
നമ്മൾ ഭാരതത്തെക്കുറിച്ച് ചിന്തിക്കുന്ന സമയത്ത് ഈ ലോകം ആളിയാളി കത്തിക്കൊണ്ടിരിക്കുന്നു. നല്ല രീതിയിൽ ജീവിക്കാൻ ശ്രമിക്കുകയും പ്രാരാബ്ധപ്പെടുകയും ചെയ്യുന്ന ലോകജനത, പുതിയ രീതിയിൽ മരിച്ചുകൊണ്ടിരിക്കുകയാണ്. പുതിയ രീതിയിൽ ജീവിക്കാൻ ഇത്രകാലമായിട്ടും കഴിയാത്ത ഒരു ജനത പുതിയ രീതിയിൽ മരിക്കാനേ കൊള്ളുകയുള്ളു. ലോകത്ത് പലയിടത്തും യുദ്ധങ്ങളിലൂടെയും വർഗീയ കലാപങ്ങളിലൂടെയും എത്രയെത്ര മനുഷ്യർ മരിച്ചുകൊണ്ടിരിക്കുന്നു. മരണത്തിന്റെ ഈ രീതിയെ തടഞ്ഞ്, ജീവിതത്തിന്റെ പുതിയ രീതിയെ ഉദ്ഘാടനം ചെയ്യേണ്ടുന്ന കടമയുണ്ട്.
എന്റെ ഭാരതം എന്നു പറയുമ്പോൾ അതിന് ഒരു നില്‍ക്കക്കള്ളി കിട്ടുന്നത് കേൾക്കുന്നവന്റെ മനസിലും ‘എന്റെ ഭാരതം’ എന്ന ഒരു സങ്കല്പമുള്ളതുകൊണ്ടാണ്. ‘താനാരാണ് ഭാരതത്തെ കുറിച്ച് സങ്കല്പിക്കാൻ’ എന്ന് ധിക്കാരപരമായി ചോദിക്കുന്നവർ ഇവിടെയുണ്ട് എന്ന് ഓർക്കണം. അവർ പറയുന്നത് അവരുടെ കുത്തകയാണ് ഭാരതം എന്നതാണ്.
മഹാത്മാഗാന്ധി രാഷ്ട്രീയ രംഗത്ത് വരുന്ന ഘട്ടത്തിൽ തന്റെ സങ്കല്പത്തെ ഒരു ചെറു പുസ്തകത്തിൽ ചിത്രീകരിച്ചു. ‘ഹിന്ദ് സ്വരാജ്’ എന്തുകൊണ്ട് വ്യത്യസ്തമായ കൃതിയായി? അതിന്റെ ആമുഖത്തിൽ ഗാന്ധി പറയുന്നു; ‘പുസ്തകത്തിൽ പ്രതിപാദിച്ചിരിക്കുന്ന ആശയങ്ങൾ എന്റേതാണ് എന്റേതല്ലാത്തതുമാണ്. എന്റേതാണ്, എന്തുകൊണ്ടെന്നാൽ ഈ ആശയങ്ങൾ ഞാനെന്റെ ജീവിതത്തിൽ നടപ്പിലാക്കാൻ തീരുമാനിച്ചവയാണ്. എന്റേതല്ല എന്നതിനു കാരണം ഇവ കുറെയൊക്കെ ഞാൻ ആശയപരമായി മറ്റുള്ളവരിൽ നിന്നു സ്വീകരിച്ചതാണ്’. അപ്പോൾ ജീവിതപരമായി നടപ്പിലാക്കുകയും ആശയപരമായി കടം കൊള്ളുകയും എന്ന മട്ടിലല്ലാതെ നമുക്കൊരു ലോക സങ്കല്പം ഉണ്ടാക്കുവാൻ കഴിയില്ല. അങ്ങനെ എന്റെ ഭാരതസങ്കല്പവും പലേടത്തു നിന്നും സംഭരിച്ചതാണ് എന്നദ്ദേഹം പറഞ്ഞു.
