22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 21, 2024
October 29, 2024
October 6, 2024
October 1, 2024
September 6, 2024
August 3, 2024
July 22, 2024
June 19, 2024
March 18, 2024
February 29, 2024

നെടുമങ്ങാട് ഇരട്ടക്കൊല: ഗൃഹനാഥൻ മുൻകൂട്ടി ആസൂത്രണം ചെയ്തത്

എസ് ടി ബിജു
നെടുമങ്ങാട്
April 1, 2023 8:08 pm

കടബാധ്യത തീർക്കാൻ വീടും സ്ഥലവും വിൽക്കുന്നതിന് തടസം നിന്ന ഭാര്യയേയും മാതാവിനെയും ഗൃഹനാഥൻ കൊലപ്പെടുത്തിയത് അതിദാരുണമായെന്ന് പൊലീസ് സ്ഥിരീകരിച്ചു.
അരുംകൊലയ്ക്കു ശേഷം പെട്രോൾ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച് ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള അഴിക്കോട് വളവെട്ടി ഹർഷാസിൽ അലി അക്ബർ (48) പൊലീസിന് നൽകിയ മൊഴി ആരേയും ഞെട്ടിക്കുന്നതാണ്.
രാവിലെ നോമ്പ് ആരംഭിക്കുന്നതിനു മുന്‍പ് ആഹാരം പാകം ചെയ്യാന്‍ ഭാര്യ മുംതാസും ഭാര്യാമാതാവ് സാഹിറയും അടുക്കളയില്‍ നില്‍ക്കുമ്പോള്‍, അലി അക്ബര്‍ പിറകിലൂടെയെത്തി ചുറ്റികകൊണ്ട് തലയ്ക്കടിച്ചശേഷം തലങ്ങും വിലങ്ങും കുത്തുകയായിരുന്നു. മുഖത്തും നെഞ്ചിലും ആഴത്തിലുള്ള മുറിവേറ്റ് നിലവിളിച്ച അമ്മയേയും മകളെയും പെട്രോള്‍ ഒഴിച്ച് കത്തിക്കുകയായിരുന്നു. അടുക്കളയിൽ പിടഞ്ഞു വീണ മുംതാസിനെ അവിടെ വച്ചും പ്രാണരക്ഷാർത്ഥം ഹാളിലേയ്ക്ക് ഓടിയ സാഹിറയെ പിന്തുടർന്നുമാണ് പെട്രോൾ ഒഴിച്ചു കത്തിച്ചത്. അതിനു മുമ്പ്, പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ മകളെ വീടിനു പുറത്താക്കി കതകടച്ചു.

ദിവസങ്ങള്‍ നീണ്ട ആസൂത്രണത്തിനും തയ്യാറെടുപ്പിനും ശേഷമാണ് കൃത്യം നിര്‍വഹിച്ചത്. പെട്രോള്‍, വെട്ടുകത്തി, സ്‌ക്രൂഡ്രൈവര്‍, ചുറ്റിക എന്നിവ ഇതിനായി തരപ്പെടുത്തി വീട്ടിൽ സൂക്ഷിച്ചു. മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പരിശോധനയിൽ അലി അക്ബറിന്റെ ആത്മഹത്യാക്കുറിപ്പ് ഇയാളുടെവീട്ടിൽ നിന്ന് കണ്ടെടുത്തു. 80 പേജുള്ള കത്ത് തയ്യാറാക്കി സൂക്ഷിച്ചതും കൊലപാതകം മുൻകൂട്ടി ആസൂത്രണം ചെയ്തിരുന്നതിന് തെളിവായി പൊലീസ് സ്ഥിരീകരിച്ചു.
വീടിനു പുറത്താക്കപ്പെട്ട മകളുടെ നിലവിളി കേട്ട് അയല്‍ക്കാര്‍ ഓടിയെത്തുമ്പോള്‍ കൃത്യത്തിനു ശേഷം കസേരയില്‍ ഇരിക്കുകയായിരുന്നു ഇയാൾ.അയല്‍ക്കാരെ കണ്ടതോടെ ഓടി അകത്തെ മുറിയിലേക്കു പോയി. പെട്രോള്‍ ഒഴിച്ച് സ്വയം തീകൊളുത്തി. 

