23 December 2024, Monday
KSFE Galaxy Chits Banner 2

Related news

August 11, 2024
August 10, 2024
July 21, 2024
June 16, 2024
April 18, 2024
April 6, 2024
April 4, 2024
December 6, 2023
October 18, 2023
September 1, 2023

പാഠങ്ങൾ നീക്കിയാലും ചരിത്രം മായ്ക്കാനാവില്ല

എ ജി വെങ്കിടേഷ്
April 13, 2023 4:45 am

കോവിഡ് മഹാമാരിയെക്കുറിച്ചുള്ള പഠനങ്ങൾ അവസാനിച്ചിട്ടില്ല. അത് ശാരീരിക, മാനസിക തലത്തിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ സംബന്ധിച്ച് വിവിധ പഠന റിപ്പോർട്ടുകൾ പുറത്തുവന്നുവെങ്കിലും ഇപ്പോഴും ശാസ്ത്രീയമായ പഠനങ്ങൾ തുടരുകയാണ്. കോവിഡ് 19ന് ഫലപ്രദമായ മരുന്ന് പോലും കണ്ടെത്തിയിട്ടുമില്ല. വിവിധ രാജ്യങ്ങൾ വികസിപ്പിച്ചെടുത്ത പ്രതിരോധ മരുന്നുകളാണ് ഉപയോഗിച്ചുവരുന്നത്. അതാകട്ടെ രോഗത്തിന്റെ ഗുരുതരാവസ്ഥ തടയുന്നതിന് മാത്രമേ ഉപയുക്തമാകുന്നുള്ളൂ എന്നാണ് നാലാം തരംഗ സാധ്യത മുന്നിൽ നില്ക്കുമ്പോൾ വിലയിരുത്തുവാൻ വൈദ്യലോകത്തിന് സാധിക്കുന്നുള്ളൂ. പക്ഷേ കോവിഡ് ഇന്ത്യയിലെ വിദ്യാർത്ഥികളിലുണ്ടാക്കുന്ന മാനസിക സമ്മർദം പരിഹരിക്കുന്നതിനുള്ള ഒറ്റമൂലി കേന്ദ്ര സർക്കാരിനു കീഴിലുളള നാഷണൽ കൗൺസിൽ ഓഫ് എജ്യൂക്കേഷണൽ റിസർച്ച് ആന്റ് ട്രെയിനിങ് (എൻസിഇആർടി) കണ്ടെത്തിയിരിക്കുന്നു. ഭാരം കൂടിയ പാഠഭാഗങ്ങൾ ഒഴിവാക്കിയാൽ കോവിഡനന്തരം വിദ്യാർത്ഥികളുടെ മാനസിക സമ്മർദം കുറയ്ക്കാമെന്നാണ് അവരുടെ കണ്ടെത്തൽ. ഇതുസംബന്ധിച്ച് എൻസിഇആർടി നടത്തിയ ഔദ്യോഗിക വിശദീകരണത്തിൽ പറയുന്നത്: ‘കോവിഡ് 19 മഹാമാരി കണക്കിലെടുത്ത് വിദ്യാർത്ഥികളുടെ പാഠപുസ്തകങ്ങളിലെ ഉള്ളടക്ക ഭാരം കുറയ്ക്കേണ്ടത് അത്യന്താപേക്ഷിതമാണ്.

