ഇരുപതിനായിരം വിലമതിക്കുന്ന കോഴീനേം വാങ്ങിക്കൊണ്ടുപോയി. നയാ പൈസ തരാതെ ഇന്നുതരാം നാളെത്തരാം എന്നുപറഞ്ഞ് മുങ്ങിനടക്കുന്ന കാറ്ററിങ്ങുകാരനെ തേടി അവന്റെ കടയിൽ ചെന്നപ്പോഴാണ് പണ്ട് ഞാൻ 10-ാം ക്ലാസിൽ ഒന്നിച്ചുപഠിച്ച എന്റെ ബെസ്റ്റ് ഫ്രണ്ടായ രാമകൃഷ്ണനെ സ്കൂൾ പഠനശേഷം ആദ്യമായി കാണുന്നത്. അവനെ തിരിച്ചറിയാൻ എനിക്ക് പാടുപെടേണ്ടിവന്നു. വാർധക്യം അവനെ വല്ലാതെ കവർന്നെടുത്തിരിക്കുന്നു. നരച്ച് മെലിഞ്ഞ ശരീരം. മുഖത്താകെ ചുളിവുകളും അടയാളങ്ങളും. ഖദർ ഷർട്ടും മുണ്ടുമാണ് വേഷം. ടൗണിൽ സ്വദേശിപത്രം നടത്തുകയാ. പത്രത്തിൽ പരസ്യം നല്‍കിയ വകയിൽ അവനും കിട്ടാനുണ്ട് നല്ലൊരു തുക. എത്രനേരമായി ഞങ്ങൾ നിൽക്കുന്നു. ഇനി ഇവിടെ നില്‍ക്കുന്നത് വെറുതെയാ. നീ എങ്ങോട്ടാ, ടൗണിലേക്കാണോ? എന്നാൽ എന്റെ കാറിൽ കയറിക്കോ, ഞാൻ കൊണ്ടുചെന്ന് വിടാം നിന്നെ.
ഞാനവനെ കാറിൽ കയറ്റി. വളഞ്ഞുതിരിഞ്ഞുള്ള റോഡ്. റോഡ് പണിക്കായി കുത്തിപ്പൊളിച്ചിട്ടിരിക്കയാ. ആ റോഡിനരികിലൂടെ ഒരഭ്യാസിയുടെ വഴക്കത്തിൽ ഞാൻ കാറ് ഉരുട്ടിക്കൊണ്ടേയിരുന്നു. നിന്റെ മക്കളൊക്കെ എന്താ ചെയ്യുന്നേ? കല്യാണം കഴിച്ചാലല്ലേ കുട്ടികളുണ്ടാവൂ. ഞാനാ പണിക്കൊന്നും നിന്നിട്ടില്ല. സ്വതന്ത്രനാ.
”നിന്റെ കുടുംബവിശേഷം എന്താ?
”എനിക്കൊരു മകളാ. അവളെ കല്യാണം കഴിപ്പിച്ചയച്ചു. അവൾക്കൊരു പെൺകുട്ടിയുമുണ്ട്. അവരിപ്പോൾ കുടുംബസമേതം ദുബായിലാ. വീട് ഇവിടെത്തന്നെയാ. അല്ലാ എന്റെ വീട്ടിൽ കയറിയിട്ട് പോകാം. ഇവിടെ അടുത്താ.”
”അതുപിന്നെ മറ്റൊരവസരത്തിലാകാം. നീ തൃശൂരുള്ള കാര്യം എനിക്കറിയില്ലല്ലോ. നീ കുരിയച്ചിറയിലുള്ള കാര്യം എനിക്കും അറിയില്ലല്ലോ. പഠിപ്പുകഴിഞ്ഞ് ഓരോരുത്തരും ഓരോരോ വഴിക്കായി. നമ്മുടെ വളർച്ചയിൽ പഴയ ബന്ധങ്ങളെല്ലാം അറ്റുപോയി. എന്നാലും എനിക്ക് കുന്നംകുളത്ത് പഴയ സഹപാഠികളുമായി നല്ല അടുപ്പമാ. നീ സ്വതന്ത്രനല്ലേ. ഞാൻ അങ്ങനെയല്ലല്ലോ. കുടുംബവും ബിസിനസും ഒക്കെയായി കഴിയുകയല്ലേ. എപ്പോഴും തിരക്കിലാമോനെ.”
”ഓ… കോഴിക്കച്ചോടം അല്ലേ. എന്നാലും നിന്നെ ഞാൻ ഇങ്ങനെയൊന്നുമല്ല പ്രതീക്ഷിച്ചിരുന്നത്. നീ ഒരു എഴുത്തുകാരനോ നടനോ ഒക്കെ ആകുമെന്നാ ഞാൻ കരുതിയിരുന്നത്. സ്കൂളിലെ കലാപ്രതിഭായിരുന്നല്ലോ നീ.