ജവഹർലാൽ ഡിസ്കവറി ഓഫ് ഇന്ത്യയിൽ പറയുന്നു; ”ഇന്ത്യയുടെ വൈവിധ്യം വളരെ ബൃഹത്താണ്. വർണനാതീതമാണ്. അത് വളരെ പ്രത്യക്ഷമാണ്, സ്പഷ്ടമാണ്. അവ ഇന്ത്യയുടെ ഉപരിതലത്തിൽ തന്നെയുണ്ട്, ഏവർക്കും കാണാം. വടക്കുപടിഞ്ഞാറൻ പ്രദേശത്തെ പത്താനുകൾക്കും തമിഴ്‌നാട്ടിലെ ജനതയ്ക്കും തമ്മിൽ വളരെ ചെറിയ ഒരു സാമ്യതയേ ഉള്ളു. അവരുടെ ശാരീരിക ആകൃതിയിലും ഭക്ഷണത്തിലും വേഷത്തിലും ഭാഷയിലും വ്യത്യാസമുണ്ട്. ഇവയെല്ലാം കശ്മീരിലെ ജനതയിൽ നിന്ന് വ്യത്യസ്തമാണ്. പത്താൻ നൃത്തങ്ങൾക്ക് റഷ്യൻ കൊസാക്ക് നൃത്തങ്ങളോട് സാമ്യതയുണ്ട്. എന്തെല്ലാം വൈജാത്യങ്ങൾ ഉണ്ടങ്കിലും പത്താനും തമിഴ് ജനതയ്ക്കും അവരുടെ ഉള്ളിൽ ഇന്ത്യ എന്ന ശക്തമായ വികാരമുണ്ട്. അതിർത്തി പ്രദേശങ്ങൾ ഇന്ത്യൻ സംസ്കാരത്തിന്റെ പ്രമുഖ കേന്ദ്രങ്ങളായിരുന്നു.
പത്താനും തമിഴനും മാത്രമല്ല വൈവിധ്യത്തിന്റെ ദൃഷ്ടാന്തങ്ങൾ. അതിനിടയിൽ കിടക്കുന്ന പ്രദേശങ്ങളെല്ലാം വൈവിധ്യങ്ങളുടെ പൂങ്കാവനമാണ്. അവയ്ക്കെല്ലാം വ്യത്യസ്തമായ എന്നാൽ സവിശേഷമായ പ്രത്യേകതകൾ ഉണ്ട്. അവയെല്ലാം ഇന്ത്യയിൽ വ്യത്യസ്തമായ മുദ്രകൾ ചാർത്തി. ബംഗാൾ, മറാത്ത, ഗുജറാത്ത്, തമിഴ്, ആന്ധ്ര, ഒറിയ, അസം, കന്നട, മലയാളം, സിന്ധി, പഞ്ചാബ്, പത്താൻ, കശ്മീർ, രജപുത്രർ, മധ്യേന്ത്യയിലെ ഹിന്ദി സംസാരിക്കുന്നവർ തുടങ്ങിയവരെല്ലാം അവരുടെ മനോഹരമായ വൈവിധ്യങ്ങൾ കൊണ്ട് ഇന്ത്യയെ വർണാഭമാക്കുന്നു. അവരെല്ലാം ഭാരതീയർ. അവരെല്ലാം വൈവിധ്യത്തിൽ സ്ഥിതി ചെയ്യുന്ന ഐക്യമെന്ന ദേശീയ പൈതൃകത്തെ നെഞ്ചിലേറ്റി ജീവിക്കുന്നു. അവരുടെ ഐക്യം ബാഹ്യശക്തികളിലൂടെ സാക്ഷാത്കരിക്കപ്പെട്ടതല്ല, വളരെ ഗഹനമായ വികാരമാണ്.
കനത്ത ദാരിദ്ര്യവും അതിന്റെ സന്തതികളും സർവവ്യാപകമായിരുന്നു. മനുഷ്യജീവിതത്തെ അവ തകർത്തുകളഞ്ഞു. തിന്മയുടെ ശക്തികൾ അവരെ വരിഞ്ഞുമുറുക്കി. അരക്ഷിതാവസ്ഥ അവരെ വലയം ചെയ്തു. ഇതെല്ലാം സുഖകരമായ കാഴ്ചയായിരുന്നില്ല. പരിത്യാഗ മനോഭാവം വളരെ കൂടുതലായിരുന്നു. അതുകൊണ്ട് തന്നെ ജീവിതം എന്ത് തന്നുവോ അതിനെ അപ്പാടെ സ്വീകരിക്കുന്ന പ്രകൃതം നിലനിന്നു. കാലങ്ങളായുള്ള പരിപക്വതയും മാന്യതയും സഹസ്രാബ്ദങ്ങളായുള്ള സാംസ്കാരിക പൈതൃകവും ഏതു പ്രതിസന്ധിയിലും ജനതയെ ഒന്നിച്ചു നിർത്തി.
