22 January 2026, Thursday

Related news

July 1, 2025
March 1, 2025
February 28, 2025
February 12, 2025
February 11, 2025
February 7, 2025
February 7, 2025
February 4, 2025
February 2, 2025
February 2, 2025

ദക്ഷിണേന്ത്യക്ക് അവഗണന; കേന്ദ്രബജറ്റില്‍ പ്രതിഷേധവുമായി മുഖ്യമന്ത്രിമാര്‍

Janayugom Webdesk
ന്യൂഡല്‍ഹി
February 2, 2025 3:11 pm

ബജറ്റില്‍ രാജ്യത്തെ കോര്‍പറേറ്റ് കമ്പനികളുടെ പരോക്ഷ നികുതി എഴുത്തിത്തള്ളിയും സഖ്യകക്ഷി ഭരിക്കുന്ന ബിഹാറിന് വാരിക്കോരി നല്‍കിയും ഇന്ദ്രജാലം കാട്ടിയ മോഡി സര്‍ക്കാര്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെ പാടെ അവഗണിച്ചു. കേരളം, തമിഴ്‌നാട്, കര്‍ണാടക, തെലങ്കാന സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ട യാതൊന്നും പരിഗണിക്കാതെയാണ് മോഡി സര്‍ക്കാര്‍ ഫെഡറല്‍ തത്വങ്ങളെ കാറ്റില്‍പ്പറത്തിയത്. ധനകാര്യമന്ത്രി നിര്‍മ്മലാ സീതാരാമന്‍ അവതരിപ്പിച്ച ബജറ്റില്‍ തങ്ങളുടെ ന്യായമായ അവകാശം പോലും നിഷേധിച്ചതായി മൂന്ന് മുഖ്യമന്ത്രിമാരും തെലങ്കാന ഉപമുഖ്യമന്ത്രിയും പ്രതികരിച്ചു. ദക്ഷിണേന്ത്യയോടുള്ള അവഗണനയും പക്ഷപാതവും തുറന്നുകാട്ടുന്നതാണ് ബജറ്റെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, തെലങ്കാന ഉപമുഖ്യമന്ത്രി മല്ലുഭട്ടി വിക്രമാര്‍ക്ക എന്നിവര്‍ പറഞ്ഞു. 

രാജ്യത്തെ മുഴുവന്‍ സംസ്ഥാനങ്ങളുടെയും സമഗ്ര വികസനം ലക്ഷ്യമിടേണ്ട ബജറ്റില്‍ കേരളത്തെ പാടെ അവഗണിച്ചതായി പിണറായി വിജയന്‍ പ്രതികരിച്ചു. തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന സംസ്ഥാനങ്ങളില്‍ മാത്രമായി ബജറ്റ് വിഹിതം അനുവദിക്കുന്ന സമീപനം രാജ്യത്ത് ഇതിനുമുമ്പ് സംഭവിച്ചിട്ടില്ല. സംസ്ഥാനം ഉന്നയിച്ച യാതൊരു പദ്ധതിയും അനുവദിക്കാത്ത കേന്ദ്ര സര്‍ക്കാര്‍ നയം വിവേചനപരമാണ്. വയനാട് ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിന് 2,000 കോടി രൂപയുടെ പാക്കേജ് ആവശ്യപ്പെട്ടിരുന്നു. അധികവിഹിതമായി മറ്റൊരു 24,000 കോടി രൂപയും കേരളം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കേരളത്തിന്റെ ആവശ്യങ്ങള്‍ ഒന്നുംതന്നെ അനുവദിക്കാന്‍ കേന്ദ്രം തയ്യാറായില്ല. കേന്ദ്ര വിഹിതം വെട്ടിക്കുറച്ചതുവഴി സംസ്ഥാനത്തിന്റെ ആഭ്യന്തര ഉല്പാദന വളര്‍ച്ചാ നിരക്ക് 3.5 ല്‍ നിന്ന് മൂന്ന് ശതമാനത്തിലേക്ക് ഇടിയുന്ന സാഹചര്യം ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തമിഴ്‌നാടിന്റെ എല്ലാ ആവശ്യങ്ങളും നിരാകരിക്കുന്ന സമീപനമാണ് ബജറ്റിലെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ എക്സിലൂടെ പ്രതികരിച്ചു. ദേശീയപാത‑റെയില്‍വേ വികസനം, കോയമ്പത്തൂര്‍-മധുര മെട്രോ റെയില്‍ പദ്ധതി എന്നിവയ്ക്കൊന്നും ബജറ്റ് വിഹിതം അനുവദിച്ചിട്ടില്ല. എന്തുകൊണ്ടാണ് ഇത്തരമൊരു സമീപനമെന്ന് മനസിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര ബജറ്റ് നിരാശജനകമെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രതികരിച്ചു. സംസ്ഥാനം ആവശ്യപ്പെട്ട ഒരു പദ്ധതിക്ക് പോലും അംഗീകാരം നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകാത്തത് കടുത്ത വിവേചനവും അവഗണനയുമാണ്. എല്ലാ സംസ്ഥാനങ്ങളുടെയും വികസനം സാധ്യമാക്കുക എന്ന തത്വം മോഡി സര്‍ക്കാര്‍ ലംഘിച്ചതായും അദ്ദേഹം പറഞ്ഞു. 

കേന്ദ്ര ബജറ്റ് തെലങ്കാന സംസ്ഥാനത്തിന് നിരാശ മാത്രമാണ് നല്‍കിയതെന്ന് ഉപമുഖ്യമന്ത്രി മല്ലു ഭട്ടി വിക്രമര്‍ക്ക പറഞ്ഞു. ബിഹാറില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തിന് അധിക സാമ്പത്തിക പാക്കേജും കോടിക്കണക്കിന് രൂപയുടെ പദ്ധതി പ്രഖ്യാപനവും നടത്തിയത്. മോഡി ഭരണത്തിന്റെ ആരംഭകാലം മുതല്‍ പ്രതിപക്ഷ സംസ്ഥാനങ്ങളോടുള്ള വിവേചനവും അവഗണനയും ആവര്‍ത്തിക്കുന്നതാണ് ഇത്തവണത്തെ ബജറ്റും. ഭരണപക്ഷത്തായിരുന്നിട്ടും ഇത്തവണത്തെ ബജറ്റില്‍ മതിയായ പരിഗണന ലഭിച്ചിട്ടില്ലെന്ന ആക്ഷേപം ആന്ധ്രാപ്രദേശും ഉയര്‍ത്തിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.