23 January 2026, Friday

Related news

January 14, 2026
January 11, 2026
January 10, 2026
January 9, 2026
January 7, 2026
January 7, 2026
January 7, 2026
January 7, 2026
January 6, 2026
January 5, 2026

വെനസ്വേലയിലെ അധിനിവേശം; യുഎൻ സുരക്ഷാ കൗൺസിലിൽ യുഎസിന് കനത്ത വിമര്‍ശനം

അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമെന്ന് യുഎന്‍ എച്ച്ആര്‍സി
Janayugom Webdesk
ജനീവ
January 6, 2026 10:09 pm

വെനസ്വേലയിൽ അമേരിക്ക നടത്തുന്ന സൈനിക ഇടപെടലിനും പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ അറസ്റ്റിനുമെതിരെ ഐക്യരാഷ്ട്രസഭ സുരക്ഷാ കൗൺസിലിൽ ലോകരാജ്യങ്ങളുടെ ശക്തമായ പ്രതിഷേധം. കൊളംബിയയുടെ അഭ്യർത്ഥനപ്രകാരം ചേർന്ന അടിയന്തര യോഗത്തിൽ റഷ്യയും ചൈനയും ഉൾപ്പെടെ പ്രമുഖ രാജ്യങ്ങൾ അമേരിക്കയെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചു.
യുഎസ് നടപടി ലാറ്റിൻ അമേരിക്കൻ മേഖലയിലുടനീളം ഗുരുതരമായ അസ്ഥിരതയുണ്ടാക്കുമെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറെസ് മുന്നറിയിപ്പ് നൽകി. അമേരിക്കയുടെ സൈനിക നടപടി അന്താരാഷ്ട്ര നിയമങ്ങൾക്ക് വിരുദ്ധമാണോ എന്ന് അദ്ദേഹം ചോദ്യമുയർത്തി. നയതന്ത്രപരമായ ചർച്ചകളിലൂടെ പ്രശ്നപരിഹാരം കണ്ടെത്തണമെന്നും ഇതിനായി ഐക്യരാഷ്ട്രസഭയുടെ പൂർണ പിന്തുണയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ബ്രസീൽ, ചൈന, കൊളംബിയ, ക്യൂബ, എറിത്രിയ, മെക്സിക്കോ, റഷ്യ, ദക്ഷിണാഫ്രിക്ക, സ്പെയിൻ എന്നീ രാജ്യങ്ങൾ സംയുക്തമായാണ് അമേരിക്കൻ അധിനിവേശത്തെ അപലപിച്ചത്. വെനസ്വേലയുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണിതെന്ന് കൊളംബിയൻ പ്രതിനിധി ലിയോണർ സലാബത ടോറസ് പറഞ്ഞു. ഏകപക്ഷീയമായ ബലപ്രയോഗത്തിന് ഒരു ന്യായീകരണവുമില്ലെന്നും അവർ കൂട്ടിച്ചേർത്തു.

അമേരിക്കയുടെ ഇടപെടൽ ലോകത്തെ നിയമരാഹിത്യത്തിന്റെ യുഗത്തിലേക്ക് തിരിച്ചു കൊണ്ടുപോകുമെന്ന് റഷ്യൻ അംബാസഡർ വാസിലി നെബെൻസിയ കുറ്റപ്പെടുത്തി. ലോകത്തെ ശിക്ഷിക്കാൻ അധികാരമുള്ള പരമോന്നത ജഡ്ജിയായി അമേരിക്ക ചമയേണ്ടതില്ലെന്നും അദ്ദേഹം പരിഹസിച്ചു. ഒരു രാജ്യത്തിനും ‘ലോക പൊലീസ്’ ആയി ചമയാൻ അവകാശമില്ലെന്ന് ചൈനീസ് പ്രതിനിധി ഫു കോങ് വ്യക്തമാക്കി. പരമാധികാര സമത്വം എന്ന തത്വം അമേരിക്ക മനഃപൂർവം ലംഘിക്കുകയാണെന്ന് ചൈന ആരോപിച്ചു.
പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും അദ്ദേഹത്തിന്റെ ഭാര്യ സിസിലിയ ഫ്ലോറസിനെയും ഉടൻ മോചിപ്പിക്കണമെന്ന ആവശ്യത്തിൽ യോഗത്തിൽ പങ്കെടുത്ത ഭൂരിഭാഗം രാജ്യങ്ങളും ഉറച്ചുനിന്നു. എന്നാൽ വിഷയത്തിൽ തങ്ങളുടെ നിലപാട് ന്യായീകരിക്കാനാണ് അമേരിക്കൻ പ്രതിനിധികൾ ശ്രമിച്ചത്.

അമേരിക്കൻ സൈനിക നടപടി അന്താരാഷ്ട്ര നിയമങ്ങളുടെ അടിസ്ഥാന ശിലകളെ തകർത്തെന്ന് യുഎൻ മനുഷ്യാവകാശ ഓഫിസ് പ്രതികരിച്ചു. വെനസ്വേലയിലെ വര്‍ധിച്ചുവരുന്ന സൈനികവൽക്കരണത്തിലും അസ്ഥിരതയിലും മനുഷ്യാവകാശ ഓഫിസ് മേധാവി വോൾക്കർ ടർക്ക് കടുത്ത ആശങ്ക പ്രകടിപ്പിച്ചു. ഇത് രാജ്യത്തെ സാധാരണക്കാരുടെ ജീവിതം കൂടുതൽ ദുഃസഹമാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.