10 January 2026, Saturday

Related news

January 1, 2026
December 29, 2025
December 27, 2025
December 24, 2025
December 23, 2025
December 21, 2025
December 19, 2025
December 17, 2025
December 17, 2025
December 16, 2025

രാജ്യവ്യാപക എസ്ഐആര്‍; വീണ്ടും വോട്ടുചേര്‍ക്കണം

 പകുതിയിലധികം പേര്‍ക്കും ബാധകം
 മാനദണ്ഡം 2002 നും 2004 നും ഇടയിലെ പട്ടിക
 ശേഷം പേര് ചേര്‍ത്തവര്‍ രേഖകള്‍ നല്‍കണം
 മുമ്പുള്ളവര്‍ സത്യവാങ്മൂലം സമര്‍പ്പിക്കണം
Janayugom Webdesk
ന്യൂഡല്‍ഹി
September 17, 2025 11:22 pm

രാജ്യവ്യാപകമായി വോട്ടര്‍പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണം നടപ്പിലാക്കുന്നതിനുള്ള തെരഞ്ഞെടുപ്പ് കമ്മിഷൻ നീക്കം പകുതിയിലധികം വോട്ടര്‍മാരെ ബാധിക്കും. ഫലത്തില്‍ അത്രയും പേര്‍ വ്യക്തമായ രേഖകള്‍ സമര്‍പ്പിച്ച് വീണ്ടും പേരുചേര്‍ക്കേണ്ടിവരുമെന്നര്‍ത്ഥം. കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ വോട്ടർ പട്ടിക പുനഃക്രമീകരിക്കുന്നതിനുള്ള നടപടിക്രമങ്ങൾക്ക് ഇതിനോടകം തെരഞ്ഞെടുപ്പ് കമ്മിഷന്‍ തുടക്കം കുറിച്ചിട്ടുണ്ട്. കര്‍ണാടക ഉള്‍പ്പെടെ സംസ്ഥാനങ്ങളിലും ഉടന്‍ തന്നെ പ്രഖ്യാപനം വന്നേക്കും. തെരഞ്ഞെടുപ്പ് കമ്മിഷന്റെ തന്നെ കണക്കുകൂട്ടലില്‍ മിക്ക സംസ്ഥാനങ്ങളിലെയും പകുതിയിലധികം വോട്ടർമാരും എസ്ഐആറില്‍ പുതിയ രേഖകള്‍ സമര്‍പ്പിക്കേണ്ടതായി വരും. 

ബിഹാറിലെ തീവ്രപരിഷ്കരണത്തിനായി 2003 ലെ വോട്ടർ പട്ടിക ഉപയോഗിക്കുന്നതുപോലെ, അതത് സംസ്ഥാനങ്ങളിലെ അവസാന എസ്‌ഐആർ ആയിരിക്കും മാനദണ്ഡമാക്കുക. മിക്ക സംസ്ഥാനങ്ങളിലും 2002 നും 2004 നും ഇടയിലാണ് വോട്ടർ പട്ടികയുടെ അവസാന സ്‌പെഷ്യൽ ഇന്റൻസീവ് റിവിഷൻ (എസ്‌ഐആർ) നടന്നത്. അടുത്ത എസ്‌ഐആറിനുള്ള കട്ട് ഓഫ് തീയതിയായി ആ വർഷം കണക്കാക്കും. മിക്ക സംസ്ഥാനങ്ങളിലെയും പകുതിയില്‍ താഴെ വോട്ടർമാര്‍ മാത്രമാണ് അവരുടെ സംസ്ഥാനങ്ങളിൽ നടന്ന അവസാന എസ്‌ഐആർ പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. ഇവർക്ക് ഒരു രേഖയും നൽകേണ്ടതില്ലെന്നും സത്യവാങ്മൂലം നല്‍കിയാല്‍ മതിയെന്നും കമ്മീഷൻ പറയുന്നു. എന്നാല്‍ മറ്റുള്ളവര്‍ വോട്ടവകാശം ഉറപ്പാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിഷ്കര്‍ഷിച്ചിട്ടുള്ള 12 രേഖകളിലൊന്ന് സമര്‍പ്പിക്കണം.

മുൻ എസ്‌ഐആറിന് ശേഷം പ്രസിദ്ധീകരിച്ച, സംസ്ഥാനങ്ങളിലെ വോട്ടർ പട്ടിക തയ്യാറാക്കി സൂക്ഷിക്കാൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ചില സംസ്ഥാന സിഇഒമാർ അവരുടെ അവസാന എസ്‌ഐആറിന് ശേഷം പ്രസിദ്ധീകരിച്ച വോട്ടർ പട്ടിക വെബ്‌സൈറ്റുകളിൽ ഇതിനകം തന്നെ പ്രസിദ്ധീകരിച്ചു. ഡൽഹി സിഇഒയുടെ വെബ്‌സൈറ്റിൽ ദേശീയ തലസ്ഥാനത്ത് അവസാന തീവ്രപരിഷ്കരണം നടന്ന 2008 ലെ വോട്ടർ പട്ടികയുണ്ട്. ഉത്തരാഖണ്ഡിൽ 2006ലാണ് നടന്നത്, ആ പട്ടിക ഇപ്പോൾ സംസ്ഥാന സിഇഒ വെബ്‌സൈറ്റിലുണ്ട്. ബിഹാര്‍ എസ്ഐആറില്‍ 4.96 കോടി വോട്ടർമാർക്ക് പുതുതായി രേഖകള്‍ നല്‍കേണ്ടിവന്നിരുന്നില്ല. ഇത് മൊത്തം വോട്ടർമാരുടെ 60% ആണ്. 40% വരുന്ന മൂന്നുകോടിയോളം വോട്ടര്‍മാര്‍ക്ക് അവരുടെ പൗരത്വം ഉള്‍പ്പെടെ തെളിയിക്കേണ്ടതായി വന്നിരുന്നു. 65 ലക്ഷത്തിലേറെപ്പേരുടെ വോട്ടവകാശം ഇതിലൂടെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ എടുത്തുകളയുകയും ചെയ്തിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.