ദേശീയ വിദ്യാഭ്യാസ നയത്തിന്റെ മറവില്‍ ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ശ്രമം തമിഴ്നാട് അംഗീകരിക്കില്ലെന്ന് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍. കേന്ദ്രസര്‍ക്കാര്‍ ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചാല്‍ മറ്റൊരു ഭാഷാ യുദ്ധമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദി അടിച്ചേല്‍പ്പിച്ചതിനാല്‍ നിരവധി ഉത്തരേന്ത്യന്‍ മാതൃഭാഷകള്‍ തുടച്ചുനീക്കപ്പെട്ടുവെന്നും അദ്ദേഹം ആരോപിച്ചു. കേന്ദ്രം തമിഴ്നാട്ടില്‍ ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ പദ്ധതിയിടുന്നു. ഹരിയാന, ബീഹാര്‍, യുപി സംസ്ഥാനങ്ങളില്‍ ഹിന്ദി അടിച്ചേല്‍പ്പിച്ചതിനാല്‍ അവരുടെ മാതൃഭാഷകള്‍ നശിപ്പിക്കപ്പെട്ടു. എന്‍ഇപി അംഗീകരിച്ചാല്‍ മാത്രമേ അവര്‍ ഫണ്ട് നല്‍കൂ എന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ പറയുന്നു.
എന്‍ഇപി അംഗീകരിച്ച് നമ്മുടെ മേല്‍ ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ 5000 കോടി മുതല്‍ 6000 കോടി വരെ നല്‍കാന്‍ അവര്‍ തയ്യാറാണ്, അദ്ദേഹം പറഞ്ഞു. ബിജെപി നയിക്കുന്ന കേന്ദ്ര സര്‍ക്കാരിനെ ഡിഎംകെ സര്‍ക്കാര്‍ ഭയപ്പെടുന്നില്ലെന്നും ഉദയനിധി പറഞ്ഞു. മുഖ്യമന്ത്രി അടുത്തിടെ മൂന്ന് കാര്യങ്ങള്‍ പറഞ്ഞു. ഞങ്ങള്‍ എന്‍ഇപി അംഗീകരിക്കുന്നില്ല, അതിര്‍ത്തി നിര്‍ണ്ണയം അംഗീകരിക്കില്ല, ഹിന്ദി അടിച്ചേല്‍പ്പിക്കലും അംഗീകരിക്കില്ല. ഇന്ന് കേന്ദ്രം പുതിയ വിദ്യാഭ്യാസ നയത്തിലൂടെ നേരിട്ട് ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയാണ്,അദ്ദേഹം വ്യക്തമാക്കി.പുതിയ വിദ്യാഭ്യാസ നയവും ഹിന്ദി അടിച്ചേല്‍പ്പിക്കലും തമിഴ്നാട് ഒരിക്കലും അംഗീകരിക്കില്ല എന്നും കേന്ദ്ര സര്‍ക്കാരിന്റെ ഭീഷണികളെ തങ്ങള്‍ ഭയപ്പെടുന്നില്ല എന്നും അദ്ദേഹം പറഞ്ഞു. കാരണം തമിഴ്‌നാട് നിലവില്‍ ഭരിക്കുന്നത് എഐഎഡിഎംകെ അല്ല ഡിഎംകെ ആണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, ദേശീയ വിദ്യാഭ്യാസ നയം വഴി ഇന്ത്യന്‍ ഭാഷകളെ പ്രോത്സാഹിപ്പിക്കേണ്ടതിന്റെ പ്രാധാന്യം കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ ആവര്‍ത്തിച്ചു.ദേശീയ വിദ്യാഭ്യാസ നയം 2020 ഇന്ത്യന്‍ ഭാഷകള്‍ക്ക് പ്രാധാന്യം നല്‍കുന്നു. എല്ലാ ഇന്ത്യന്‍ ഭാഷകള്‍ക്കും തുല്യ അവകാശങ്ങളുണ്ട്. എല്ലാം ഒരേ രീതിയില്‍ പഠിപ്പിക്കണം. ഇതാണ് എന്‍ ഇ പിയുടെ ലക്ഷ്യം. തമിഴ്നാട്ടിലെ ചിലര്‍ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി ഇതിനെ എതിര്‍ക്കുന്നു. എന്‍ ഇ പിയില്‍ എവിടെയും ഹിന്ദി മാത്രമേ പഠിപ്പിക്കൂ എന്ന് തങ്ങള്‍ പറഞ്ഞിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു. നേരത്തെ മുഖ്യമന്ത്രി എംകെ സ്റ്റാലിനും ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കുന്നതിനെതിരെ രംഗത്തെത്തിയിരുന്നു. തമിഴിനെ സംരക്ഷിക്കാന്‍ ഏതറ്റം വരേയും പോകും എന്നായിരുന്നു സ്റ്റാലിന്‍ പറഞ്ഞത്. ഇതിനായി ദ്രാവിഡ പാര്‍ട്ടികള്‍ ഒറ്റക്കെട്ടായി നില്‍ക്കണം എന്നും അദ്ദേഹം ആഹ്വാനം ചെയ്തിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.