6 May 2024, Monday

വെറുമൊരു ആശയല്ല, ഇവരുടേത് അതിജീവന മാതൃക…

ശ്യാമ രാജീവ്
തിരുവനന്തപുരം
October 17, 2023 10:43 pm

കരിമ്പിന് കാലാവസ്ഥയുമായി എന്തെങ്കിലും ബന്ധമുണ്ടോ? ഉണ്ടെന്നാണ് ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂര്‍ തിരുവന്‍വണ്ടൂര്‍ സ്വദേശിനികളായ അയനയും വിസ്മയയും പറയുന്നത്. തലസ്ഥാനത്ത് നടക്കുന്ന കുട്ടികളുടെ ദേശീയ കാലാവസ്ഥ കോണ്‍ക്ലേവില്‍ പങ്കെടുക്കാനെത്തിയ ഈ മിടുക്കികള്‍ മുന്നോട്ടുവയ്ക്കുന്നത് വെറുമൊരു ആശയമല്ല. കരിമ്പ് കര്‍ഷകര്‍ക്ക് ഊര്‍ജം പകരുന്ന മികച്ച മാതൃക കൂടിയാണ്. 2018ലെ പ്രളയത്തില്‍ നിന്നാണ് അയനയും വിസ്മയയും കോണ്‍ക്ലേവില്‍ അവതരിപ്പിക്കാനുള്ള ആശയം കണ്ടെത്തിയത്. ജില്ലാതല മത്സരത്തില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചപ്പോള്‍ ആഗോളതാപനം പോലുള്ള പതിവ് ആശയം ആകരുതെന്ന് ഇവര്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. അങ്ങനെയാണ് സ്വന്തം നാടായ തിരുവന്‍വണ്ടൂരിലെ കരിമ്പിന്‍ കൃഷിയെയും കാലാവസ്ഥയെയും ബന്ധപ്പെടുത്തി പോസ്റ്റര്‍ അവതരണം നടത്താന്‍ ഇവര്‍ തീരുമാനിച്ചത്.

മഹാപ്രളയത്തില്‍ മുങ്ങിപ്പോയ തിരുവന്‍വണ്ടൂരില്‍ അന്ന് മറ്റെല്ലാം നശിച്ചപ്പോള്‍ അവശേഷിച്ചത് അവിടുത്തെ സ്വന്തം ഹൈബ്രിഡ് ഇനമായ മാധുരി എന്ന കരിമ്പാണ്. ഒരാഴ്ചയിലധികം വെള്ളത്തിലായിരുന്ന കരിമ്പ് പ്രളയത്തെ അതിജീവിച്ചു എന്ന കേട്ടറിവില്‍ നിന്ന് കോണ്‍ക്ലേവിലേക്കുള്ള ആശയത്തിലേക്ക് എത്തി. കരിമ്പ് കൃഷി ചെയ്യുന്ന ഫാമുകളിലും ഫാക്ടറികളിലും നേരിട്ടുപോയി കര്‍ഷകരുമായി സംസാരിച്ച് ഒരു മാസത്തെ പഠനത്തിനൊടുവിലാണ് ജില്ലാതല മത്സരത്തില്‍ പങ്കെടുത്തതെന്ന് അയനയും വിസ്മയയും പറയുന്നു. പ്രളയത്തെ അതിജീവിച്ച സെന്‍ട്രല്‍ ട്രാവന്‍കൂര്‍ ജാഗറി എന്ന പോസ്റ്റര്‍ പ്രോജക്ട് ആണ് ഇന്നലെ ഇവര്‍ കോണ്‍ക്ലേവില്‍ അവതരിപ്പിച്ചത്. 