ഉള്ളടക്ക ഭാരം കുറച്ച്, സർഗാത്മക ചിന്താഗതിയോടെയുള്ള പഠനത്തിന് അവസരം നല്കുക എന്നതിനാണ് 2020ലെ ദേശീയ വിദ്യാഭ്യാസ നയം ഊന്നൽ നല്കുന്നത്. ഈ സാഹചര്യത്തിൽ എല്ലാ ക്ലാസുകളിലെയും പാഠപുസ്തകങ്ങളുടെ ഉള്ളടക്കം യുക്തിസഹമാക്കുവാൻ എൻസിഇആർടി തീരുമാനിച്ചിരിക്കുന്നു’ എന്നാണ്. പാഠഭാഗങ്ങൾ യുക്തിസഹമാക്കിയ ശേഷമുള്ള പുസ്തകങ്ങൾ പുതിയ അധ്യയന വർഷം മുതൽ നടപ്പിലാക്കുമെന്നും അടുത്തവർഷങ്ങളിലും തുടരുമെന്നുമാണ് എൻസിഇആർടി അറിയിച്ചിട്ടുള്ളത്. ചരിത്രവും വർത്തമാനവും പഠിച്ചിട്ടുള്ള, പഠിച്ചുകൊണ്ടിരിക്കുന്ന ഒരാൾക്കും ബോധ്യമാകാത്ത യുക്തിയാണ് ഇതിലൂടെ എൻസിഇആർടി അവതരിപ്പിച്ചിരിക്കുന്നത് എന്നത് മാറ്റിനിർത്താം. കാരണം കഴിഞ്ഞ കുറച്ചുകാലമായി കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയ — ആശയ താല്പര്യങ്ങൾ നടപ്പിലാക്കുന്നതിന് പരിഷ്കരണങ്ങൾ എന്ന പേരിൽ എൻസിഇആർടി, യുജിസി തുടങ്ങിയ സംവിധാനങ്ങൾ നടപ്പിലാക്കുന്നതൊന്നും യുക്തിസഹമായിരുന്നില്ല എന്നതുതന്നെ. 12-ാം ക്ലാസിലെ പാഠഭാഗങ്ങൾ ഒഴിവാക്കുന്നതിലൂടെ കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയ അജണ്ടയാണ് നടപ്പിലാക്കപ്പെടുന്നത് എന്ന് വളരെ വ്യക്തമാണ്. നേരത്തെ തന്നെ പാഠപുസ്തകങ്ങളിലെ ഭാഗങ്ങൾ മാറ്റുകയെന്ന പ്രക്രിയ കേന്ദ്ര സർക്കാർ നടപ്പിലാക്കിയിരുന്നു.


ഇതൂകൂടി വായിക്കൂ:ആരോഗ്യ ജാഗ്രത അത്യാവശ്യം 


16, 17 നൂറ്റാണ്ടിലെ ചരിത്ര ഭാഗങ്ങളിൽ നിന്ന് മുഗൾ കാലഘട്ടം ഒഴിവാക്കുകയും ചെയ്തിരുന്നു. ഇന്ത്യാ ചരിത്രത്തിന്റെ പ്രതിപാദ്യ വിഷയങ്ങൾ എന്ന പുസ്തകത്തിലുണ്ടായിരുന്ന ഭാഗങ്ങളാണ് ഒഴിവാക്കിയത്. ഇതിന് പുറമേ ജാതി വ്യവസ്ഥ, സാമൂഹ്യ പ്രസ്ഥാനങ്ങൾ, വ്യവസായ വിപ്ലവം എന്നിവയും നീക്കിയിരുന്നു. ഇവയെല്ലാം ചെയ്തത് ആർഎസ്എസ് ആശയത്തിന്റെയും അവരുടെ പ്രാമാണിക ഗ്രന്ഥമായ വിചാരധാരയുടെയും മനുസ്മൃതിയുടെയും അടിസ്ഥാനത്തിൽ ഭരിക്കുന്ന ബിജെപിയുടെ രാഷ്ട്രീയ കാഴ്ചപ്പാടിന്റെ ഭാഗമാണെന്നത് വസ്തുതയാണ്. ഇന്നത്തെ ഇന്ത്യയിൽ ബിജെപി പിന്തുടരുന്ന ചാതുർവർണ്യ വ്യവസ്ഥയും സവർണാധിപത്യ ചിന്താഗതിയും കുട്ടികൾക്ക് തിരിച്ചറിയുവാൻ എളുപ്പത്തിൽ സാധിക്കുന്ന പാഠമാണ് ജാതി വ്യവസ്ഥയെക്കുറിച്ചുള്ള ഭാഗങ്ങൾ. നാല് വർണങ്ങളും അതിൽ ബിജെപിയുടെ സവർണബോധ്യവും മറ്റ് മൂന്ന് വിഭാഗങ്ങൾ നേരിടുന്ന അടിച്ചമർത്തലുകളും അകറ്റിനിർത്തലും വിദ്യാർത്ഥി പഠിച്ചുകൂടെന്നതായിരുന്നു ഇതിന്റെ പിന്നിലുള്ള യഥാർത്ഥ ലക്ഷ്യം. സാമൂഹ്യ പ്രസ്ഥാനങ്ങൾ, വ്യവസായ വിപ്ലവം എന്നിവ സംബന്ധിച്ച പഠനം ഇപ്പോഴത്തെ ഭരണാധികാരികൾ രാജ്യത്തെ വൻ വളർച്ചയിലേക്ക് നയിച്ചുവെന്ന പൊള്ളത്തരം തകർക്കുന്നതിന് ഇടയാക്കുന്നതാണ്. നേരത്തെ ഉണ്ടായ വ്യവസായ വിപ്ലവത്തിന്റെയും പൊതുമേഖലാ സംരംഭങ്ങളുടെയും അടിത്തറയിലാണ് ഇന്ത്യ മുന്നോട്ടു പോയതെന്നും ഇപ്പോഴത്തെ സർക്കാർ നടപ്പിലാക്കിയ നയങ്ങൾ ആ അടിത്തറ തകർക്കുന്നതായിരുന്നുവെന്നും വിദ്യാർത്ഥി പഠിക്കുവാൻ പാടില്ലെന്ന വാശിയാണ് അത്തരം ഭാഗങ്ങൾ ഒഴിവാക്കുന്നതിന് പ്രേരകമായത്.

