23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 19, 2024
December 18, 2024
December 7, 2024
October 29, 2024
September 28, 2024
September 19, 2024
September 5, 2024
July 18, 2024
July 17, 2024
June 6, 2024

പിളര്‍പ്പ് മഹാരാഷ്ട്ര കടത്താനാകുമോ

വത്സന്‍ രാമംകുുളത്ത്
July 4, 2023 11:01 am

തായ്‌വേരുകള്‍ ചികഞ്ഞുപോകേണ്ടതില്ല, കോണ്‍ഗ്രസില്‍ നിന്ന് പൊട്ടിമുളച്ചതാണ് എന്‍സിപി. 1999 മേയ് 25നായിരുന്നു പിറവി. നേരത്തെ കോണ്‍ഗ്രസ് വിട്ടവര്‍ കൂടിച്ചേര്‍ന്നുണ്ടാക്കിയ കോണ്‍ഗ്രസ് എസിലെ ഒരുവിഭാഗവുമായി സഹകരിച്ചായിരുന്നു പാര്‍ട്ടി രൂപീകരണം. ശരദ് പവാര്‍, പി എ സാഗ്മ, താരിഖ് അന്‍വര്‍ തുടങ്ങി കോണ്‍ഗ്രസില്‍ തലയെടുപ്പുണ്ടായിരുന്ന നേതാക്കളുടെ ജനകീയപിന്‍ബലം എന്‍സിപിയെ രാജ്യത്ത് വേഗത്തില്‍ വളര്‍ത്തി. എല്ലാ സംസ്ഥാനങ്ങളിലും അതിവേഗം ഘടകങ്ങളുണ്ടായി. ദ്വീപ് പ്രദേശങ്ങളായ അന്തമാന്‍ നിക്കോബര്‍, ലക്ഷദ്വീപ് എന്നിവിടങ്ങളിലും വേരോട്ടമുണ്ട്. എങ്കിലും മഹാരാഷ്ട്ര തന്നെയാണ് എന്‍സിപിയുടെ ശക്തികേന്ദ്രം.

മഹാരാഷ്ട്ര നിയമസഭയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായി വളര്‍ന്ന എന്‍സിപിയെ പിന്തുണയ്ക്കാതെ കോണ്‍ഗ്രസിന് നിലനില്‍പ്പുണ്ടായില്ല എന്ന തലത്തില്‍വരെ കാര്യങ്ങളെത്തി. 72 എംഎല്‍എമാര്‍ വരെ എന്‍സിപി ആ സംസ്ഥാനത്ത് വിജയിപ്പിച്ചു. ജീവവായു നഷ്ടപ്പെട്ടുകൊണ്ടിരുന്ന കോണ്‍ഗ്രസിനെ കൂടെ ചേര്‍ക്കാന്‍ അന്ന് എന്‍സിപി മടിച്ചില്ല എന്നത് ശ്രദ്ധേയമായി. വേണമെങ്കില്‍ മുഖ്യമന്ത്രി പദത്തിന് അവകാശവാദം ഉന്നയിക്കാമായിരുന്നിട്ടും രാഷ്ട്രീയ സാഹചര്യത്തിന്റെ പ്രാധാന്യം പരിഗണിച്ച് ഉപമുഖ്യമന്ത്രിസ്ഥാനവും ആഭ്യന്തര വകുപ്പുമാണ് പ്രധാനമായും സ്വീകരിച്ചത്. പക്ഷെ 22 മന്ത്രിമാര്‍ ഈ മന്ത്രിസഭകളില്‍ എന്‍സിപിക്ക് ഉണ്ടാവുകയും ചെയ്തു. തുടര്‍ച്ചയായ 10 വര്‍ഷം എന്‍സിപി-കോണ്‍ഗ്രസ് സഖ്യം മഹാരാഷ്ട്ര ഭരിച്ചു.

