
20 വർഷം കഴിഞ്ഞാൽ എങ്ങനെയായിരിക്കും കേരളമെന്നതിന്റെ രൂപമാണ് മെയ് 24 വരെയുള്ള മേളയിൽ കാണാൻ പോകുന്നതെന്ന് മന്ത്രി കെ രാജൻ. സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് മെയ് 18 മുതല്‍ 24 വരെ തേക്കിൻകാട് മൈതാനിയിലെ വിദ്യാർത്ഥി കോർണറിൽ നടക്കുന്ന ‘എന്റെ കേരളം പ്രദര്‍ശന- വിപണന മേള’ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
ആധുനിക കാലത്ത് അത്ഭുതപ്പെടുത്തുന്ന നിരവധി കേരള മോഡലുകൾ കഴിഞ്ഞ ഒമ്പത് വർഷത്തിൽ സാധ്യമാക്കിയെന്ന അനുഭവത്തിന്റെ കരുത്തോടെയാണ് സർക്കാർ പത്താം വർഷത്തിലേക്ക് കടക്കുന്നതെന്നും മന്ത്രി പറഞ്ഞു. 600 രൂപയായിരുന്ന ക്ഷേമ പെൻഷൻ 1600 രൂപയായി വർധിപ്പിച്ചു. എല്ലാ മാസവും 60 കഴിഞ്ഞ 62 ലക്ഷം മനുഷ്യരുടെ കൈകളിലേക്ക് അഭിമാനത്തോടെ ക്ഷേമ പെൻഷൻ എത്തിക്കാൻ സാധിച്ചു. 2021ലെ പ്രകടനപത്രികയിൽ സാമൂഹിക പെൻഷൻ ഉയർത്താൻ നിശ്ചയിച്ചിരുന്ന അത്രതന്നെ ഉയർത്തി. കൊവിഡ് കാലത്ത് ഒരു ജീവജാലങ്ങളും പട്ടിണി കിടക്കില്ലെന്ന് ഉറപ്പാക്കിയ സർക്കാരാണ് നമ്മുടേത്. നവംബർ ഒന്ന് കഴിഞ്ഞാൽ അതിദരിദ്രരില്ലാത്ത ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമായി മാറുന്ന നാടാണ് കേരളമെന്നും മന്ത്രി പഞ്ഞു.
കേരളത്തിലെ പൊതുവിദ്യാഭ്യാസം, ആരോഗ്യം, ടൂറിസം തുടങ്ങിയവയിലും വിഴിഞ്ഞം, വാട്ടർ മെട്രോ, ദേശീയ‑സംസ്ഥാന പാത,വ്യവസായ സൗഹൃദ നിക്ഷേപം തുടങ്ങിയ മേഖലകളിലടക്കം സമഗ്ര വികസനം കേരളം സാധ്യമാക്കി. ഏഷ്യയിലെ രണ്ടാമത്തെഏറ്റവും വലിയ മൃഗശാലയായ പൂത്തൂർ സുവോളജിക്കൽ പാർക്ക് ഓണത്തിന് നാടിന് സമർപ്പിക്കും. മൂന്നാമത്തെ സ്പോർട്സ് ഡിവിഷനായി അന്താരാഷ്ട്ര നിലവാരത്തിലുള്ള പ്രത്യേകതകളോടുകൂടി കുന്നംകുളത്തെ സ്പോർട്സ് സ്റ്റേഡിയം മാറാൻ പോകുന്നു. തൃശൂരിലെ മെഡിക്കൽ കോളജ് കേന്ദ്രമാക്കി നൂറ് കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ, കിഫ്ബിയിൽ നിന്ന് ഉൾപ്പെടുത്തി ജില്ലയിലെ റോഡുകളിലും മറ്റു മേഖലയിലും നടക്കുന്ന വികസന പ്രവർത്തനങ്ങൾ അടക്കം അത്ഭുതകരമായ മാറ്റത്തിലേക്കാണ് നമ്മുടെ നാട് പോവുന്നതെന്ന് മന്ത്രി പറഞ്ഞു. ഒരു രൂപ പോലും തരാതെ കേന്ദ്രം ബുദ്ധിമുട്ടിക്കാൻ ശ്രമിച്ചാലും ചൂരൽ മലയിലെ അവസാനത്തെ നിവാസിക്കും വീടുവെച്ച് നൽകാതെ സംസ്ഥാന സർക്കാർ ചുരം വിട്ട് ഇറങ്ങില്ലെന്നും മന്ത്രി പറഞ്ഞു.
