രദർശന വിപണന മേളയ്ക്ക് തുടക്കമായി

മേള ഏപ്രില്‍ 30 വരെ
പ്രവേശനം സൗജന്യം
Janayugom Webdesk
കോട്ടയം
April 25, 2025 5:14 pm

സമഗ്ര മേഖലയിലും ഉണ്ടായ കേരളത്തിൻ്റെ നേട്ടങ്ങൾ രാജ്യത്തിനാകെ മാതൃകയാണെന്ന് സഹകരണം-തുറമുഖം-ദേവസ്വം വകുപ്പു മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു. രണ്ടാം പിണറായി വിജയന്‍ മന്ത്രിസഭയുടെ നാലാം വാര്‍ഷികാഘോഷത്തിന്റെയും ‘എന്റെ കേരളം’ പ്രദര്‍ശന‑വിപണനമേളയുടെയും ഉദ്ഘാടനം കോട്ടയത്തെ  നാഗമ്പടം മൈതാനത്തു നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ 9 വർഷത്തിനിടയിൽ പ്രകടനപത്രിയിൽ പറഞ്ഞ മുഴുവൻ കാര്യങ്ങളും നടപ്പിലാക്കിയ സർക്കാരാണിത്. പൊതുജനങ്ങൾക്ക് ലഭ്യമാകുന്ന തരത്തിൽ സംസ്ഥാന സർക്കാരിന്റെ പ്രോഗ്രസ് റിപ്പോർട്ട് പുറത്തുവിട്ട ഏക സംസ്ഥാനം കേരളമാണ്. ഇച്ഛാ ശക്തിയോടെ ഒരു സർക്കാർ പ്രവർത്തിച്ചതിന്റെ ഫലമായാണ് ദേശീയപാതാ വികസനം യാഥാർഥ്യമായതെന്നും മന്ത്രി പറഞ്ഞു. വിദ്യാഭ്യാസ, ആരോഗ്യ, കാർഷിക മേഖലകളിലുണ്ടായ നേട്ടങ്ങൾ മന്ത്രി എടുത്തു പറഞ്ഞു.

സര്‍ക്കാര്‍ ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് ആധ്യക്ഷ്യം വഹിച്ചു. നാളെ എന്തായിരിക്കണം കേരളം എന്ന ദീർഘവീക്ഷണത്തോടെ പ്രവർത്തിക്കുന്ന സർക്കാരാണ് പിണറായി സർക്കാരെന്ന് ഡോ. എൻ. ജയരാജ് പറഞ്ഞു. ഏറ്റെടുത്ത എല്ലാ വികസന പ്രവർത്തനങ്ങളും ഈ സർക്കാർ നടപ്പിലാക്കിയെന്നത് അഭിമാനകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മേളയ്ക്ക് തുടക്കംകുറിച്ച് തിരുനക്കര മൈതാനത്തുനിന്നു നാഗമ്പടം മൈതാനത്തേക്ക് നടന്ന സാംസ്‌കാരികഘോഷയാത്രയില്‍ ആയിരങ്ങള്‍ അണിനിരന്നു.
അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എൽ.എ. വിശിഷ്ടാതിഥിയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗര്‍, ജില്ലാ കളക്ടര്‍ ജോണ്‍ വി. സാമുവല്‍, ജില്ലാ പൊലീസ് മേധാവി എ. ഷാഹുല്‍ ഹമീദ്, കോട്ടയം സബ് കളക്ടര്‍ ഡി. രഞ്ജിത്ത്, ചങ്ങനാശ്ശേരി നഗരസഭാ ചെയർപേഴ്സൺ കൃഷ്ണകുമാരി രാജശേഖരൻ, വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് കെ. മണി, ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ്സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് പി.വി. സുനില്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്സ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി അജയന്‍ കെ. മേനോന്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് പുത്തന്‍കാലാ, ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ മഞ്ജു സുജിത്, പി.എം. മാത്യു, പി. ആർ. അനുപമ, ഹൈമി ബോബി, അംഗങ്ങളായ നിർമ്മല ജിമ്മി, രാജേഷ് വാളിപ്ലാക്കൽ, സഹകരണ സർക്കിൾ യൂണിയൻ ചെയർമാൻ കെ.എം. രാധാകൃഷ്ണൻ, വിവര‑പൊതുജനസമ്പര്‍ക്കവകുപ്പ് മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ കെ.ആർ. പ്രമോദ് കുമാർ , ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എ. അരുണ്‍ കുമാര്‍, കോട്ടയം പ്രസ് ക്ലബ് പ്രസിഡന്റ് അനീഷ് കുര്യന്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ടി.ആര്‍. രഘുനാഥന്‍, അഡ്വ. വി.ബി. ബിനു, പ്രൊഫ. ലോപ്പസ് മാത്യു, ബെന്നി മൈലാടൂര്‍, എം.ടി. കുര്യന്‍, കെ.എസ്. രമേഷ് ബാബു,പോൾസൺ പീറ്റർ, ബോബൻ തെക്കേൽ, രാജീവ് നെല്ലിക്കുന്നേൽ,ജെയ്സണ്‍ ഒഴുകയില്‍, ജിയാഷ് കരീം, നിബു ഏബ്രഹാം, പ്രശാന്ത് നന്ദകുമാര്‍ എന്നിവര്‍ പങ്കെടുത്തു.