20 വർഷത്തെ ദാമ്പത്യ ജീവിതത്തിലെ പൊരുത്തക്കേടുകളും കടബാദ്ധ്യതകളും ആത്മഹത്യാക്കുറിപ്പിൽ വിവരിക്കുന്നുണ്ട്. ‘ഇന്ന് ഇവിടെ രണ്ട് കൊലപാതകങ്ങളും ഒരു ആത്മഹത്യയും നടക്കും. കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്ന് ഞാന്‍ നടത്തുന്ന കൃത്യങ്ങള്‍ക്ക് മറ്റാര്‍ക്കും ബന്ധമില്ല. കടബാദ്ധ്യതകളും ദാമ്പത്യ പ്രശ്‌നവുമാണ് കാരണം” എന്നാണ് ആത്മഹത്യാക്കുറിപ്പിൽ വിശദീകരിക്കുന്നത്.
തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ ഡയറക്ടറേറ്റ് ഓഫ് മെഡിക്കല്‍ എജ്യുക്കേഷനിലെ സീനിയര്‍ സൂപ്രണ്ടാണ് അലി. ഭാര്യ മുംതാസ് നെടുമങ്ങാട് ഗവ. ഗേൾസ് എച്ച്എസ്എസ് അധ്യാപികയാണ്. ഓൺലൈൻ ചൂതാട്ടവുമായി ബന്ധപ്പെട്ട് കോടികളുടെ കടബാധ്യതകൾക്കു നടുവിലാണ് ഇയാൾ. കടം വീട്ടാൻ ഭാര്യയുടെ പേർക്കുള്ള സ്വത്തുവകകൾ വിൽക്കാൻ എതിർപ്പു പ്രകടിപ്പിച്ചതാണ് ഭാര്യയേയും അമ്മയേയും അരുംകൊല ചെയ്യാൻ ഇയാളെ പ്രേരിപ്പിച്ചത്.
വെള്ളപേപ്പറുകളിൽ എഴുതി ആളുകള്‍ ശ്രദ്ധിക്കത്തക്ക വിധത്തിലാണ് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയത്. തനിക്ക് ജോലി ലഭിച്ചതും മുംതാസുമായുള്ള വിവാഹവും കുട്ടികളുടെ പഠനവുമുള്‍പ്പെടെ ഇരുവരുമൊന്നിച്ചുള്ള ജീവിതത്തിലെ പ്രധാന ഘട്ടങ്ങളെല്ലാം അലി കത്തില്‍ വിവരിച്ചിട്ടുണ്ട്.

ഭാര്യ മുംതാസുമായി കുടുംബ കോടതിയില്‍ നിലനില്‍ക്കുന്ന കേസുമായി ബന്ധപ്പെട്ട കോടതി ഉത്തരവുകളും കുറിപ്പിനൊപ്പം ചേര്‍ത്തിട്ടുണ്ട്. കൂടുതൽ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. അലി അക്ബര്‍ ബന്ധുക്കള്‍ക്ക് ജാമ്യം നിന്ന് ലക്ഷങ്ങളുടെ കടക്കെണിയിലായതായും പൊലീസ് ഭാഷ്യമുണ്ട്. ഇയാളുടെ സാലറി സര്‍ട്ടിഫിക്കറ്റ് ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും മറ്റും വായ്പയെടുക്കാന്‍ ഈട് നല്‍കിയിരുന്നുവത്രെ. വായ്പ തിരിച്ചടവില്‍ മുടക്കം വരുത്തിയതോടെ അലി അക്ബറിന്റെ ശമ്പളം പിടിക്കാന്‍ തുടങ്ങി. വസ്തുവാങ്ങി വീടുനിര്‍മ്മിച്ച വകയിലും കാര്‍ ലോണ്‍ എടുത്ത വകയിലും വലിയ സാമ്പത്തിക ബാധ്യതയുണ്ടായി. ഇതിനു പുറമെയാണ് ഓണ്‍ലൈന്‍ ചൂതാട്ടവുമായി ബന്ധപ്പെട്ട ബാധ്യതകൾ.
ബംഗളൂരുവില്‍ എന്‍ജിനീയറായ മകന്‍ ഹര്‍ഷാസിന്റെ മൊഴിയിൽ അരുവിക്കര പൊലീസാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. വീട് പൊലീസ് സീല്‍ ചെയ്തതോടെ മക്കളായ ഹർഷാസിനെയും ഹര്‍ഷിതയെയും ബന്ധുവീട്ടിലേക്ക് മാറ്റി.

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനു ശേഷം ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെ നെടുമങ്ങാട് എത്തിച്ച മുംതാസിന് അന്ത്യാഞ്ജലി അർപ്പിക്കാൻ വൻ ജനാവലിയാണ് തടിച്ചു കൂടിയത്. മുംതാസ് സേവനമനുഷ്ഠിച്ചിരുന്ന നെടുമങ്ങാട് ഗേൾസ് എച്ച്എസ്എസിലെ വിദ്യാർത്ഥിനികളുടെ അലമുറയിട്ടുള്ള കരച്ചിൽ കണ്ടു നിന്നവരെയും ഈറനണിയിച്ചു.
സ്ഥലം എംഎൽഎയും ഭക്ഷ്യ മന്ത്രിയുമായ അഡ്വ. ജി ആർ അനിൽ, നഗരസഭാ ചെയർപേഴ്സൺ സി എസ് ശ്രീജ, സിപിഐ നെടുമങ്ങാട് മണ്ഡലം സെക്രട്ടറി പാട്ടത്തിൽ ഷെരീഫ് ജനപ്രതിനിധികൾ, മറ്റു പൊതുപ്രവർത്തകർ എന്നിവരും അന്ത്യാഞ്ജലി അർപ്പിച്ചു.
വാളിക്കോട് ജമാ-അത്ത് കബർസ്ഥാനിൽ ഉമ്മ സാജിറയുടെ കബറിടത്തിന് അടുത്താണ് മുംതാസിനും അന്ത്യവിശ്രമത്തിന് കബർ ഒരുങ്ങിയത്.

Eng­lish Sum­ma­ry; Nedu­man­gad dou­ble mur­der: Pre-planned by the householder

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.