19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 5, 2024
November 22, 2024
November 21, 2024
November 21, 2024
November 16, 2024
November 16, 2024
November 13, 2024
November 11, 2024
October 30, 2024
October 27, 2024

പലസ്തീന്‍ വിഷയത്തില്‍ നരേന്ദ്ര മോഡി മലക്കം മറിഞ്ഞു

Janayugom Webdesk
ന്യൂഡല്‍ഹി
October 11, 2023 11:38 pm

പലസ്തീന്‍ വിഷയത്തില്‍ മുന്‍വര്‍ഷത്തെ തന്റെ വാക്കുകള്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി വിഴുങ്ങി. ഇന്ത്യയിലെ ജനങ്ങള്‍ ഇസ്രയേലിനൊപ്പമെന്ന് ഇപ്പോള്‍ നിലപാടെടുക്കുന്ന മോഡി ഒരുവര്‍ഷം മുമ്പ് അന്താരാഷ്ട്ര പലസ്തീന്‍ ഐക്യദാര്‍ഢ്യ ദിനത്തില്‍ പുറത്തിറക്കിയ സന്ദേശത്തില്‍ പറഞ്ഞത് ഇന്ത്യ പലസ്തീനൊപ്പമെന്ന്. 2022 നവംബര്‍ രണ്ടിന് പുറപ്പെടുവിച്ച സന്ദേശം പലസ്തീന്റെ ആവശ്യത്തിന് ഇന്ത്യയുടെ അചഞ്ചലമായ പിന്തുണ ആവർത്തിക്കുന്നു എന്ന് പറഞ്ഞാണ് ആരംഭിക്കുന്നത്. പലസ്തീന്‍ ജനതയുമായുള്ള ബന്ധം ഇന്ത്യയുടെ പൊതുചരിത്രത്തിൽ വേരാഴ്‍ത്തിക്കിടക്കുന്നതാണ്. പലസ്തീനിന്റെ സാമ്പത്തികവും സാമൂഹികവുമായ വികസനം അന്തസോടെയും സ്വാശ്രയത്തോടെയും കൈവരിക്കുന്നതിനുള്ള ശ്രമത്തിൽ ഇന്ത്യ എല്ലായ്പ്പോഴും പിന്തുണച്ചിട്ടുണ്ടെന്നും ചര്‍ച്ചകളിലൂടെ സമഗ്രമായ പരിഹാരം കണ്ടെത്താൻ പലസ്തീൻ — ഇസ്രയേൽ കക്ഷികൾ നേരിട്ടുള്ള ചർച്ചകൾ പുനരാരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും സന്ദേശത്തില്‍ വ്യക്തമാക്കുന്നു.

വർഷങ്ങളായി പലസ്തീന് വികസന സഹായങ്ങൾ നൽകുന്നതിൽ ഇന്ത്യ മുൻപന്തിയിലാണെന്ന് സൂചിപ്പിച്ച് അവിടെ സ്ഥാപിച്ച വിവിധ സംരംഭങ്ങളും സാമ്പത്തിക സഹായങ്ങളും എടുത്തുപറയുകയും ചെയ്യുന്നുണ്ട്. രാഷ്ട്രപദവിയും സമാധാനവും സമൃദ്ധിയും കൈവരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ പലസ്തീനിലെ ജനങ്ങൾക്കും സർക്കാരിനും ഇന്ത്യൻ ജനതയുടെ പേരില്‍ ആശംസകൾ നേര്‍ന്നാണ് സന്ദേശം അവസാനിപ്പിക്കുന്നത്.