കഴിഞ്ഞ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായുള്ള സഖ്യം എന്‍സിപി ഉപേക്ഷിച്ചു. തനിച്ച് മത്സരിച്ച് 41 സീറ്റുകളാണ് നിയമസഭയിലുള്ളത്. മേഘാലയയിലെ ഭരണത്തിലും എന്‍സിപി നിര്‍ണായക കക്ഷിയായിരുന്നു. അവിടെയും കോണ്‍ഗ്രസ് തന്നെയായിരുന്നു കൂട്ടാളി. ധനകാര്യമുള്‍പ്പെടെ സുപ്രധാന വകുപ്പുകളെല്ലാം എന്‍സിപിയാണ് കൈകാര്യം ചെയ്തത്. നൂറിലേറെ എംഎല്‍എമാര്‍ നിലവില്‍ വിവിധ സംസ്ഥാനങ്ങളിലായി എന്‍സിപിക്കുണ്ട്. ആറ് ലോക്‌സഭാംഗങ്ങളും.

രണ്ടാം യുപിഎ സര്‍ക്കാര്‍ മന്ത്രിസഭയില്‍ മൂന്ന് ക്യാബിനറ്റ് മന്ത്രിമാര്‍ എന്‍സിപി പ്രതിനിധികളായിരുന്നു. സോണിയാ ഗാന്ധിയോടുള്ള എതിര്‍പ്പാണ് എന്‍സിപിയുടെ രൂപീകരണത്തിന് വഴിവച്ചത്. 2004ല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാരിന്റെ ഭാഗമായത് എന്‍സിപി നേതൃത്വത്തിന്റെ തികഞ്ഞ രാഷ്ട്രീയ നിലപാടിന്റെ ഭാഗം കൂടിയാണ്. എന്‍സിപിയുടെ നേതാവായിരുന്ന പി എ സാഗ്മയെ രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും പ്രതിപക്ഷ പ്രസ്ഥാനങ്ങളും പിന്തുണച്ച കാര്യവും ചേര്‍ത്തുവായിക്കേണ്ടതാണ്.

നിലപാടില്‍ വെള്ളം ചേര്‍ക്കപ്പെട്ടു

ദേശീയ, സംസ്ഥാന രാഷ്ട്രീയത്തില്‍ കൈകൊണ്ട രാഷ്ട്രീയ നിലപാടില്‍ എന്‍സിപി വെള്ളംചേര്‍ത്തത് മഹാരാഷ്ട്രയില്‍ തന്നെയാണ്. 2014ലെ പൊതുതെരഞ്ഞെടുപ്പില്‍ യുപിഎ സഖ്യത്തിനെതിരെ നരേന്ദ്രമോഡിയും എന്‍ഡിഎയും വിജയം നേടി. ആ തംരഗത്തില്‍ അതേ വര്‍ഷം മഹാരാഷ്ട്രയില്‍ നവംബറില്‍ നടന്ന മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍സിപി-കോണ്‍ഗ്രസ് സഖ്യവും തകര്‍ന്നു.

അന്ന് 144 സീറ്റുകളും മുഖ്യമന്ത്രി പദം പങ്കിടലും കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടുകൊണ്ടാണ് എന്‍സിപി തെരഞ്ഞെടുപ്പിന് ഒരുങ്ങിയത്. ഇരുകക്ഷികളിലും തര്‍ക്കം രൂക്ഷമായി. എന്‍സിപിയോട് ചര്‍ച്ചയ്ക്ക് നില്‍ക്കാതെ 118 സീറ്റുകളില്‍ മത്സരിക്കാനുള്ള സ്ഥാനാര്‍ത്ഥികളുടെ പട്ടിക കോണ്‍ഗ്രസ് പുറത്തുവിട്ടു. ഇതില്‍ ക്ഷുഭിതരായി സഖ്യം ഉപേക്ഷിക്കുകയാണ് എന്‍സിപി ചെയ്തത്. ഇതില്‍ കോണ്‍ഗ്രസിന്റെ നിലപാടും തെറ്റായിരുന്നു. നേരത്തെ അധികാരം നഷ്ടമാകുമെന്ന ഘട്ടത്തിലാണ് വൈര്യം മറന്ന് എന്‍സിപി കോണ്‍ഗ്രസിനൊപ്പം സഖ്യമുണ്ടാക്കിയതും സര്‍ക്കാരിന്റെ ഭാഗമായതും. അന്നെല്ലാം വിട്ടുവീഴ്ചകള്‍ക്ക് തയ്യാറായ എന്‍സിപിയുടെ ആവശ്യത്തെ അര്‍ഹമായ രീതിയില്‍ കോണ്‍ഗ്രസ് പരിഗണിച്ചില്ല. അങ്ങനെ 15 വര്‍ഷം നീണ്ട എന്‍സിപി-കോണ്‍ഗ്രസ് സഖ്യം മഹാരാഷ്ട്രയില്‍ അവസാനിക്കുകയായിരുന്നു. ഒപ്പം ബിജെപി-ശിവസേന സഖ്യത്തിന് അധികാരം ലഭിക്കുകയും ചെയ്തു.

കോണ്‍ഗ്രസിനോടുള്ള വിരോധം ഒന്നുകൊണ്ട് മാത്രമാണെന്ന് കരുതാന്‍ വയ്യ, 2014ല്‍ മഹാരാഷ്ട്രയിലെ ശിവസേന‑ബിജെപി സഖ്യസര്‍ക്കാരിന് പുറത്തുനിന്ന് പിന്തുണ നല്‍കാനും എന്‍സിപി തയ്യാറായി എന്നുള്ളതാണ്. അജിത് പവാര്‍ എന്ന എന്‍സിപി നേതാവിന്റെ അധികാരക്കൊതി അതിനു പിന്നിലും ഉണ്ടായിരുന്നു. ബിജെപിയുടെ നേതൃത്വത്തിലുള്ള ദേവേന്ദ്ര ഫഡ്നാവിസ് മന്ത്രിസഭയില്‍ ഉപമുഖ്യമന്ത്രിയായി 2019 നവംബര്‍ 23ന് അജിത് പവാര്‍ അധികാരമേറ്റു. മൂന്നാം ദിവസം ഫഡ്നാവിസ് മന്ത്രിസഭ താഴെ വീണതോടെ അജിത് പവാറിന്റെ പവറും നഷ്ടമായി. ഈ സംഭവത്തിനുശേഷമാണ് ശിവസേനയും കോണ്‍ഗ്രസും ചേര്‍ന്ന് രൂപീകരിച്ച മഹാവികാസ് അഘാഡിയുടെ ഭാഗമായി എന്‍സിപിയും അധികാരത്തിലേക്ക് മടങ്ങുന്നത്. സഖ്യസര്‍ക്കാര്‍ ശിവസേന നേതാവ് ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായ സര്‍ക്കാരില്‍ എന്‍സിപിക്കും പങ്കാളിത്തം ലഭിച്ചു. ശിവസേന പിളര്‍ന്ന് ഏകനാഥ് ഷിന്‍ഡെയ്ക്കൊപ്പം നിലയുറപ്പിച്ച എംഎല്‍എമാര്‍ ബിജെപിയുമായി കൂട്ടുകെട്ടുണ്ടാക്കി മഹാവികാസ് അഘാഡി സഖ്യ സര്‍ക്കാരിനെ താഴെയിറക്കി. ഇതുപക്ഷെ സംഘടനാതലത്തില്‍ ചലനങ്ങള്‍ സൃഷ്ടിച്ചത് എന്‍സിപിയിലാണ്. ദേശീയ അധ്യക്ഷനായ ശരദ് പവാര്‍ മഹാരാഷ്ട്രയിലേതടക്കം പാര്‍ട്ടിയുടെ മുഴുവന്‍ ഘടങ്ങളെയും പിരിച്ചുവിട്ട് പുനഃസംഘടനയ്ക്ക് വഴിയൊരുക്കുകയായിരുന്നു.

