
കേരളത്തിന്റെ വികസനത്തിനായി കൈകോർത്ത് മുന്നേറാമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു.രണ്ടാം പിണറായി സർക്കാരിന്റെ നാലാം വാർഷികാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ‘എന്റെ കേരളം പ്രദർശന വിപണന മേള’യുടെ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സാമൂഹ്യനീതിയിലധിഷ്ഠിതമായ സമഗ്ര വികസനം എന്ന നയത്തിൽ നിന്നു കൊണ്ട് എല്ലാവർക്കും ഭൂമി, എല്ലാവർക്കും വീട്, എല്ലാവർക്കും വിദ്യാഭ്യാസം എല്ലാവർക്കും ആരോഗ്യം, എല്ലാവർക്കും തൊഴിൽ, എല്ലാവർക്കും അടിസ്ഥാന ജീവിത സൗകര്യങ്ങൾ, എന്ന ആശയത്തിൽ സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകാനും ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാനും ഈ സർക്കാരിന്റെ കാലയളവിൽ സാധിച്ചുവെന്നത് അഭിമാനകരമായ നേട്ടമായെന്ന് മന്ത്രി പറഞ്ഞു.
ലൈഫ് പദ്ധതി വഴി നാല് ലക്ഷത്തി അമ്പത്തിരണ്ടായിരത്തോളം വീടുകൾ നിർമിച്ച് നൽകി. ബാക്കി വീടുകളുടെ നിർമാണം പുരോഗമിച്ച് വരികയാണ്. അഞ്ച് ലക്ഷത്തിൽ പരം കുടുംബങ്ങൾക്ക് വീട് വെച്ചുനൽകും. നാല് ലക്ഷം പേർക്ക് പട്ടയം വിതരണംചെയ്തു. വിദ്യാഭ്യാസ മേഖലയിലും പൊതുജനാരോഗ്യ മേഖലയിലും അന്തർദേശീയ നിലവാരത്തിലുള്ള സേവനം പൊതുജനങ്ങൾക്കായി കൊടുക്കാൻ കഴിഞ്ഞത് കേരളത്തിന്റെ നേട്ടമാണെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.
റവന്യൂ മന്ത്രി കെ. രാജൻ ചടങ്ങിന് അധ്യക്ഷത വഹിച്ചു. പ്രദർശന മേള വികസനത്തിന്റെ കേരള മോഡൽ ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്നതിനുള്ള വേദിയായെന്ന് മന്ത്രി പറഞ്ഞു. ഏതെങ്കിലും വിധത്തിലുള്ള കെട്ടുകാഴ്ച്ചകളില്ലാതെ സർക്കാരിന്റെയും മന്ത്രിമാരുടെയും പ്രോഗ്രസ് റിപ്പോർട്ട് അവതരിപ്പിക്കുന്നതിനുള്ള വേദിയായി മേള മാറിയെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഏഴ് ദിനങ്ങളിലായി നടത്തിയ എന്റെ കേരളം പ്രദർശന വിപണനമേള കാണാൻ നിരവധി പേരാണ് എത്തിയത്. കഴിഞ്ഞ ഒമ്പത് വർഷത്തെ സർക്കാറിന്റെ നേട്ടങ്ങൾ പ്രദർശിപ്പിക്കുന്ന മേള നവ്യാനുഭവമായി. വിവിധ വകുപ്പുകളുടെ സ്റ്റാളുകൾ സർക്കാരിന്റെ വ്യത്യസ്ത പദ്ധതികളെക്കുറിച്ച് ജനങ്ങൾക്ക് അറിവു നൽകുന്ന രീതിയിലാണ് ക്രമീകരിച്ചത്. എൽ ഇ ഡി വാളുകളിലെ പ്രദർശനങ്ങളും വിവിധ വകുപ്പുകളുടെ സേവനങ്ങളും മേളയുടെ മാറ്റു കൂട്ടി. വിവിധ സർക്കാർ വകുപ്പുകളുടെ 151 തീം സ്റ്റാളുകളും 38 കൊമേഴ്ഷ്യൽ സ്റ്റാളുകളുകളും ഉൾപ്പെടെ 189 സ്റ്റാളുകളാണ് മേളയുടടെ ഭാഗമായി ഉണ്ടായിരുന്നത്. ഏഴു ദിവസങ്ങളിലായി വിവിധ വകുപ്പുകളുടെ കാലിക പ്രസക്തമായ സെമിനാറുകളും ബോധവത്കരണ പരിപാടികളും വൈകീട്ട് കലാപരിപാടികളും മേളയുടെ ഭാഗമായി നടന്നു. സമ്മേളനത്തിൽ എംഎൽഎമാരായ വി ആര്‍ സുനിൽകുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി എസ് പ്രിൻസ്, ജില്ലാ കലക്ടർ അർജുൻ പാണ്ഡ്യൻ, ജില്ലാ പൊലിസ് മേധാവി ആർ. ഇളങ്കോ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ പി. കെ വേലായുധൻ തുടങ്ങിയവർ സംസാരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.