22 November 2024, Friday
KSFE Galaxy Chits Banner 2

Related news

April 6, 2024
November 11, 2023
March 11, 2023
November 26, 2022
November 23, 2022
October 11, 2022
August 22, 2022
August 8, 2022
August 1, 2022
July 31, 2022

അമൃതകാല യാത്രയും അവഗണിക്കപ്പെടുന്ന കർഷകരും

സജി ജോണ്‍
February 14, 2022 5:09 am

ഒരു സർക്കാരിന്റെ നയപ്രഖ്യാപനത്തെക്കാൾ ശ്രദ്ധ പിടിച്ചുപറ്റുന്നത് അവർ അവതരിപ്പിക്കുന്ന വാർഷിക ബജറ്റുകളാണ്. സാങ്കേതികമായി ഒരു സാമ്പത്തിക രേഖ മാത്രമാണെങ്കിലും ബജറ്റിലൂടെ പ്രഖ്യാപിക്കുന്ന പുത്തൻ പദ്ധതികളും ആനുകൂല്യങ്ങളും നികുതി ഘടനയിലുണ്ടാകുന്ന മാറ്റങ്ങളുമൊക്കെയാണ് ഏതു സർക്കാരിന്റെയും മുഖമുദ്രയും നയവുമായി വിവക്ഷിക്കപ്പെടുന്നത്. സ്വാതന്ത്ര്യത്തിന്റെ നൂറാം വാർഷികത്തിലേക്കുള്ള, വരുന്ന 25 വർഷത്തെ ‘അമൃതകാല’ യാത്രയിൽ രാജ്യം ലക്ഷ്യമിടുന്ന വികസന കുതിപ്പിന്റെ ബ്ലൂപ്രിന്റ് ആയിട്ടാണ് ഫെബ്രുവരി ഒന്നിന് പാർലമെന്റിൽ അവതരിപ്പിച്ച ബജറ്റിനെ കേന്ദ്ര സർക്കാർ വിശേഷിപ്പിച്ചത്. എന്നാൽ ഈ ‘അമൃതകാല’ യാത്രയിൽ, രാജ്യത്തെ കർഷകരും കാർഷികമേഖലയും തീർത്തും അവഗണിക്കപ്പെട്ടുവെന്ന് പറയാതെ വയ്യ.
ഒരു വർഷത്തിനുമേൽ നീണ്ടുനിന്ന കർഷക പോരാട്ടത്തിനൊടുവിൽ മൂന്ന് വിവാദ കാർഷിക നിയമങ്ങളും പിൻവലിച്ചിട്ടും സമരത്തിൽനിന്നും പിന്മാറുവാൻ കർഷകർ തയാറായിരുന്നില്ല. താങ്ങുവില ഉറപ്പാക്കുന്ന നിയമം ഉൾപ്പെടെയുള്ള തങ്ങളുടെ ആവശ്യങ്ങൾ പരിശോധിക്കുന്നതിന് പ്രത്യേക സമിതിയെ നിയമിക്കുമെന്നുള്ള ഉറപ്പ് കേന്ദ്രസർക്കാരിൽ നിന്നും നേടിയിട്ടാണ് കർഷകർ സമരം അവസാനിപ്പിച്ചത്. വരുന്ന 25 വർഷത്തേക്കുള്ള സാമ്പത്തിക നയരേഖ എന്നനിലയിൽ, പുതിയ ബജറ്റ് അവതരിപ്പിക്കുമ്പോൾ, കർഷക പ്രശ്നങ്ങളുടെ മേലുള്ള തിരുത്തിയ കാഴ്ചപ്പാട് വ്യക്തമാക്കുന്നതിന് സ്വാഭാവികമായും കേന്ദ്ര സർക്കാരിന് ബാധ്യത ഉണ്ടായിരുന്നു. എന്നാൽ ഇതു സംബന്ധിച്ച് ബജറ്റിൽ യാതൊരു പരാമർശവുമില്ലാത്തത് കർഷകരെ നിരാശപ്പെടുത്തിയിട്ടുണ്ട്.
രാജ്യത്തെ 50 ശതമാനത്തിലധികം ജനങ്ങൾ ജീവനോപാധിയ്ക്കായി ആശ്രയിക്കുന്ന കൃഷി-അനുബന്ധ മേഖലയ്ക്ക് മുൻവർഷത്തെ വിഹിതത്തിൽ നിന്നും അധികമായി നീക്കിവച്ചിരിക്കുന്നത് കേവലം 4.40 ശതമാനം തുക മാത്രമാണ്. നിലവിൽ പണപ്പെരുപ്പത്തിന്റെ തോത് ഏതാണ്ട് ആറു ശതമാനമാണെന്നിരിക്കെ, പദ്ധതി വിഹിതത്തിൽ വർധനവല്ല, കുറവാണ് ഉണ്ടായിരിക്കുന്നതെന്നു വ്യക്തമാണ്. മാത്രവുമല്ല, കാർഷിക മേഖലയ്ക്കുള്ള ബജറ്റ് വിഹിതം, മൊത്തം വിഹിതത്തിന്റെ 4.26 ശതമാനത്തിൽ നിന്ന് 3.84 ശതമാനമായി കുറയുകയും ചെയ്തിട്ടുണ്ട്. കിസാൻ ഡ്രോൺ പദ്ധതി, സ്റ്റാർട്ടപ്പുകൾക്കു വേണ്ടി നബാർഡിൽ സംയുക്ത നിക്ഷേപ ഫണ്ട്, ഗംഗാ നദിതീരത്തെ ജൈവ ഇടനാഴി, അന്താരാഷ്ട്ര വർഷാചരണത്തിന്റെ ഭാഗമായി ചെറുധാന്യങ്ങൾക്കായുള്ള പ്രോത്സാഹന പദ്ധതി, ഹൈടെക് — ഡിജിറ്റൽ സേവനങ്ങൾ ഉറപ്പാക്കുന്നതിനുള്ള പൊതു — സ്വകാര്യ പങ്കാളിത്ത പദ്ധതി, കാർഷിക കോഴ്സുകളുടെ സിലബസ് പരിഷ്കരണം തുടങ്ങി ചുരുക്കം ചില ചെറുപ്രഖ്യാപനങ്ങൾ ഒഴിച്ചാൽ, ഉല്പാദന വർധനവും തൊഴിലവസരങ്ങളും കർഷകർക്ക് ഉയർന്ന വരുമാനവും ഉറപ്പു നൽകുന്ന സമഗ്ര പദ്ധതികളൊന്നും തന്നെ പുതുതായി ബജറ്റിൽ ഇടം പിടിച്ചിട്ടില്ല.