കോണ്‍ഗ്രിന്റെ അധികാരമോഹം

48 ലോക്‌സഭാ സീറ്റുകളാണ് മഹാരാഷ്ട്രയില്‍ നിന്നുള്ളത്. 2019ല്‍ നടന്ന പൊതുതെരഞ്ഞെടുപ്പില്‍ നടന്ന എന്‍സിപി-കോണ്‍ഗ്രസ് സീറ്റ് വിഭജനവും തര്‍ക്കവും അവിടെ ബിജെപി-ശിവസേന സഖ്യത്തിന് വന്‍ നേട്ടമാണ് സമ്മാനിച്ചത്. ആ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഒരു സീറ്റിലൊതുങ്ങിയപ്പോള്‍ എന്‍സിപി അഞ്ച് സീറ്റുകള്‍ നേടുകയും ചെയ്തു.

കോണ്‍ഗ്രസിന്റെ അധികാര മോഹം സമീപകാല രാഷ്ട്രീയ സംഭവവികാസങ്ങളെ വലിയ തോതില്‍ സ്വാധീനിച്ചതായി കാണാനാവും. ഒരുപക്ഷെ എന്‍ഡിഎയുടെ ശക്തമായ തിരിച്ചുവരവിന് കാരണം കോണ്‍ഗ്രസിന്റെ രാഷ്ട്രീയ നിലപാടുകളിലെ മൂല്യച്യുതിയാണ്. കോണ്‍ഗ്രസിലെ പല നേതാക്കളും തങ്ങളുടെ കസേര ഉറപ്പിക്കാനുള്ള തന്ത്രങ്ങള്‍ക്കാണ് രാഷ്ട്രീയ നിലപാടുകളേക്കാള്‍ പ്രാധാന്യം നല്‍കിയത്. അത് രണ്ടാം മോഡി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷവും ഓരോ സംസ്ഥാനങ്ങളിലും തുടര്‍ന്നുകൊണ്ടേയിരിക്കുകയാണ്. പണച്ചാക്ക് വച്ചുനീട്ടിയ ബിജെപിയില്‍ അടിഞ്ഞുകൂടിയതത്രയും അധികാരമോഹികളായ കോണ്‍ഗ്രസ് നേതാക്കളാണ്.

അഞ്ച് സംസ്ഥാനങ്ങളിലാണ് നിയമസഭാ തെരഞ്ഞെടുപ്പ് വരാനിരിക്കുന്നത്. അവിടെയും കോണ്‍ഗ്രസ് ഇതേ നിലപാട് തുടര്‍ന്നാല്‍ അത് ബിജെപിക്ക് ഏറെ ഗുണം ചെയ്യും. എന്നാലും കോണ്‍ഗ്രസ് പഠിക്കില്ലെന്നാണ് അനുഭവം.