അദ്ദേഹം പ്രസംഗങ്ങളിലും പുസ്തകങ്ങളിലും പറഞ്ഞു: ”നമ്മൾ ഒരു തരത്തിലും വർഗീയ വാദത്തിന് ഇടം നൽകുകയില്ല, അനുവദിക്കില്ല. നമ്മൾ നിർമ്മിക്കുന്നത് മതേതര രാഷ്ട്രത്തെയാണ്. അതിൽ എല്ലാ മതങ്ങൾക്കും വിശ്വാസങ്ങൾക്കും പൂർണ സ്വാതന്ത്ര്യമുണ്ടായിരിക്കും. അവയ്ക്കെല്ലാം തുല്യ ബഹുമാന്യത നൽകും. ആ രാഷ്ട്രത്തിൽ എല്ലാ പൗരനും തുല്യ സ്വാതന്ത്ര്യമുണ്ടാകും, തുല്യ അവസരങ്ങൾ ഉണ്ടാകും. ഇവിടെ പലപ്പോഴും വർഗീയ വാദത്തിന്റെ വിഭാഗീയതയുടെ ഭാഷ സംസാരിക്കുന്ന ചില മനുഷ്യരുണ്ട്. അവരോട് ഞാൻ പറയുന്നു ഞാൻ അതിന് പൂർണമായും എതിരാണ്, ഞാൻ ഗാന്ധി ദർശനങ്ങളിൽ വിശ്വസിക്കുന്നു.”
ശ്രീനഗറിൽ 1961 ജൂലൈ 19ന് നടത്തിയ പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. “നമ്മൾ ഹിന്ദു വർഗീയ വാദത്തിനും മുസ്ലിം വർഗീയ വാദത്തിനും സിഖ് വർഗീയ വാദത്തിനും എതിരാണ്. മറ്റേതു മതത്തിന്റെ വർഗീയ വാദത്തിനും എതിരാണ്. നമ്മൾ അവയ്ക്കെതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു. ഒരിക്കലും ദേശീയതയ്ക്ക് വർഗീയ വാദവുമായി കൈകോർക്കാൻ സാധിക്കില്ല. ദേശീയത എന്നു പറഞ്ഞാൽ ഹിന്ദു ദേശീയതയല്ല, മുസ്ലിം ദേശീയതയല്ല, സിഖ് ദേശീയതയല്ല. ഓരോ വിഭാഗത്തിനും വേണ്ടി സംസാരിക്കുന്നവർ ഇന്ത്യക്കു വേണ്ടിയല്ല സംസാരിക്കുന്നത്. ഓരോ വ്യക്തിയും സ്വയം ചോദിക്കേണ്ട ചോദ്യമുണ്ട്. ഞാൻ എങ്ങനെയുള്ള ഇന്ത്യയെ സൃഷ്ടിക്കണം, ഐക്യമുള്ള ഒരു രാജ്യമാണോ കാംക്ഷിക്കുന്നത് അതോ ബലമില്ലാത്ത, ക്ഷമയില്ലാത്ത അനൈക്യമുള്ള ഇന്ത്യയാണോ വേണ്ടത് എന്ന്. ഓരോരുത്തരും ഈ ചോദ്യത്തിന് ഉത്തരം പറയണം. വിഭാഗീയത രാഷ്ട്രത്തെ ശിഥിലമാക്കും, ദുർബലമാക്കും. വിഭാഗീയ പ്രവർത്തനങ്ങൾ, അത് ഹിന്ദുക്കൾ നടത്തിയാലും മുസ്ലിങ്ങൾ നടത്തിയാലും സിഖുകാർ നടത്തിയാലും മറ്റുള്ളവർ നടത്തിയാലും അപകടകരമാണ്. അത്യന്തം ഗുരുതരമായ ചെയ്തികൾ ആണ്. അത്തരം പ്രവൃത്തികൾ വളരെ സങ്കുചിതമായ മനസിൽ നിന്ന് ഉത്ഭവിക്കുന്നു. മനുഷ്യനെ സ്നേഹിക്കുന്നവർ അത്തരം ചിന്തകളുടെ ഭാഗമായിക്കുടാ.”
വ്യത്യസ്ത സംസ്കാരവും ആചാരവും വേഷവും ഭാഷയുമുള്ള വൈവിധ്യമുള്ള സമൂഹങ്ങളാണ് ഇന്ത്യയിൽ ജീവിക്കുന്നത്. അവർക്ക് സഹിഷ്ണതയോടെ, വ്യത്യസ്ത വിശ്വാസങ്ങളെ, സ്വഭാവങ്ങളെ ബഹുമാനിക്കാതെ സമാധാനത്തോടെ ജീവിക്കാൻ സാധ്യമല്ലെങ്കിൽ മഹത്തായ രാഷ്ട്രം കെട്ടിപ്പടുക്കാൻ സാധ്യമല്ല. ഇന്ത്യയിലെ ജനങ്ങൾ എത്രയോ കാലം സഹവർത്തിത്വത്തോടെ സഹിഷ്ണുതയോടെ ജീവിച്ചവരാണ്. സഹിഷ്ണുതയാണ് നമ്മുടെ സംസ്കാരം. അശോകന്റെ കാലം മുതൽ നമ്മൾക്കത് കാണാം. മഹാത്മാഗാന്ധി അടിവരയിട്ട് പറഞ്ഞതും സഹിഷ്ണുതയെ കുറിച്ചാണ്, മനുഷ്യ സൗഹാർദത്തെക്കുറിച്ചാണ്. സഹിഷ്ണുതയെക്കുറിച്ചുള്ള സന്ദേശങ്ങളാണ് അദ്ദേഹത്തിന്റെ ജീവൻ നഷ്ടപ്പെടാൻ ഹേതുവായതും. അദ്ദേഹം ജീവിച്ചതും പ്രവർത്തിച്ചതും സാഹോദര്യത്തിനും സഹിഷ്ണുതയ്ക്കും വേണ്ടിയാണ്.