ഇതിന് പിന്നാലെയാണ് പുതിയ മാറ്റത്തിനുള്ള തീരുമാനം. ചരിത്രത്തിൽ നിന്ന് മാറ്റിയവയെല്ലാം ഇപ്പോഴത്തെ ഭരണാധികാരികളെ വല്ലാതെ അലോസരപ്പെടുത്തുന്ന ഭാഗങ്ങളാണെന്നത് ഇതിന് പിന്നിലെ രാഷ്ട്രീയ ലക്ഷ്യം തുറന്നുകാട്ടുന്നു. ബിജെപിയും ആർഎസ്എസും ഏറ്റവും വലിയ പ്രതിബന്ധം നേരിടുന്ന ചോദ്യം ഗാന്ധി വധത്തിൽ അവരുടെ പൂർവഗാമികൾക്കുള്ള പങ്കാളിത്തമാണ്. സ്വാതന്ത്ര്യ സമരത്തിലെ ആർഎസ്എസിന്റെ നിലപാടും ചില ഘട്ടങ്ങളിൽ പ്രസ്തുത സംഘടന നിരോധിക്കപ്പെട്ടതുമെല്ലാം സമകാലിക ഇന്ത്യയിൽ അവരെ കുറ്റാരോപിതരായി പ്രതിക്കൂട്ടിൽ നിർത്തുന്ന വിഷയങ്ങളാണ്. ഗാന്ധിവധം ഇന്ത്യാ ചരിത്രത്തിലെ കറുത്ത അധ്യായമാണെങ്കിൽ ആർഎസ്എസിനെയും ബിജെപിയെയും സംബന്ധിച്ച് അത് എല്ലായ്പ്പോഴും ഉറക്കം കെടുത്തുന്ന പേടി സ്വപ്നവുമാണ്. അതിന്റെ പേരിൽ അവർ എല്ലാ കാലത്തും ചോദ്യം ചെയ്യപ്പെട്ടുകൊണ്ടേയിരിക്കുകയും ചെയ്യും. അതുപോലെ തന്നെയാണ് ഇപ്പോൾ ഒഴിവാക്കിയിരിക്കുന്ന ഹിന്ദു — മുസ്ലിം ഐക്യത്തെക്കുറിച്ചുള്ള പാഠഭാഗങ്ങൾ. ഉത്തരേന്ത്യൻ ലോല പ്രദേശങ്ങളിൽ അവർ രാഷ്ട്രീയ ലാഭക്കൃഷിയുടെ വിത്തു വിതയ്ക്കുന്നത് ഹിന്ദു — മുസ്ലിം അനൈക്യം സൃഷ്ടിച്ചും സാമുദായിക ധ്രുവീകരണമുണ്ടാക്കിയുമാണ്. അതിനു കടക വിരുദ്ധമായതാണ് സൗഹാർദത്തിന്റെയും സമഭാവനയുടെയും പൂമരങ്ങൾ നിറഞ്ഞു നില്ക്കുന്ന നമ്മുടെ മുൻകാല ചരിത്രം. അത് വിദ്യാർത്ഥി പഠിച്ചാൽ തങ്ങളുടെ രാഷ്ട്രീയ ലക്ഷ്യങ്ങൾ വരും തലമുറ ചോദ്യം ചെയ്തേക്കുമെന്ന് സംഘ്പരിവാർ ഭയപ്പെടുന്നു. അതുകൊണ്ട് ചോദ്യം ചെയ്യാത്ത ഒരു തലമുറ സൃഷ്ടിക്കുന്നതിനുവേണ്ടിയുള്ള ബോധപൂർവമായ നടപടിയാണ് ഇപ്പോൾ എൻസിഇആർടി സ്വീകരിച്ചിരിക്കുന്നത്. അതിനുവേണ്ടി വർത്തമാനം കൂടി ഒഴിവാക്കുകയാണ്.