എന്‍സിപിയുടെ പിളര്‍പ്പും സംസ്ഥാന സഖ്യങ്ങളും

കേരളത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഭാഗമാണ് എന്‍സിപി. നിലവിലെ മന്ത്രിസഭയിലടക്കം പ്രാതിനിധ്യമുണ്ട്. കേരള ഘടകം ശരദ് പവാറിനൊപ്പമാണെന്നാണ് സംസ്ഥാന ഘടകം പ്രഖ്യാപിച്ചിട്ടുള്ളത്. അജിത് പവാറിന് സ്വാധീനിക്കാന്‍ പറ്റുന്ന നേതാക്കള്‍ കേരളത്തില്‍ ഇല്ലെന്നതും ഈ സന്ദര്‍ഭത്തില്‍ ശ്രദ്ധേയമാണ്. ‘അധികാരത്തോടു താൽപര്യമുള്ളവർ അധികാരത്തിൽ എത്താൻ കുറുക്കുവഴികൾ തേടുന്നത് സ്വാഭാവികമാണ്. എൻസിപിയിൽനിന്നു പോയവർ ഇതിനു മുൻപും പോവുകയും സത്യപ്രതിജ്ഞ ചെയ്യുകയും അതേ കസേരയിൽ ഇരിക്കുകയും ചെയ്തശേഷം തിരിച്ചുവന്നവരുമാണെന്നാണ് സംസ്ഥാന അധ്യക്ഷനായ പി സി ചാക്കോ പ്രതികരിച്ചത്. വരാൻ പോകുന്ന തെരഞ്ഞെടുപ്പുകളിൽ വിജയം ശരദ് പവാർ നയിക്കുന്ന എൻസിപിക്കും അതിന്റെ സഖ്യത്തിനും തന്നെയായിരിക്കും ജനപിന്തുണയെന്നുമുള്ള പി സി ചാക്കോയുടെ പ്രത്യാശ കേരളത്തിലെ എന്‍സിപിയിലെ കെട്ടുറപ്പിന് ശക്തപകരുന്നുണ്ട്. പിളര്‍പ്പ് കേരള ഘടകത്തെ ബാധിക്കില്ലെന്ന മന്ത്രി എ കെ ശശീന്ദ്രന്റെ നിലപാടും എന്‍സിപിയെ ശക്തമായി നിലനിര്‍ത്തും.

പിളര്‍പ്പ് മഹാരാഷ്ട്ര കടക്കാനിടയില്ല

എന്‍സിപിക്ക് ശക്തിയുള്ള മറ്റു സംസ്ഥാനങ്ങളിലും അജിത് പവാറിന് ക്യാമ്പുകള്‍ തുറക്കാനാവുമോ എന്ന കാര്യം സംശയമാണ്. ബിജെപി ഭരിക്കുന്ന ചില സംസ്ഥാനങ്ങളിലാണ് എന്‍സിപിക്ക് ചെറിയ തോതിലെങ്കിലും വേരോട്ടമുള്ളത്. അതില്‍ നാഗാലാന്‍ഡില്‍ നിലവിലെ ബിജെപി സര്‍ക്കാരിന്റെ ഭാഗമാണ് എന്‍സിപി. ബിജെപി സര്‍ക്കാര്‍ എന്ന നിലയ്ക്കല്ല, മറിച്ച് നെയ്ഫു റിയോയുടെ നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാര്‍ട്ടി(എന്‍ഡിപിപി)ക്കാണ് പിന്തുണയെന്ന് ആ സന്ദര്‍ഭത്തില്‍ ശരദ് പവാര്‍ വിശദീകരിച്ചത്. സംസ്ഥാനത്തിന്റെ വിശാലതാല്പര്യവും റിയോയുമായുള്ള തങ്ങളുടെ എംഎല്‍എമാരുടെ ബന്ധത്തിനുമാണ് പ്രാധാന്യമെന്നും പവാര്‍ പറ‍ഞ്ഞിരുന്നു. മത്സരിച്ച 12 സീറ്റുകളില്‍ ഏഴിടത്താണ് എന്‍സിപി ഇവിടെ വിജയിച്ചത്. ഇവരെല്ലാം ശരദ് പവാറിനും പാര്‍ട്ടിയുടെ പുതിയ വൈസ് പ്രസിഡന്റും എംപിയുമായ സുപ്രിയ സുലെയുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരാണ്. മിസോറാം, ഛത്തീസ്ഗണ്ഡ്, മധ്യപ്രദേശ്, രാജസ്ഥാന്‍, തെലങ്കാന തെരഞ്ഞെടുപ്പുകള്‍ വരാനിരിക്കുകയാണ്. ഈ സംസ്ഥാനങ്ങളിലും ഒരിടത്തും എന്‍സിപി നിര്‍ണായകവുമല്ല. അതുകൊണ്ടുതന്നെ പാര്‍ട്ടിയിലെ പിളര്‍പ്പിനെ മഹാരാഷ്ട്ര കടത്താനുള്ള അജിത് പവാര്‍ വിഭാഗത്തിന്റെ ഏതൊരു ശ്രമവും വിഫലമാകും.

Eng­lish Sam­mury: NCP split may not cross Maharashtra

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.