ഇതുകൂടി വായിക്കൂ : മോഡി ഭരണകൂടത്തെ മുട്ടുകുത്തിച്ച കര്‍ഷക മഹാവിജയം


കർഷകരുടെ വരുമാനം അഞ്ചു വർഷം കൊണ്ട് ഇരട്ടിപ്പിക്കുമെന്നായിരുന്നു 2016–17 ലെ ബജറ്റിലൂടെ അന്നത്തെ ധനമന്ത്രി അരുൺ ജെയ്റ്റ്ലി നടത്തിയ നയപ്രഖ്യാപനം. രാജ്യത്തെ ജനങ്ങളെ ഏറെ സ്വാധീനിച്ച ഒരു പ്രഖ്യാപനം തന്നെയായിരുന്നു അത്. കഴിഞ്ഞ അഞ്ചു വർഷക്കാലവും കാർഷികമേഖലയിലെ കേന്ദ്ര സർക്കാരിന്റെ ഏറ്റവും വലിയ അവകാശവാദവും അതുതന്നെ ആയിരുന്നു. എന്നാൽ, പ്രഖ്യാപിത കാലയളവ് അവസാനിക്കുമ്പോൾ ലക്ഷ്യത്തിന്റെ അടുത്തെങ്ങുമെത്താൻ കഴിഞ്ഞില്ലെന്നു മാത്രമല്ല, അതിനെപറ്റി ബജറ്റിൽ ഒരു പരാമർശം പോലുമില്ലെന്നുള്ളതാണ് ഏറെ നിർഭാഗ്യകരം. അഞ്ചുവർഷം കൊണ്ട് കർഷകരുടെ വരുമാനം ഇരട്ടിപ്പിക്കുന്നതിനുവേണ്ട നടപടികൾ ശുപാർശ ചെയ്യുന്നതിന് നിയുക്തമായ അശോക് ദൽവായി കമ്മിറ്റിയുടെ റിപ്പോർട്ട് പ്രകാരം, ഈ ലക്ഷ്യം നേടാൻ പ്രതിവർഷം കുറഞ്ഞത് 10 ശതമാനം വളർച്ചയെങ്കിലും കൈവരിക്കണമായിരുന്നു. എന്നാൽ പാർലമെന്റിൽ സമർപ്പിച്ച സാമ്പത്തിക സർവേ പ്രകാരം 2020–21 ലെ കാർഷിക വളർച്ചാ നിരക്ക് 3.6 ശതമാനമായിരുന്നു. 2021–22 ൽ പ്രതീക്ഷിക്കുന്ന വളർച്ച നിരക്ക് 3.9 ശതമാനം മാത്രമാണ്. യഥാർത്ഥത്തിൽ, വിലക്കയറ്റവും പണപ്പെരുപ്പവും കൊണ്ട് കർഷകരുടെ വരുമാനത്തിൽ വലിയ കുറവാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. നാഷണൽ സാമ്പിൾ സർവേ ഓർഗനൈസേഷൻ അഞ്ചു വർഷത്തിലൊരിക്കൽ നടത്തുന്ന സർവേ വിവരങ്ങൾ പരിശോധിച്ചാൽ ഇക്കാര്യം ബോധ്യമാകും. ഈ തിരിച്ചടി കണക്കിലെടുത്താണ്, കർഷകരുടെ അക്കൗണ്ടിലേക്ക് നേരിട്ട് സഹായം എത്തിക്കുന്ന വിധത്തിൽ കേന്ദ്രസർക്കാർ പി എം കിസാൻ പദ്ധതി നടപ്പിലാക്കിയത്. എന്നാൽ, പദ്ധതി നാലാം വർഷത്തിലേക്കു കടക്കുമ്പോഴും ഹെക്ടറിന് പ്രതിവർഷം 6000 രൂപ എന്ന നിരക്കിൽനിന്നും യാതൊരു വർധനവും ബജറ്റിൽ പ്രഖ്യാപിച്ചിട്ടില്ല.


