പശ്ചിമബംഗാള്‍ തീരത്ത് ചുഴലിക്കാറ്റുവീശാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെത്തുടര്‍ന്ന് ദേശീയ ജൂനിയര്‍ അത്ലറ്റിക് മീറ്റ് മാറ്റിവെച്ചു. ചൊവ്വാഴ്ച വൈകീട്ട് കേരളത്തിന്റെ ആദ്യസംഘം തിരുവനന്തപുരത്ത് നിന്ന് യാത്രതിരിച്ചശേഷമാണ് മീറ്റ് മാറ്റിയതായി അറിയിപ്പുവന്നത്. ഇതേത്തുടര്‍ന്ന് താരങ്ങളും പരിശീലകരും കോട്ടയത്തിറങ്ങി. രാത്രി പുറപ്പെടാനിരുന്ന മറ്റൊരു സംഘവും യാത്ര ഉപേക്ഷിച്ചു. 25 മുതല്‍ 29 വരെ ഒഡിഷയിലെ കലിംഗ സ്റ്റേഡിയത്തിലാണ് മത്സരം നിശ്ചയിച്ചിരുന്നത്.
ഒഡിഷയില്‍ കനത്ത ചുഴലിക്കാറ്റിനു സാധ്യതയുണ്ടെന്നും തീവണ്ടി റദ്ദാക്കുമെന്നും ചൊവ്വാഴ്ച ഉച്ചയ്ക്കുതന്നെ വാര്‍ത്ത വന്നിരുന്നു. എന്നാല്‍, വണ്ടി കൃത്യസമയത്ത് ഓടുമെന്ന് വൈകീട്ട് നാലുമണിയോടെ റെയില്‍വേ അധികൃതര്‍ വ്യക്തമാക്കി. മീറ്റ് മാറ്റിവെച്ചതായി അറിയിപ്പുവന്നതുമില്ല. ഇതേത്തുടര്‍ന്ന് ആശങ്കകള്‍ക്കൊടുവിലാണ് വൈകീട്ട് അരുണോയ് എക്‌സ്പ്രസില്‍ ഒരുസംഘം യാത്രതിരിച്ചത്. രാത്രി എട്ടുമണിയോടെയാണ് മീറ്റ് മാറ്റിയതായി ഔദ്യോഗിക അറിയിപ്പുവന്നത്. കലിംഗ സ്റ്റേഡിയത്തില്‍ ഐ.എസ്.എല്‍. ഫുട്‌ബോള്‍ മത്സരങ്ങളും നടക്കുന്നുണ്ട്. ഈ മത്സരക്രമം കൂടി നോക്കിയശേഷം നവംബര്‍ അവസാനത്തോടെ മീറ്റ് നടത്തുമെന്നാണ് സൂചന. ആദ്യം കേരളത്തില്‍ മീറ്റ് നടത്താനായിരുന്നു തീരുമാനിച്ചത്. സംസ്ഥാന സ്‌കൂള്‍ കായികമേളയും ഇതിനോട് അടുപ്പിച്ചുവരുന്നതിനാല്‍ കേരളം നടത്തിപ്പില്‍നിന്ന് പിന്മാറുകയായിരുന്നു. ഇതേത്തുടര്‍ന്ന് ഒഡിഷ മത്സരം ഏറ്റെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.