ഈ സന്ദേശം ദേശീയ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുകയും പലസ്തീനിലെ റാമള്ളയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ പ്രതിനിധി ഓഫിസിന്റെ സമൂഹമാധ്യമ അക്കൗണ്ടുകളില്‍ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ഇതായിരുന്നു ഇന്ത്യ കാലങ്ങളായി സ്വീകരിച്ചു പോന്നിരുന്ന നയവും.
എന്നാല്‍ ഹമാസ് ഇസ്രയേലിനകത്തു കയറി ആക്രമണം നടത്തിയപ്പോള്‍ നരേന്ദ്ര മോഡി ഇതിന് കടകവിരുദ്ധമായ നിലപാടാണ് സ്വീകരിച്ചത്. കഴിഞ്ഞ ദിവസം സമൂഹമാധ്യമമായ എക്സില്‍ കുറിച്ചതും ഇതിനെതിരായിരുന്നു. പശ്ചിമേഷ്യയിലെ സംഘര്‍ഷത്തില്‍ ഇന്ത്യ ഇസ്രയേലിനൊപ്പം തന്നെയെന്നാണ് എക്സില്‍ കുറിച്ചത്. ഇസ്രയേല്‍ പ്രധാനമന്ത്രി തന്നെ ഫോണില്‍ വിളിച്ച് സ്ഥിതിഗതികള്‍ വിവരിച്ചുവെന്നും ഇസ്രയേലിനൊപ്പമാണ് തങ്ങളെന്ന് അറിയിച്ചെന്നും മോഡി കുറിച്ചു.

സംഘര്‍ഷം ആരംഭിച്ച ദിവസവും രാജ്യത്തിന്റെയും തന്റെ തന്നെയും മുന്‍ നിലപാടിന് വിരുദ്ധമായി ഇസ്രയേലിനെ പിന്തുണയ്ക്കുന്ന ഏകപക്ഷീയ നിലപാട് അദ്ദേഹം സ്വീകരിച്ചു. രാജ്യത്തിന്റെ നിഷ്പക്ഷ വിദേശ നയത്തില്‍ നിന്നുള്ള ഈ വ്യതിയാനം വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു.
മോഡിയുടെ വാക്കും പ്രവര്‍ത്തിയും തമ്മിലുള്ള അന്തരത്തെയാണ് ഇത് പ്രകടമാക്കുന്നതെന്ന് സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം അഭിപ്രായപ്പെട്ടു. വാക്കുകള്‍ തെക്കോട്ടും പ്രവര്‍ത്തി വടക്കോട്ടുമാണ്. ഒരുവര്‍ഷം മുമ്പ് സമാധാനത്തിനും സമൃദ്ധിക്കും വേണ്ടിയുള്ള യാത്രയ്ക്ക് പിന്തുണ വാഗ്ദാനം ചെയ്തു. ഇപ്പോൾ പലസ്തീനിൽ വംശഹത്യ ആക്രമണം അഴിച്ചുവിടുന്ന ഇസ്രായേലിനൊപ്പം നിൽക്കുന്നു. ഹമാസിന് തെറ്റുപറ്റി. എന്നാല്‍ അവർ കാരണം പലസ്തീൻ തുടച്ചുനീക്കപ്പെടരുത്. പശ്ചിമേഷ്യയിൽ ഇന്ത്യ കാലം ശരിയെന്ന് തെളിയിച്ച നയം ഉയർത്തിപ്പിടിക്കണമെന്ന് ബിനോയ് വിശ്വം സമൂഹമാധ്യമമായ എക്സില്‍ കുറിച്ചു.

ഒഴിപ്പിക്കല്‍ ദൗത്യം പ്രഖ്യാപിച്ച് ഇന്ത്യ

ഇസ്രയേല്‍-ഹമാസ് സംഘര്‍ഷം തുടങ്ങി അഞ്ചാം നാള്‍ ഒഴിപ്പിക്കല്‍ പ്രഖ്യാപനവുമായി ഇന്ത്യ. ഓപ്പറേഷന്‍ അജയ് എന്ന പേരിലാകും സംഘര്‍ഷമേഖലയില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കുക. ആദ്യ വിമാനം നാളെ പുറപ്പെടും. നിരവധി ഇന്ത്യക്കാരാണ് പ്രദേശത്ത് കുടുങ്ങിക്കിടക്കുന്നത്. മറ്റ് രാജ്യങ്ങള്‍ രണ്ട് ദിവസത്തിന് മുമ്പ് തന്നെ ദൗത്യം ആരംഭിച്ചിരുന്നു.

Eng­lish Summary:Narendra Modi has turned his back on the Pales­tine issue
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.