19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

February 5, 2024
January 5, 2024
December 31, 2023
December 23, 2023
December 19, 2023
December 17, 2023
December 17, 2023
December 15, 2023
December 14, 2023
December 13, 2023

മലപ്പുറത്തിന്റെ ഹൃദയം കവർന്ന് ഏറനാട്ടിലേക്ക്

സുരേഷ് എടപ്പാൾ
November 28, 2023 10:58 pm

ആദ്യദിനത്തിൽ കടലോരത്തിന്റെ മണ്ണ് പകർന്ന ആവേശം കൈമുതലാക്കിയ നവകേരളസദസിന്റെ മലപ്പുറം ജില്ലയിലെ രണ്ടാംദിനപര്യടനം പതിന്മടങ്ങായി ഉയർന്ന ജനപിന്തുണയുടെ നേർസാക്ഷ്യമായി. വള്ളിക്കുന്ന്, തിരൂരങ്ങാടി, വേങ്ങര, കോട്ടക്കൽ മണ്ഡലങ്ങളിലെല്ലാം വന്നുനിറഞ്ഞ പതിനായിരങ്ങൾ ജനകീയ സർക്കാറിന്റെ വികസന സ്വപ്നങ്ങൾക്ക് ഹൃദയം ചേർത്തുള്ള പിന്തുണ പ്രഖ്യാപിച്ചാണ് മടങ്ങിയത്.
രാവിലെ തിരൂരിൽ മന്ത്രി അബ്ദുറഹ്മാന്റെ വസതിയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിനുശേഷമാണ് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും വള്ളിക്കുന്ന് നവകേരള സദസിന്റെ വേദിയായ കാലിക്കറ്റ് സർവകലാശാല സ്റ്റേഡിയത്തിലേക്ക് പുറപ്പെട്ടത്.

അപ്പോഴും ജനനേതാക്കളുടെ മനസ്സുനിറയെ കൊല്ലം ജില്ലയിലെ ഓയൂരിൽ കാണാതായ ആറുവയസുകാരി അബിഗേല്‍ എന്ന കൊച്ചു കുട്ടിയെ കുറിച്ചുള്ള ആശങ്കകളായിരുന്നു. അന്വേഷണത്തിന്റെ ഏറ്റവും പുതിയ വിവരങ്ങൾ അപ്പപ്പോൾ തന്നെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചുകൊണ്ടിരുന്നു. കുട്ടിയെ കണ്ടെത്താൻ കൃത്യമായ ഇടപെടൽ നടത്താൻ പൊലീസിന് നിർദ്ദേശം നൽകിയാണ് മുഖ്യമന്ത്രി നവകേരള സദസിന്റെ വള്ളിക്കുന്ന് മണ്ഡലത്തിലേക്ക് തിരിച്ചത്. നേരത്തെ എത്തിയ മന്ത്രിമാരായ കെ കൃഷ്ണൻകുട്ടിയും എം ബി രാജേഷും സംസാരിച്ചു. കണക്കുകൂട്ടലുകളെ മറികടക്കുന്ന വിധത്തിലായിരുന്നു യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ ജനം തടിച്ചു കൂടിയത്. 

കൃത്യവും വ്യക്തവുമായ രാഷ്ട്രീയ വികസന കാഴ്ചപ്പാടുകൾ നിരത്തികൊണ്ട് പുരോഗമിച്ച മുഖ്യമന്ത്രിയുടെ പ്രസംഗം കേന്ദ്രസർക്കാരിനെയും കേരളത്തിലെ പ്രതിപക്ഷത്തെയും ശക്തമായി വിമർശിച്ചു. അവിടെ നിന്ന് പരപ്പനങ്ങാടിയിലെ സിപിഐ നേതാവും മുൻ സിഡ്കോ ചെയർമാനുമായ നിയാസ് പുളിക്കലകത്തിന്റെ വീട്ടിലേക്ക്. ഇവിടെയായിരുന്നു ഭക്ഷണമൊരുക്കിയിരുന്നത്. പിന്നീട് തിരൂരങ്ങാടിയിലെ അവുക്കാദർകുട്ടി നഹ സ്മാരക സ്റ്റേഡിയത്തിലെ ജനനിബിഡമായ വേദിയിലേക്ക്. അഹമ്മദ് ദേവർ കോവിലും എ കെ ശശീന്ദ്രനും ജി ആർ അനിലും സംസാരിച്ചു. തുടര്‍ന്ന് നിശിതമായ ഭാഷയിൽ കേന്ദ്രസർക്കാറിന്റെ സാമ്പത്തിക- സാമൂഹിക നിലപാടുകളെ വിമർശിച്ച മുഖ്യമന്ത്രിയുടെ പ്രസംഗം. വേങ്ങരയിലെ സബാഹ് സ്ക്വയറില്‍ മന്ത്രിമാരായ കെ രാജനും എ കെ ശശീന്ദ്രനും വീണാ ജോർജും നേരത്തെ എത്തി പ്രസംഗങ്ങൾ പൂർത്തിയാക്കി. സമാപന വേദിയായ കോട്ടയ്ക്കല്‍ മന്ത്രിമാരായ റോഷി അഗസ്റ്റിനും കെ എൻ ബാലഗോപാലും പി രാജീവും സംസാരിച്ചു. മലപ്പുറം ജില്ലയിൽ നവകേരള സദസിന്റെ സ്വീകരണങ്ങള്‍ പ്രതിപക്ഷത്തെ വിറളിപിടിപ്പിക്കുന്നതില്‍ അത്ഭുതമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

ഇന്ന് രാവിലെ ഒമ്പതിന് മലപ്പുറം വുഡ് ബൈൻ ഹോട്ടലിൽ പ്രഭാത സദസ് നടക്കും. തുടർന്ന് കൊണ്ടോട്ടി മണ്ഡലം നവകേരള സദസ് രാവിലെ 11ന് മേലങ്ങാടി ജിവിഎച്ച്എസ്എസ് ഗ്രൗണ്ട്, മഞ്ചേരി മണ്ഡലം സദസ് വൈകിട്ട് മൂന്നിന് ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ട്, മങ്കട മണ്ഡലം സദസ് വൈകിട്ട് 4.30ന് ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ട്, മലപ്പുറം മണ്ഡലം സദസ് വൈകിട്ട് ആറിന് എംഎസ്പി എൽപി സ്കൂൾ ഗ്രൗണ്ടിണ്ട് എന്നിവിടങ്ങളില്‍ നടക്കും.

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.