ഇതുകൂടി വായിക്കൂ : ഐതിഹാസികമായ കര്‍ഷക സമരം


രാജ്യത്തെ മുഴുവൻ കർഷകർക്കും ഉല്പാദനച്ചെലവ് കണക്കാക്കിയുള്ള താങ്ങുവില വ്യവസ്ഥ ചെയ്യുന്ന നിയമം നടപ്പിലാക്കുന്ന കാര്യം പരിഗണിക്കുമെന്ന് ഉറപ്പു നൽകിയ സർക്കാർ, ബജറ്റ് അവതരിപ്പിച്ചപ്പോൾ അക്കാര്യം പൂർണമായും അവഗണിച്ചു. 163 ലക്ഷം കർഷകരിൽ നിന്നും നെല്ല് – ഗോതമ്പ് എന്നീ ഭക്ഷ്യധാന്യങ്ങൾ സംഭരിക്കുന്നതിനായി 2.37 ലക്ഷം കോടി രൂപ അനുവദിച്ചതാണ് ബജറ്റിന്റെ ഏറ്റവും വലിയ സവിശേഷതയായി എടുത്തു കാട്ടുന്നത്. എന്നാൽ കഴിഞ്ഞ വർഷത്തെ ബജറ്റിൽ ഇതിനായി വകയിരുത്തിയിരുന്നത് 2.48 ലക്ഷം കോടി രൂപയായിരുന്നു. അതുപോലെ, പഴം-പച്ചക്കറി ഉൾപ്പെടെയുള്ള ഈടു നിൽക്കാത്ത കാർഷിക വിഭവങ്ങൾക്കു വേണ്ടിയുള്ള ‘വിപണി ഇടപെടൽ’ പദ്ധതിക്കുള്ള ഈ വർഷത്തെ വിഹിതം 1500 കോടി രൂപ മാത്രമാണ്. ഏതാണ്ട് 62 ശതമാനത്തിന്റെ കുറവാണ് ഇക്കാര്യത്തിൽ ഉണ്ടായിരിക്കുന്നത്. ഏറെ കൊട്ടിഘോഷിച്ച് സർക്കാർ വിളംബരം ചെയ്ത ‘കർഷക വരുമാനം ഉറപ്പാക്കൽ’ പദ്ധതിക്കായി (പിഎം ആഷ) നീക്കിവച്ചിരിക്കുന്നത് വെറും ഒരു കോടി രൂപയാണ്. കഴിഞ്ഞ വർഷം 400 കോടി രൂപ ചെലവഴിച്ച പദ്ധതിയാണിത്. അതുപോലെ, 10,000 ഫാർമർ പ്രൊഡ്യൂസർ കമ്പനികൾ രൂപീകരിക്കുന്നതിനായി 2021–22 ൽ വകയിരുത്തിയ 700 കോടി രൂപയിൽ 250 കോടി രൂപ മാത്രമാണ് ചെലവഴിക്കപ്പെട്ടത്. ഇത് കണക്കിലെടുക്കാതെ ഈവർഷം അനുവദിച്ചിട്ടുള്ളത് 500 കോടി രൂപ മാത്രമാണ്.
കഴിഞ്ഞ വര്‍ഷം 1,40,122 കോടി രൂപയായിരുന്ന രാസവള സബ്സിഡി വിഹിതം ഇപ്രാവശ്യം 1,05,222 കോടിയായി വെട്ടിക്കുറച്ചിരിക്കുന്നു. രാസവളങ്ങളുടെ വില കുതിച്ചുയരുമ്പോഴും സബ്സിഡി തുകയിൽ 35,000 കോടി രൂപയുടെ കുറവ് വരുത്തിയത് ഒട്ടേറെ സംശയങ്ങൾക്കും ഇടവരുത്തിയിട്ടുണ്ട്. രാസവള സബ്സിഡി വലിയ സാമ്പത്തിക ബാധ്യതയ്ക്കു വഴിവയ്ക്കുന്നുവെന്ന കാഴ്ച്ചപ്പാട് കേന്ദ്ര സർക്കാർ ഒരുകാലത്തും മറച്ചുവച്ചിട്ടില്ല. രാസവളം ഒഴിവാക്കിയുള്ള കൃഷി പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി ബജറ്റിൽ നടത്തിയിട്ടുള്ള പ്രഖ്യാപനങ്ങൾക്കനുസരിച്ചുള്ള വിഹിതം എവിടെയും കാണുന്നുമില്ല. ജൈവകൃഷിയുടെ പേരിൽ രാസവള സബ്സിഡി ഗണ്യമായി വെട്ടിക്കുറയ്ക്കുന്നതിനുള്ള നീക്കമായി മാത്രം ഈ പ്രഖ്യാപനങ്ങളെ കാണുന്നവരുണ്ട്. സാമ്പത്തിക സർവേയിൽ വിവരിച്ചിട്ടുള്ള കണക്കുകൾ പ്രകാരം പരമ്പരാഗത കൃഷി വികാസ് യോജനയിലൂടെ വെറും 0.409 മില്യൺ ഹെക്ടറിലാണ് ഇന്ത്യയിൽ ജൈവകൃഷി വ്യാപിപ്പിച്ചിട്ടുള്ളത്. ഏതാണ്ട് 158 മില്യൺ ഹെക്ടർ വരുന്ന നമ്മുടെ മൊത്തം കൃഷിവിസ്തൃതിയുടെ 0.258 ശതമാനം മാത്രമാണിത്. ശാസ്ത്രീയാടിസ്ഥാനത്തിൽ ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിൽ ആർക്കും എതിരഭിപ്രായം ഉണ്ടാകില്ല. എന്നാൽ അതിനായി പ്രായോഗികമായൊരു നയസമീപനം ഉണ്ടാകണം. സമ്പൂർണ ജൈവകൃഷിയുമായി മുന്നോട്ടുപോയ ശ്രീലങ്കയ്ക്ക് ഇക്കാര്യത്തിൽ സംഭവിച്ച വീഴ്ച നമുക്ക് പാഠമാകണം. ഇന്ത്യൻ കാർഷിക ഗവേഷണ കൗണ്‍സിലിന്റെ 2016‑ലെ ഒരു പഠനം പ്രകാരം, മഴയെ മാത്രം ആശ്രയിച്ചു കൃഷി ചെയ്യുന്ന വരണ്ട പ്രദേശങ്ങളും മലമ്പ്രദേശങ്ങളും ജൈവകൃഷിയിലേക്കു കൊണ്ടുവരുവാൻ എളുപ്പത്തിൽ കഴിയും. രാസവളങ്ങൾ ഒഴിവാക്കുന്നത് ഇവിടെ നിന്നുള്ള മൊത്തം ഉല്പാദനത്തെയും കാര്യമായി ബാധിക്കില്ല. അതേസമയം, നമ്മുടെ ഭക്ഷ്യധാന്യങ്ങളുടെ പ്രധാന ഉല്പാദന കേന്ദ്രങ്ങൾ പ്രകൃതിസൗഹൃദ കൃഷിയിലേക്ക് പടിപടിയായിമാത്രം നീങ്ങുന്നതാണ് ഉത്തമം.