ഇതൂകൂടി വായിക്കൂ: സമഗ്ര വിദ്യാഭ്യാസ വികസനത്തിനുള്ള പദ്ധതികള്‍


ചരിത്രപുസ്തകം മാത്രമല്ല സാമൂഹ്യ പാഠത്തിലും അതിനുള്ള മാറ്റങ്ങൾ വരുത്തിയിരിക്കുന്നു. കാർഷിക ദുരന്തങ്ങൾ, പരിസ്ഥിതി പ്രശ്നങ്ങൾ, ദളിത് പീഡനങ്ങൾ, ജാത്യതിക്രമങ്ങൾ എന്നിവ ഒഴിവാക്കുന്നത് അതിന്റെ തുടർച്ചയായി വേണം കാണുവാൻ. കഴിഞ്ഞ ദിവസങ്ങളിൽ ക്രിസ്ത്യൻ വോട്ടുകളിൽ കണ്ണുവച്ച് പ്രധാനമന്ത്രി ഉൾപ്പെടെയുള്ളവർ ക്രൈസ്തവ ആരാധനാലയങ്ങളിൽ സന്ദർശനം നടത്തിയതിന്റെ കാപട്യം ചോദ്യം ചെയ്തവരെല്ലാം, ഒരുപോലെ ഉന്നയിച്ചതാണ് രാജ്യത്ത് സംഘ്പരിവാർ സംഘടനകൾ നടത്തിയ ജാതി-മതാതിക്രമങ്ങൾ. ക്രിസ്തുമത വിശ്വാസികളും ആരാധനാലയങ്ങളും സ്ഥാപനങ്ങളും ആക്രമിക്കപ്പെട്ടതിന്റെ കണക്കുകളുമായാണ് എല്ലാവരും ബിജെപിയെ നേരിട്ടത്. അത്തരം ചോദ്യങ്ങൾ ഇല്ലാതാക്കണമെങ്കിൽ ചരിത്രവും വർത്തമാനവും പഠിച്ചിട്ടില്ലാത്ത ഒരു തലമുറ സൃഷ്ടിക്കപ്പെടണം. അതുകൊണ്ടാണ് യുക്തി തീരെയില്ലാത്ത കാരണങ്ങൾ നിരത്തി പാഠപുസ്തകങ്ങൾ മാറ്റിയെഴുതുവാനുള്ള നടപടികൾ കൈക്കൊള്ളുന്നത്. പാഠപുസ്തകങ്ങൾ ഇല്ലാതാക്കിയാലും ചരിത്രം അവശേഷിക്കുമെന്നും മായ്ചുകളയാനാവില്ലെന്നും മനസിലാകാത്ത വിഡ്ഡികളാണവർ. ലോകത്താകെ ഇതുപോലുള്ള നീക്കങ്ങൾ വിവിധ കാലങ്ങളിൽ ഉണ്ടായിട്ടുണ്ട്. എന്നിട്ടും ചരിത്രം അവശേഷിക്കുക തന്നെ ചെയ്യുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.