മേളയില്‍ സര്‍ക്കാര്‍ വകുപ്പുകളുടെയും പൊതുമേഖലാ-സ്വയംഭരണ സ്ഥാപനങ്ങളുടെയും 186 സ്റ്റാളുകളാണുള്ളത്. 45000 ചതുരശ്ര അടി ശീതീകരിച്ച പവലിയന്‍ ഉള്‍പ്പെടെ 69000 ചതുരശ്ര അടിയിലാണ് പ്രദര്‍ശന വിപണനമേള നടക്കുന്നത്. എല്ലാദിവസവും രാവിലെ 9.30 മുതല്‍ വൈകിട്ട് 9.30 വരെയാണ് മേള.  പ്രവേശനം സൗജന്യമാണ്.

കേരളം കൈവരിച്ച നേട്ടങ്ങളുടെ പ്രദര്‍ശനം കാഴ്ചവയ്ക്കുന്ന വിവര‑പൊതുജനസമ്പര്‍ക്ക വകുപ്പിന്റെ പ്രദര്‍ശനം, ആധുനികസാങ്കേതികവിദ്യകള്‍ പരിചയപ്പെടുത്തുന്ന പ്രദര്‍ശനം, കാര്‍ഷിക പ്രദര്‍ശന‑വിപണനമേള, സാംസ്‌കാരിക‑കലാപരിപാടികള്‍, മെഗാ ഭക്ഷ്യമേള,
വിവിധ തൊഴിലുകളിലേര്‍പ്പെട്ടിട്ടുള്ളവരുടെയും സവിശേഷപരിഗണന അര്‍ഹിക്കുന്നവരുടെയും സംഗമങ്ങള്‍, കായിക‑വിനോദപരിപാടികള്‍, ടൂറിസം പദ്ധതികളുടെ പരിചയപ്പെടുത്തല്‍, ടൂറിസം-കാരവന്‍ ടൂറിസം പ്രദര്‍ശനം, സ്റ്റാര്‍ട്ടപ്പ് മിഷന്‍ പ്രദര്‍ശനം, ശാസ്ത്ര‑സാങ്കേതിക പ്രദര്‍ശനങ്ങള്‍, സ്പോര്‍ട്സ് പ്രദര്‍ശനം, സ്‌കൂള്‍ മാര്‍ക്കറ്റ്, കായിക‑വിനോദ പരിപാടികള്‍, പൊലീസ് ഡോഗ് ഷോ, മിനി തിയേറ്റര്‍ ഷോ എന്നിവ മേളയുടെ ഭാഗമായുണ്ട്. വിവിധ വകുപ്പുകള്‍ സൗജന്യമായി സര്‍ക്കാര്‍ സേവനങ്ങള്‍ ലഭ്യമാക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.