ഇതുകൂടി വായിക്കൂ : കോവിഡും കാര്‍ഷികമേഖലയും


താങ്ങുവില — രാസവള സബ്സിഡി പദ്ധതികളെപ്പോലെ, ഭക്ഷ്യ സബ്സിഡിയിലും 27 ശതമാനത്തിന്റെ കുറവാണ് ബജറ്റിൽ വരുത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷം 2,86,469 കോടിരൂപ വകയിരുത്തിയിരുന്ന സ്ഥാനത്ത് ഈ വർഷം അനുവദിച്ചിട്ടുള്ളത് 2,06,831 കോടി രൂപ മാത്രമാണ്. അതെ സമയം, കാർഷിക മേഖലയ്ക്കുള്ള സാമ്പത്തിക വിഹിതത്തിന്റെ ഏറിയ പങ്കും (79 ശതമാനം) കർഷകർക്ക് നേരിട്ട് പണമെത്തിക്കുന്നതിനുവേണ്ടി വിനിയോഗിക്കുന്നത് സാമ്പത്തിക വിദഗ്ധരുടെ എതിർപ്പിന് കാരണമായിട്ടുണ്ട്. വികസന പദ്ധതികൾക്കും അടിസ്ഥാന സൗകര്യങ്ങൾക്കുമായുള്ള വിഹിതം 20 ശതമാനമായി താഴുന്നത് ഒട്ടും ആശാസ്യമല്ലെന്നാണ് ഇവരുടെ വാദം. അഗ്രികൾച്ചർ ഇൻഫ്രാസ്ട്രക്ചര്‍ ഫണ്ടിനായി 2021–22 ൽ അനുവദിച്ച 900 കോടിരൂപയിൽ ചെലവഴിക്കപ്പെട്ടത്, 200 കോടി രൂപ മാത്രമാണ്. അടിസ്ഥാന സൗകര്യങ്ങളുടെ വലിയതോതിലുള്ള ആവശ്യം നിലനിൽക്കുമ്പോഴും എന്തുകൊണ്ട് ഈ തുക ചെലവഴിക്കപ്പെട്ടില്ലെന്നു പരിശോധിക്കുന്നതിനു പകരം, 2022–23 വർഷത്തേക്കുള്ള ബജറ്റ് വിഹിതം 500 കോടി രൂപയായി കുറയ്ക്കുകയാണ് സർക്കാർ ചെയ്തിട്ടുള്ളത്.
കാർഷിക മേഖലയിലെ മൂലധന നിക്ഷേപം വർധിപ്പിക്കുമെന്ന് സാമ്പത്തിക സർവേയിൽ പറയുന്നുവെങ്കിലും ബജറ്റിൽ കാര്യമായ പ്രഖ്യാപനങ്ങളൊന്നുമില്ല. വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കേണ്ടിവന്നതിലെ പ്രതികാരമാണ് കർഷകരെ അവഗണിച്ചുകൊണ്ടുള്ള ബജറ്റിന് പിന്നിലെന്നു കർഷക സമരങ്ങൾക്ക് നേതൃത്വം നൽകിയ സംഘടനകൾ ഇതിനകം തന്നെ പരാതിപ്പെട്ടിട്ടുണ്ട്. കരിമ്പ് ഉൾപ്പെടെ 23 വിളകൾക്കും, താങ്ങുവില നിയമവിധേയമാക്കണമെന്ന കർഷകരുടെ ആവശ്യം പരിഗണിക്കുമെന്ന് ഉറപ്പു നൽകിയ സർക്കാർ, കഴിഞ്ഞ വർഷത്തേതിൽ നിന്നും കുറഞ്ഞ ബജറ്റ് വിഹിതം ഇതിനായി അനുവദിച്ചത് അവരിൽ ഞെട്ടൽ ഉളവാക്കിയിട്ടുണ്ട്. നിലവിൽ ഇന്ത്യയിലെ ആറു ശതമാനം കർഷകർക്കുമാത്രമാണ് താങ്ങുവില പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നത്.
ചുരുക്കത്തിൽ, സ്വാതന്ത്ര്യത്തിന്റെ നൂറാം വാർഷികത്തിലേക്കുള്ള “അമൃതകാല” യാത്രയിൽ കർഷകരെ ഒപ്പം കൂട്ടുവാൻ കേന്ദ്ര സർക്കാർ ഇനിയും തയാറായിട്ടില്ല. രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷ പരമപ്രധാനമാണെന്നു തിരിച്ചറിയുവാൻ കേന്ദ്ര സർക്കാരിന് കഴിയേണ്ടതാണ്. നാടിനെ അന്നമൂട്ടുന്ന ജനതയെ അകറ്റി നിർത്തിയുള്ള ഏതു യാത്രയും പാരതന്ത്ര്യത്തിലേക്കുള്ള തിരിച്ചുപോക്കാണെന്നു മനസിലാക്കിയാൽ നന്ന്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.