ജില്ലാതല മത്സരത്തില്‍ എട്ടു ടീമുകളെ പിന്നിലാക്കിയാണ് ഇവര്‍ ദേശീയ കാലാവസ്ഥ കോണ്‍ക്ലേവിലെത്തിയത്. അധ്യാപകനായ ജിജിന്‍ ആണ് പ്രോജക്ട് അവതരണത്തിന് സഹായിച്ചത്. ഒരു കാലത്ത് പേരുകേട്ട തിരുവൻവണ്ടൂർ പതിയൻ ശർക്കരയുടെ ഉല്പാദനം കുറഞ്ഞുവരികയാണ്. അതുകൊണ്ടുതന്നെ കാലാവസ്ഥ പ്രതികൂലമാകില്ലെന്നും കരിമ്പിന്‍ കൃഷി ചെയ്യാന്‍ എല്ലാവരും മുന്നിട്ടിറങ്ങണമെന്നുമുള്ള സന്ദേശം കൂടിയാണ് ഇരുവരും പങ്കുവയ്ക്കുന്നത്. തിരുവന്‍വണ്ടൂര്‍ ജിഎച്ച്എസ്എസില്‍ വിസ്മയ ബിജു പ്ലസ്‌വണും അയന ബിനോയ് പ്ലസ് ടു വിദ്യാര്‍ത്ഥിനിയുമാണ്.
കോണ്‍ക്ലേവില്‍ സമ്മാനം ലഭിക്കുക എന്നല്ല ഭൂമിക്ക് ദോഷമില്ലാതെ ഏതു കാലാവസ്ഥയിലും വിളയുന്ന മാധുരിയെക്കുറിച്ച് കൂടുതല്‍ ആളുകളിലേക്ക് എത്തിക്കണമെന്നതാണ് അവരുടെ ആഗ്രഹം.

ഇവരുടെ കണ്ടെത്തല്‍

സാധാരണ നവംബര്‍ ‍ഡിസംബര്‍ മാസമാണ് കരിമ്പിന്‍ കൃഷിക്ക് അനുയോജ്യമെങ്കിലും ഏതു കാലാവസ്ഥയിലും കൃഷി ചെയ്യാം, മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ ഒന്നും ഇല്ല, ഒരു വേസ്റ്റും ഉണ്ടാകില്ല, കരിമ്പിന്‍ നീരില്‍ നിന്ന് ബയോ ഓയില്‍ ലഭിക്കും, കൃഷി ചെയ്യുന്നതുകൊണ്ട് ചുറ്റുപാടിനോ, വെള്ളത്തിനോ ദോഷമുണ്ടാകില്ല തുടങ്ങി നിരവധി സവിശേഷതകള്‍ ഇവര്‍ കണ്ടെത്തി.
പ്രളയത്തില്‍ മുങ്ങിയ കരിമ്പിന് ഗുണമേന്മ കൂടുമെന്നും കണ്ടെത്തി. പ്രളയത്തില്‍ അടിഞ്ഞുകൂടുന്ന എക്കല്‍മണ്ണില്‍ നിന്നുള്ള മിനറല്‍സ് ഗുണമേന്മ കൂട്ടാന്‍ സഹായകമാകുമെന്നാണ് ഇവര്‍ പറയുന്നത്.

മാധുരി എന്ന ഹൈബ്രി‍‍ഡ് ഇനം

ഭൂപ്രകൃതി സൂചികയില്‍ ഇടം നേടിയ സെന്‍ട്രല്‍ ട്രാവന്‍കൂര്‍ ജാഗറിയുടെ മാധുരി എന്ന ഹൈബ്രിഡ് ഇനമാണ് തിരുവന്‍വണ്ടൂരിന്റെ മണ്ണില്‍ വിളയുന്നത്. മുന്‍കാലങ്ങളില്‍ ഒരു വര്‍ഷമായിരുന്നു വിളവെടുപ്പ് കാലം. ഹൈബ്രിഡ് ചെയ്തതിനുശേഷം ആറു മാസമാകുമ്പോള്‍ വിളവെടുക്കാം. തമി‌‌ഴ‌്നാട്ടില്‍ ഉല്പാദിപ്പിക്കുന്ന ശര്‍ക്കരക്ക് ഉപ്പ് രസമുണ്ട്. എന്നാല്‍ ഇവിടെ പമ്പ, മണിമലയാര്‍ തീരങ്ങളില്‍ കൃഷി ചെയ്യുന്നതിനാല്‍ മധുരം കൂടുതലാണെന്ന് അയനയും വിസ്മയയും പറയുന്നു.

Eng­lish Sum­ma­ry: Not just an idea, theirs is a mod­el of survival…

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.