മറ്റൊരു പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു, ”നമ്മൾ മതേതര രാഷ്ട്രത്തെ കുറിച്ച് സംസാരിക്കുമ്പോൾ ചിലർ കരുതുന്നത് അത് മതത്തിന് എതിരാണ് എന്നാണ്. അത്തരത്തിലുള്ള ധാരണ തെറ്റാണ്. മതേരതത്വത്തിലൂടെ രാഷ്ട്രം എല്ലാ വിശ്വാസങ്ങളെയും തുല്യമായി ബഹുമാനിക്കുന്നു. എല്ലാവർക്കും തുല്യ അവസരങ്ങൾ നൽകുന്നു. രാഷ്ട്രം ഒരിക്കലും ഒരു പ്രത്യേക മതത്തെ പ്രോത്സാഹിപ്പിക്കില്ല, ഒരു പ്രത്യേക വിശ്വാസത്തോട് ആഭിമുഖ്യം പ്രകടിപ്പിക്കുകയുമില്ല. ഇന്ത്യക്ക് എത്രയോ കാലമായി മത സഹിഷ്ണുതാ ബോധമുണ്ട്.
നമ്മുടെ രാജ്യത്ത് അനേകം വിശ്വാസങ്ങളും മതങ്ങളും ഉള്ളതുകൊണ്ട്, എല്ലാവരെയും ഉൾക്കൊണ്ട ദേശീയത വളരണമെങ്കിൽ നമ്മൾ മതനിരപേക്ഷമായി പ്രവർത്തിക്കണം. എത്ര ചെറിയ വിഭാഗം മനുഷ്യനെയും പുറന്തള്ളാൻ പാടില്ല. എല്ലാവരെയും ഉൾക്കൊള്ളലാവണം സർക്കാരിന്റെ അടിയുറച്ച നയം. നമ്മൾ വളർത്തേണ്ടത് ഇന്ത്യൻ ദേശീയതയെയാണ്, ഹിന്ദു ദേശീയതയോ മുസ്ലിം ദേശീയതയോ, സിഖ് ദേശീയതയോ ക്രിസ്ത്യൻ ദേശീയതയോ അല്ല എന്ന് അസന്ദിഗ്ധമായി പറയുന്നു. മതാടിസ്ഥാനത്തിലുള്ള ചിന്താഗതികൾ കാലഹരണപ്പെട്ടതാണ്. വർഗീയ വാദങ്ങൾ ഉയർത്തുമ്പോൾ ധരിക്കേണ്ടത്, നമ്മൾ പ്രാകൃത ചിന്തയുടെ വക്താക്കൾ ആകുന്നു എന്നാണ്.”
മഹാനായ പ്രഥമ പ്രധാനമന്ത്രിയുടെ ചില ചിന്തകളാണ് പ്രസംഗത്തിലൂടെ, പുസ്തകങ്ങളിലൂടെ അനാവരണം ചെയ്യപ്പെട്ടത്. എത്രമാത്രം കാലിക പ്രസക്തിയാണ് ആ ചിന്തകൾക്ക്. ലോകത്തെ സ്നേഹിച്ച മാനവികതയെ പുൽകിയ മഹാ രാഷ്ട്രതന്ത്രജ്ഞൻ, മഹനായ തത്വചിന്തകൻ, ചരിത്രകാരൻ, വിജ്ഞാന ശിരോമണി, മനുഷ്യസ്നേഹി, അക്ഷരങ്ങളുടെ കൂട്ടുകാരൻ…
ഇന്നത്തെ ഇന്ത്യയുടെ സ്ഥിതിയോ! ഫാസിസം ആർത്തട്ടഹസിച്ച് ഉന്മാദം നൃത്തം ചവിട്ടുന്ന ഇന്ത്യയിൽ മഹാനായ നെഹ്രു ചരിത്രത്തിൽ നിന്ന് തമസ്കരിക്കപ്പെടുന്നു. ഭീതിജനകമായ അവസ്ഥ. ലജ്ജിക്കണം നാം ഈ അവസ്ഥയെ ഓർത്ത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.