
നാഷണല്‍ കൗണ്‍സില്‍ ഓഫ് എജ്യുക്കേണല്‍ റിസര്‍ച്ച് ആന്റ് ട്രെയിനിങ് (എന്‍സിഇആര്‍ടി) പുതിയ പാഠപുസ്തകങ്ങള്‍ കൃത്യസമയത്ത് പ്രസിദ്ധീകരിക്കാത്തതിനാല്‍ സ്കൂളുകള്‍ ആശയക്കുഴപ്പത്തില്‍. നാല്, അഞ്ച്, ആറ്, ഏഴ് ക്ലാസുകളിലേക്ക് 2025–26 അധ്യയന വര്‍ഷം പുതിയ പാഠപുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിനുള്ള തയ്യാറെടുപ്പ് ഒരു വര്‍ഷം മുമ്പ് ആരംഭിച്ചിരുന്നു. എന്നിട്ടും കൃത്യസമയത്ത് ഇവ പ്രസിദ്ധീകരിക്കാനായില്ല. ഇതോടെ രക്ഷിതാക്കളും ആശങ്കയിലായി.
കഴിഞ്ഞ അധ്യയന വര്‍ഷം മൂന്ന്, ആറ് ക്ലാസുകളിലേക്കുള്ള പുതിയ പാഠപുസ്തകങ്ങള്‍ വൈകിയാണ് പ്രസിദ്ധീകരിച്ചത്. ഏപ്രിലില്‍ സ്കൂള്‍ തുറന്നെങ്കിലും ആറാം ക്ലാസിലെ ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര പാഠപുസ്തകങ്ങള്‍ ഓഗസ്റ്റിലാണ് നല്‍കിയത്. ഇക്കൊല്ലവും സ്കൂളുകള്‍ ഏപ്രില്‍ ആദ്യവാരം തുറന്നിട്ടും എന്‍സിഇആര്‍ടി നാലാം ക്ലാസിലെ ഹിന്ദി-ഇംഗ്ലീഷ് പുസ്തകങ്ങളും ഏഴാം ക്ലാസിലെ ഇംഗ്ലീഷ് പാഠപുസ്തകവും മാത്രമേ പുറത്തിറക്കിയിട്ടുള്ളൂ. പുതിയ പുസ്തകങ്ങള്‍ ഇതുവരെ എന്‍സിഇആര്‍ടി വെബ്സൈറ്റില്‍ അപ‍്‍ലോഡ് ചെയ്തിട്ടില്ല. നാല്, അഞ്ച്, ഏഴ്, എട്ട് ക്ലാസുകളിലെ പുതിയ പാഠപുസ്തകങ്ങളും ലഭ്യമല്ല. അഞ്ച്, എട്ട് ക്ലാസുകളിലെ എല്ലാ വിഷയങ്ങള്‍ക്കും ബ്രിഡ്ജ് കോഴ്സുകള്‍ എന്‍സിഇആര്‍ടി തയ്യാറാക്കിയിട്ടുണ്ട്. അവ വെബ്സൈറ്റിലുണ്ട് താനും.
എന്‍സിഇആര്‍ടി സിലബസും പാഠപുസ്തകങ്ങളും പിന്തുടരുന്ന സിബിഎസ്ഇ കഴിഞ്ഞമാസം 26ന് പാഠപുസ്തകങ്ങളുടെ സമയപരിധി വ്യക്തമാക്കി സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു. അതനുസരിച്ച് ഭാഷകള്‍ ഒഴികെയുള്ള എല്ലാ വിഷയങ്ങളിലെയും നാലാം ക്ലാസ് പുസ്തകങ്ങള്‍ ഏപ്രില്‍ 10നകം ലഭ്യമാക്കണം. ഏഴാം ക്ലാസിലേക്കുള്ള സയന്‍സ്, ഗണിതശാസ്ത്ര പുസ്തകങ്ങള്‍ യഥാക്രമം ഏപ്രില്‍ 10നും ഏപ്രില്‍ 20നും ലഭ്യമാകും എന്നായിരുന്നു. എന്നാല്‍ ഇതിന് സാധ്യതയില്ലെന്ന് വൃത്തങ്ങള്‍ അറിയിച്ചു. അഞ്ചാം ക്ലാസിലെ പുസ്തകങ്ങള്‍ ജൂണ്‍ 15നകം ലഭിക്കുമെന്നും എട്ടിലേത് ജൂണ്‍ 20നകം കിട്ടുമെന്നും സര്‍ക്കുലറില്‍ പറയുന്നു.
പഴയ പാഠ്യപദ്ധതിയില്‍ നിന്ന് പുതിയതിലേക്ക് വിദ്യാര്‍ത്ഥികളെ സുഗമമായി മാറ്റുന്നതിനായി അഞ്ച്, എട്ട് ക്ലാസുകളിലുള്ളവര്‍ക്ക് എന്‍സിഇആര്‍ടി ബ്രിഡ്ജ് കോഴ്സുകള്‍ തയ്യാറാക്കിയിട്ടുണ്ട്. പഴയ പാഠപുസ്തകങ്ങള്‍ തന്നെ ഇപ്പോഴും പഠിക്കുകയാണെന്ന് ഏഴാം ക്ലാസിലെ വിദ്യാര്‍ത്ഥികള്‍ പറയുന്നു.
പരിമിതമായ സമയം കൊണ്ട് പുതിയ സിലബസ് തീര്‍ക്കാന്‍ പ്രയാസമാണെന്ന് ചില അധ്യാപകരും ചൂണ്ടിക്കാട്ടി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.