23 January 2026, Friday

Related news

January 22, 2026
January 21, 2026
January 18, 2026
January 17, 2026
January 17, 2026
January 10, 2026
January 7, 2026
January 7, 2026
January 7, 2026
January 7, 2026

വയനാടിനോട് അവഗണന: എല്‍ഡിഎഫ് രാപ്പകല്‍ സമരം തുടങ്ങി

റെജി കുര്യന്‍
ന്യൂഡല്‍ഹി
February 24, 2025 11:08 pm

വയനാട് ദുരന്തബാധിതരോട് കേന്ദ്രം കാട്ടുന്ന അവഗണന അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് എല്‍ഡിഎഫ് നേതൃത്വത്തില്‍ രാപ്പകല്‍ സമരത്തിന് തുടക്കമായി. ജന്തര്‍ മന്ദറില്‍ നടന്ന പ്രതിഷേധം സിപിഐ (എം) കേന്ദ്ര കമ്മിറ്റി അംഗം വിജു കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. സിപിഐ വയനാട് ജില്ലാ സെക്രട്ടറി ഇ ജെ ബാബു അധ്യക്ഷത വഹിച്ചു. സാമൂഹ്യ സുരക്ഷാ ഫണ്ടിനു വേണ്ടിയല്ല, ജനപ്രതിനിധിയായി വയനാട്ടുകാര്‍ പ്രിയങ്കാ ഗാന്ധിയെ തെരഞ്ഞെടുത്തതെന്നും പൗരന്മാര്‍ എന്ന നിലയിലാണ് ജനങ്ങള്‍ അവകാശങ്ങള്‍ ചോദിക്കുന്നതെന്നും സമരത്തെ അഭിവാദ്യം ചെയ്തുകൊണ്ട് സിപിഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം ആനി രാജ പറഞ്ഞു. ജനങ്ങളുടെ അവകാശം നിഷേധിക്കപ്പെട്ടാല്‍ അതു പിടിച്ചുവാങ്ങി നല്‍കാന്‍ ജനപ്രതിനിധിക്ക് കഴിയണമെന്നും ആനി രാജ പറഞ്ഞു. വിഷയത്തില്‍ വയനാട് എംപി പ്രിയങ്കാ ഗാന്ധി തുടരുന്ന മൗനവും രാഹുല്‍ ഗാന്ധിയുടെ നിലപാടുകളെയും ശക്തമായി വിമര്‍ശിച്ചു.

മുണ്ടക്കെ-ചൂരല്‍മല ദുരന്ത ഇരകള്‍ക്ക് 2,000 കോടി രൂപയുടെ പുനരധിവാസ പാക്കേജ് അനുവദിക്കുക, വന്യജീവി അക്രമണം തടയാന്‍ 1,000 കോടിയുടെ പദ്ധതി, വന്യജീവി സംരക്ഷണ നിയമത്തില്‍ ആവശ്യമായ ഭേദഗതികള്‍ കൊണ്ടുവന്ന് ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുക, വനം-റവന്യു വകുപ്പുകള്‍ സംയുക്തമായി സര്‍വേ നടത്തി അര്‍ഹരായവര്‍ക്ക് പട്ടയം നല്‍കുക, വയനാട്ടിലെ രാത്രി യാത്രാവിലക്ക് നീക്കുക, ബദല്‍ റോഡുകള്‍ക്ക് അനുമതി, വയനാട്-നഞ്ചന്‍കോട്, തലശേരി-മൈസൂരു റെയില്‍ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കുക ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രക്ഷോഭം സംഘടിപ്പിച്ചിരിക്കുന്നത്.

സമരത്തിന് പിന്തുണയുമായി വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളെത്തി. എഎപി രാജ്യസഭാംഗം സഞ്ജയ് സിങ്, സിപിഐ (എം) രാജ്യസഭാംഗങ്ങളായ ജോണ്‍ ബ്രിട്ടാസ്, വി ശിവദാസന്‍, ലോക്‌സഭാംഗം സച്ചിതാനന്ദം, എല്‍ഡിഎഫ് വയനാട് ജില്ലാ കണ്‍വീനര്‍ സി കെ ശശീന്ദ്രന്‍ സിപിഐ (എം) ജില്ലാ സെക്രട്ടറി കെ റഫീക്, ഐഎന്‍എല്‍ അധ്യക്ഷന്‍ മുഹമ്മദ് സുലൈമാന്‍, കെ ജെ ദേവസ്യ (കേരളാ കോണ്‍ഗ്രസ് എം), പി വിശ്വനാഥന്‍ (ജനതാദള്‍ എസ്), സി എം ശിവരാമന്‍ (എന്‍സിപി), സ്കറിയ (ആര്‍ജെഡി), എ പി അഹമ്മദ് (ഐഎന്‍എല്‍), സണ്ണി മാത്യു (കേരളാ കോണ്‍ഗ്രസ് ബി), രജിത്ത് (കോണ്‍ഗ്രസ് എസ്) തുടങ്ങിയവര്‍ സംസാരിച്ചു. ദുരന്ത ബാധിതരടക്കം 200 ഓളം വോളണ്ടിയര്‍മാര്‍ പങ്കെടുത്ത പ്രതിഷേധ പരിപാടി പ്രധാനമന്ത്രിയുടെ വസതിക്കു മുന്നില്‍ നടത്താനാണ് ശ്രമം നടത്തിയെങ്കിലും പൊലീസ് അനുമതി നിഷേധിച്ചതോടെ കേരളാ ഹൗസ് പരിസരത്തു നിന്നും ആരംഭിച്ച് ജന്തര്‍മന്ദറിലേക്ക് നീങ്ങുകയായിരുന്നു.നാളെ രാവിലെ എല്‍ഡിഎഫ് വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കേരളാ ഹൗസില്‍ ദുരന്തം സംബന്ധിച്ച ഡോക്യുമെന്ററിയുടെ പ്രദര്‍ശനം നടക്കും. ഉച്ചയോടെയാകും പ്രതിഷേധം അവസാനിക്കുക. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.