
കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ, ചങ്ങാത്ത മുതലാളിത്ത നയങ്ങള്‍ക്കെതിരെ ഈ മാസം 10ന് രാജ്യവ്യാപകമായി പ്രതിഷേധ ദിനം ആചരിക്കാന്‍ സിപിഐ ദേശീയ കൗണ്‍സില്‍ യോഗം ആഹ്വാനം ചെയ്തു. ചങ്ങാത്ത മുതലാളിത്തം പ്രോത്സാഹിപ്പിക്കുന്നതിൽ സർക്കാരിന്റെ പങ്ക് തുറന്നുകാട്ടുക, ബിജെപിയുടെ ദുർഭരണത്തെക്കുറിച്ചും സാമ്പത്തിക തകർച്ചയെക്കുറിച്ചും ജനങ്ങളെ ബോധവല്‍ക്കരിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് പ്രക്ഷോഭം.
അഡാനി ഗ്രൂപ്പിനെതിരെ യുഎസില്‍ അഴിമതിക്കുറ്റം ചുമത്തിയിട്ടും കമ്പനിയെ സംരക്ഷിക്കുന്ന നടപടികളാണ് കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്. മോഡി സര്‍ക്കാര്‍ ചങ്ങാത്ത മുതലാളിത്തത്തിന് അടിമപ്പെടുകയും അവര്‍ക്കുവേണ്ടി പ്രവർത്തിക്കുകയും ചെയ്യുന്നതാണ് സമീപകാല സംഭവങ്ങള്‍ വ്യക്തമാക്കുന്നത്.
ഇന്ത്യയിലെ രാഷ്ട്രീയ അധികാരവും കോർപറേറ്റ് താല്പര്യങ്ങളും തമ്മിലുള്ള പരസ്പര ബന്ധത്തെക്കുറിച്ചുള്ള നിരവധി ചോദ്യങ്ങളുയര്‍ന്നിട്ടും അവഗണിക്കപ്പെടുന്നു. അഡാനിയുടെ സാമ്പത്തിക കുറ്റകൃത്യങ്ങളും തെറ്റായ പ്രവർത്തനങ്ങളും പാര്‍ലമെന്ററി സംയുക്ത സമിതി അന്വേഷിക്കണമെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെയും ജനങ്ങളുടെയും ആവശ്യം അംഗീകരിക്കാന്‍ തയ്യാറായിട്ടില്ല. പാര്‍ലമെന്റില്‍ ചര്‍ച്ച വേണമെന്ന ആവശ്യത്തോടുപോലും മുഖംതിരിക്കുന്നു. ഇതിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയരണം. അഡാനി ഗ്രൂപ്പിനെതിരായ ക്രമക്കേട് ആരോപണങ്ങളുടെ സത്യാവസ്ഥ പുറത്തുകൊണ്ടുവരാന്‍ സമഗ്രമായ അന്വേഷണം നടത്തണം.
വിലക്കയറ്റവും ജിഡിപിയിലെ ഇടിവും തൊഴിലില്ലായ്മയും രാജ്യത്തെ സമ്പദ്‌വ്യവസ്ഥ നേരിടുന്ന വെല്ലുവിളികളുടെ തെളിവുകളാണ്. ജിഡിപി വളര്‍ച്ച ഏഴുപാദങ്ങളിലെ ഏറ്റവും കുറഞ്ഞ നിലയിലേക്ക് പതിച്ചു. വിലക്കയറ്റം സാമ്പത്തികവിദഗ്ധരുടെയും റിസര്‍വ് ബാങ്കിന്റെയും കണക്കുകൂട്ടലുകള്‍ തെറ്റിച്ചുകൊണ്ട് ഉയര്‍ന്നുനില്‍ക്കുകയാണ്. അഭ്യസ്തവിദ്യരായ യുവാക്കളിലടക്കം തൊഴിലില്ലായ്മ ഓരോ മാസവും ഉയര്‍ന്നുകൊണ്ടിരിക്കുന്നു. ഇത്തരം പ്രശ്നങ്ങള്‍ കണ്ടില്ലെന്ന് നടിക്കുന്ന മോഡി സര്‍ക്കാര്‍ രാജ്യത്തെ മുന്നോട്ടുനയിക്കുന്നതില്‍ പൂര്‍ണമായി പരാജയപ്പെട്ടിരിക്കുന്നതായി ദേശീയ കൗണ്‍സില്‍ യോഗം ചൂണ്ടിക്കാട്ടി.
മണിപ്പൂരിലെ അക്രമം ഒന്നര വർഷത്തിലേറെയായി തുടരുന്നു. സംസ്ഥാനത്ത് 60,000ത്തിലധികം ആളുകൾ അഭയാർത്ഥികളായി. ഈ കാര്യവും പാർലമെന്റില്‍ ചർച്ച ചെയ്യാൻ സർക്കാർ വിസമ്മതിക്കുന്നു. മണിപ്പൂരിലെ സ്ഥിതിഗതികൾ പാർലമെന്റില്‍ വിശദമായി ചർച്ചയ്ക്ക് വിധേയമാക്കണം. സായുധസേനയുടെ പ്രത്യേക സംരക്ഷണ നിയമം പിൻവലിക്കണമെന്നും ദേശീയ കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.