നാഗാർജുന സാഗർ അണക്കെട്ടിനെച്ചൊല്ലി തെലങ്കാനയും ആന്ധ്രാപ്രദേശും തമ്മിലുള്ള തർക്കം രൂക്ഷമായി തുടരുന്നു.
തെലങ്കാനയിൽ ഉദ്യോഗസ്ഥർ തെരഞ്ഞെടുപ്പ് ചുമതല നിർവഹിച്ചുകൊണ്ടിരിക്കെ നാഗാർജുന സാഗർ അണക്കെട്ടിലേക്ക് ആന്ധ്രാപ്രദേശ് ഉദ്യോഗസ്ഥർ ഇരച്ചെത്തി വെള്ളം തുറന്നുവിട്ടത് സംബന്ധിച്ചാണ് തര്‍ക്കം. സംഭവം ഇരുസംസ്ഥാനങ്ങളും തമ്മിലുള്ള സംഘർഷത്തിലേക്ക് നയിക്കുകയും ചെയ്തു. വ്യാഴാഴ്ച പുലർച്ചെ രണ്ടുമണിയോടെ 700 ഓളം ആന്ധ്രാ പൊലീസുകാർ പദ്ധതിയിലേക്ക് ഇരച്ചുകയറി മണിക്കൂറിൽ 5000 ക്യുസെക്സ് വെള്ളം തുറന്നുവിടുകയായിരുന്നു.
കുടിവെള്ള ആവശ്യങ്ങൾക്കായി കൃഷ്ണ നദിയിലെ നാഗാർജുനസാഗർ കനാലിൽ നിന്ന് വെള്ളം തുറന്നുവിടുകയാണെന്ന് ആന്ധ്രാപ്രദേശ് സംസ്ഥാന ജലസേചന മന്ത്രി അമ്പാട്ടി രാംബാബു എക്സിൽ പോസ്റ്റ് ചെയ്തിരുന്നു. ആന്ധ്രാപ്രദേശും തെലങ്കാനയും തമ്മിലുള്ള കരാർ പ്രകാരം സംസ്ഥാനത്തിന് അവകാശപ്പെട്ട ജലം മാത്രമാണ് എടുത്തിട്ടുള്ളതെന്ന് മന്ത്രി പറയുന്നു. സംഭവത്തിന് പിന്നാലെ അണക്കെട്ട് പിടിച്ചെടുക്കാനുള്ള നീക്കമാണെന്നാരോപിച്ച് തെലങ്കാന സർക്കാർ കൃഷ്ണ റിവർ മാനേജ്മെന്റ് ബോർഡിന് പരാതി നൽകിയിട്ടുണ്ട്. അണക്കെട്ടിലെ സിസിടിവി കാമറകള്‍ ആന്ധ്രാ ഉദ്യോഗസ്ഥര്‍ നശിപ്പിച്ചതായും തെലങ്കാന ആരോപിക്കുന്നു. വിഷയത്തില്‍ ആന്ധ്രാ പൊലീസിനെതിരെ നല്‍ഗൊണ്ട ജില്ലയില്‍ രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
നിലവിൽ ഡാമിന്റെ 36 ഗേറ്റുകളുടെ നിയന്ത്രണമാണ് ആന്ധ്രാപ്രദേശ് പിടിച്ചെടുത്തിരിക്കുന്നത്. 2014ലാണ് നാഗാർജുന സാഗർ അണക്കെട്ട് നിർമ്മിച്ചത്. ഇരു സംസ്ഥാനങ്ങളിലേയും കുടിവെള്ളം, വൈദ്യുതി, കൃഷി എന്നിവ നാഗാർജുന സാഗർ അണക്കെട്ടിനെ ആശ്രയിച്ചാണ് മുന്നോട്ടു പോകുന്നത്. പദ്ധതിയുടെ 66 ശതമാനം ജലം ആന്ധ്രാപ്രദേശിനും 34 ശതമാനം തെലങ്കാനയ്ക്കും അവകാശപ്പെട്ടതാണ്. മൂന്ന് വർഷങ്ങൾക്കു മുമ്പ് തെലങ്കാനയും ഇത്തരത്തിൽ അണക്കെട്ട് പിടിച്ചെടുക്കാനുള്ള നീക്കം നടത്തിയതായി ആന്ധ്രാപ്രദേശ് ആരോപിക്കുന്നുണ്ട്.
വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെട്ടിട്ടുണ്ട്. ഇരുസംസ്ഥാനങ്ങളുമായും കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല വീഡിയോ കോണ്‍ഫറന്‍സിലൂടെ സംസാരിച്ചു. പദ്ധതി ധാരണപ്രകാരമുള്ള ജലം വിട്ടുകൊടുക്കാന്‍ ഇരു സംസ്ഥാനങ്ങളും തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ട്. കൂടുതൽ സംഘർഷം ഒഴിവാക്കുന്നതിന്റെ ഭാഗമായി അണക്കെട്ടിന് മേൽനോട്ടം വഹിക്കുന്ന സെൻട്രൽ റിസർവ് പൊലീസ് ഫോഴ്സ് (സിആർപിഎഫ്) കരാർ പ്രകാരം ഇരുഭാഗത്തും വെള്ളം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കും.
English Summary: Nagarjuna Sagar Dam; Andhra Pradesh, Telangana Clash Over Drinking Water
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.