2 January 2026, Friday

സംരംഭക വർഷം പദ്ധതിക്ക് ദേശീയ അംഗീകാരം

Janayugom Webdesk
ന്യൂഡൽഹി
January 8, 2023 11:55 pm

സംസ്ഥാന വ്യവസായ വകുപ്പിന്റെ സംരംഭക വർഷം പദ്ധതിക്ക് ദേശീയ അംഗീകാരം. പ്രധാനമന്ത്രി നരേന്ദ്ര മോഡി അധ്യക്ഷത വഹിച്ച സംസ്ഥാന ചീഫ് സെക്രട്ടറിമാരുടെ ദേശീയ സമ്മേളനത്തിൽ രാജ്യത്തെ മികച്ച പ്രവര്‍ത്തനമായി കേരളത്തിലെ വ്യവസായ വകുപ്പിന്റെ സംരംഭക വർഷം പദ്ധതി കേന്ദ്ര സർക്കാർ തന്നെ അവതരിപ്പിച്ചു. 

കേരളത്തിന്റെ ചരിത്രത്തിലാദ്യമായി ഒരു വർഷത്തിനുള്ളിൽ ഒരു ലക്ഷം സംരംഭങ്ങൾ സൃഷ്ടിക്കപ്പെട്ട പദ്ധതിയാണിത്. കഴിഞ്ഞ മാർച്ച് 30 ന് മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്‌ഘാടനം നിർവഹിച്ചത്. ഏപ്രിലിൽ തുടക്കം കുറിച്ച പദ്ധതി നവംബർ ആയപ്പോൾ തന്നെ പദ്ധതി ലക്ഷ്യം പൂർത്തിയാക്കി. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ഇതുവരെ 7261.54 കോടിയുടെ നിക്ഷേപങ്ങളാണ് ഉണ്ടായിരിക്കുന്നത്. 1,18,509 സംരംഭങ്ങൾ സൃഷ്ടിക്കപ്പെട്ടതിലൂടെ 2,56,140 തൊഴിലുകൾ സൃഷ്ടിക്കാനായി.
സംരംഭങ്ങളുടെ എണ്ണത്തിലും നിക്ഷേപത്തിന്റെ കാര്യത്തിലും തൊഴിലവസരങ്ങളുടെ കാര്യത്തിലുമെല്ലാം സമാനതകളില്ലാത്ത നേട്ടമാണ് സംരംഭകവര്‍ഷം കൈവരിച്ചിരിക്കുന്നതെന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു.
പദ്ധതി ആരംഭിച്ച് 235 ദിവസം പിന്നിടുമ്പോഴാണ് ഈ നേട്ടം കൈവരിക്കപ്പെട്ടതെന്നത് ദേശീയ വിലയിരുത്തലിൽ പ്രത്യേകം പരാമർശിക്കപ്പെട്ടു. 

മലപ്പുറം, എറണാകുളം ജില്ലകളിലാണ് ഏറ്റവുമധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടത്. ഇരുപതിനായിരത്തിലധികം തൊഴിലവസരങ്ങൾ ഈ രണ്ട് ജില്ലകളിൽ സൃഷ്ടിക്കപ്പെട്ടു. കൊല്ലം, തൃശ്ശൂർ, തിരുവനന്തപുരം, കോഴിക്കോട്, പാലക്കാട് ജില്ലകളിൽ പതിനയ്യായിരത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. വ്യാവസായികമായി പിന്നാക്കം നിൽക്കുന്ന കാസർകോട്, ഇടുക്കി, വയനാട് ജില്ലകളിൽ മാത്രമാണ് പതിനായിരത്തിൽ കുറവ് തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. എങ്കിലും പദ്ധതിയിൽ മികച്ച പ്രകടനം കാഴ്ച വെക്കുന്നതിന് ഈ ജില്ലകൾക്കും സാധിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

കൃഷി — ഭക്ഷ്യ സംസ്കരണ മേഖലയിൽ 40,622 പേർക്ക് തൊഴിൽ നൽകി. 16,129 സംരംഭങ്ങൾ ആരംഭിച്ചതിലൂടെ 963.68 കോടി രൂപയുടെ നിക്ഷേപമുണ്ടായി. ഗാർമെന്റ്സ് ആന്റ് ടെക്സ്റ്റൈൽ മേഖലയിൽ സൃഷ്ടിക്കപ്പെട്ടത് 22,312 തൊഴിലവസരങ്ങളാണ്. 10,743 സംരംഭങ്ങളും 474 കോടി രൂപയുടെ നിക്ഷേപവും ഈ മേഖലയിൽ ഉണ്ടായി. ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്സ് മേഖലയിൽ 7454 തൊഴിലവസരങ്ങളും 4014 സംരംഭങ്ങളും 241 കോടി രൂപയുടെ നിക്ഷേപവും സൃഷ്ടിക്കപ്പെട്ടു.
സർവീസ് മേഖലയിൽ 7048 സംരംഭങ്ങളാണ് രജിസ്റ്റർ ചെയ്തത്. 428 കോടി രൂപയുടെ നിക്ഷേപവും 16,156 തൊഴിലും ഈ മേഖലയിൽ ഉണ്ടായി. വ്യാപാര മേഖലയിലാണ് ഏറ്റവുമധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടത്. 54,108 തൊഴിലുകൾ നൽകുന്നതിനായി 29,428 സംരംഭങ്ങളും 1652 കോടിയുടെ നിക്ഷേപവും ഉണ്ടായിട്ടുണ്ട്. 

Eng­lish Sum­ma­ry: Nation­al recog­ni­tion for Entre­pre­neur­ial Year scheme

You may also like this video

Kerala State - Students Savings Scheme

TOP NEWS

January 2, 2026
January 2, 2026
January 2, 2026
January 1, 2026
January 1, 2026
January 1, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.