എല്ലാവർക്കും ഭൂമി, എല്ലാവർക്കും വീട്, എല്ലാവർക്കും ആരോഗ്യം, എല്ലാവർക്കും വിദ്യാഭ്യാസം എന്ന വികസന കാഴ്ചപ്പാടോടുകൂടിയാണ് സർക്കാർ മുന്നോട്ടുപോകുന്നതെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ ആർ ബിന്ദു അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു.
നാല് ലക്ഷം പട്ടയങ്ങളാണ് കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ വിതരണം ചെയ്തത്. 5,00,000 കുടുംബങ്ങൾക്ക് ലൈഫ് പാർപ്പിട പദ്ധതി വഴി വീടെന്ന സ്വപ്നം പൂർത്തീകരിച്ചു. നാലേ മുക്കാൽ ലക്ഷം വീടുകൾ ഇതിനോടകം കൈകമാറി. 87,000 കോടിയുടെ വികസനമാണ് കേരളത്തിൽ നടന്ന് കൊണ്ടിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. പ്രദർശന മേളയോട് അനുബന്ധിച്ച് നടത്തിയ ഘോഷയാത്രയിൽ പങ്കെടുത്ത എല്ലാവർക്കും മന്ത്രി നന്ദി അറിയിച്ചു.
സര്‍ക്കാരിന്റെ വ്യത്യസ്ത പദ്ധതികളെക്കുറിച്ച് ജനങ്ങള്‍ക്ക് അറിവു നല്‍കുന്ന രീതിയിലാണ് മേള ക്രമീകരിച്ചിരിക്കുന്നത്. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ എല്‍ ഇ ഡി വാളുകളില്‍ പ്രദർശനങ്ങൾ ഒരുക്കിയിട്ടുണ്ട്. വിവിധ വകുപ്പുകളുടെ 151 തീം — സ്റ്റാളുകളും 38 കൊമേഴ്ഷ്യല്‍ സ്റ്റാളുകളും ഉള്‍പ്പെടെ ശീതീകരിച്ച 189 സ്റ്റാളുകളില്‍ സര്‍ക്കാര്‍ സേവനങ്ങള്‍ ഒരു കുടക്കീഴില്‍ ലഭ്യമാണ്. ഭക്ഷ്യ കാര്‍ഷിക മേള, കലാ സാംസ്‌കാരിക പരിപാടികള്‍, സെമിനാര്‍, സിനിമാപ്രദര്‍ശനം എന്നിവ മേളയുടെ ഭാഗമായുണ്ട്. രാവിലെ പത്ത് മണി മുതല്‍ രാത്രി എട്ട് മണി വരെയായിരിക്കും പ്രദര്‍ശന സമയം. പ്രവേശനം സൗജന്യമാണ്. എംഎൽഎമാരായ എ.സി. മൊയ്‌തീൻ, മുരളി പെരുനെല്ലി, ഇ.ടി. ടൈസൺ, യു ആർ പ്രദീപ്, എൻ കെ അക്ബർ, കെ കെ രാമചന്ദ്രൻ, സേവ്യർ ചിറ്റിലപ്പിള്ളി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി എസ് പ്രിൻസ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രൻ, മുനിസിപ്പൽ ചെയർമാൻ ചേമ്പർ പ്രസിഡന്റ് എം കൃഷ്ണദാസ്, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റ് കെ വി നഫീസ, ഗ്രാമപഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റ് എസ് ബസന്ത് ലാൽ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി ടി വി സുരേന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റസ് അസോസിയേഷൻ സെക്രട്ടറി കെ ആർ രവി, ജില്ലാ കലക്ടർ അർജുൻ പാണ്ഡ്യൻ, സബ് കലക്ടർ അഖിൽ വി മേനോൻ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ പി കെ വേലായുധൻ തുടങ്ങിയവർ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.