”എഴുതണമെന്ന് മോഹമില്ലാതെയല്ല. പണ്ട് കോളജ് വിട്ടസമയത്ത് കുറേ ശ്രമിച്ചതാ. പക്ഷേ, ഫലം കണ്ടില്ല. നമ്മുടെ ഒരു കഥയെഴുതി അയച്ചാൽ പിന്നെ ഒരു വിവരോം ഉണ്ടാവില്ല. പത്രമോഫിസിൽ ചെന്ന് അന്വേഷിച്ചാൽ അവർ പറയുക അഞ്ചു വർഷത്തേക്കുള്ള കഥയും കവിതയുമെല്ലാം ഇവിടെ കാത്തുകെട്ടിയിരിപ്പെന്നാ. നമുക്ക് വിധിച്ചത് ഇതാ കോഴിക്കച്ചവടം. 35 വർഷത്തോളമായി ഇത് തന്നെയാ എന്റെ സാമ്രാജ്യം. ങാ… കുഴപ്പമില്ല. ഇവിടെ സ്ഥലം വാങ്ങി പുതിയ വീട് വച്ചു, കാർ വാങ്ങി, പഴയ വീട് വാടകയ്ക്കുകൊടുത്തു. കോവിഡ് വരെ നല്ല ഒരുകയറ്റമായിരുന്നു. കോവിഡിന് ശേഷം ഇറക്കമാ. കടകൾ പെരുകി. അപ്പോൾ കച്ചവടം ഉരുകിയൊലിച്ചു. നിലനില്പുതന്നെ അപകടത്തിലാ. പഴയതുപോലെ കുറഞ്ഞ വേതനത്തിന് ബംഗാളികളെ കിട്ടാനുമില്ല.”
കാറ് ടൗണിലെ ഇന്ത്യൻ കോഫി ഹൗസിന് മുന്നിൽ കൊണ്ടുനിർത്തി. ഞങ്ങൾ ഇറങ്ങി. ”നിനക്കെന്താ വേണ്ടത്? ബിരിയാണി ആയാലോ…”
”ഞാൻ ബിരിയാണിയൊന്നും കഴിക്കില്ല.”
ഞാൻ ചായയ്ക്കും വടയ്ക്കും ഓർഡർ നല്കി.
”എനിക്ക് നിന്നോട് പറയാനുള്ളതെന്താണെന്നുവച്ചാൽ നിന്റെ ഉള്ളിൽ അണയാത്തൊരു തീയുണ്ട്. നീ ആ തീ കോഴിക്കച്ചവടത്തിന്റെ തിരക്കൽ കെടുത്തിയിരിക്ക്യാ. അണഞ്ഞ ആ കനലുകളെ ഞാൻ ജ്വലിപ്പിക്കാം. ”
അതുകേട്ട് ഞാൻ ഒറക്കെ ചിരിച്ചു. ഈ 60-ാം വയസിൽ ഇവനെന്റെ അകത്തെ കനലുകൾ എന്താണാവോ കണ്ടത്? പണ്ടെ ഇവന്റെ സ്വഭാവമാ അകത്ത് എന്താണെന്ന് നോക്കിനടപ്പ്. അങ്ങനെ അകത്തു നോക്കാൻ വന്നപ്പോഴാ കോമ്പസ് കൊണ്ട് എന്റെ കയ്യിൽ നിന്നുമൊരു കുത്തു കിട്ടിയത്.
”നീ ഞാൻ പറയുന്നത് കേൾക്ക്. നമ്മുടെ വിശ്വസാഹിത്യകാരൻ എം ടി പോയി. ഒരുപക്ഷേ, ആ വിടവ് നികത്തേണ്ടത് നീയാണെങ്കിലോ. ആർക്കറിയാം. നീ ഇനി ആരെക്കെയാ ആകാൻ പോകുന്നതെന്ന്. എന്റെ പത്രത്തിന് ആറ് പേജുകളുണ്ട്. അതിൽ പകുതിഭാഗം വാർത്തകളും ബാക്കിവരുന്ന കാൽ ഭാഗം പരസ്യങ്ങളും ബാക്കിയുള്ളവ പുതിയ എഴുത്തുകാരുടെ സൃഷ്ടികളുമാണ്. നീ ഒരു നോവലെഴുത്. ഞാൻ അതെന്റെ പത്രത്തിൽ പ്രസിദ്ധീകരിക്കാം. ഒരു കഥാബീജം ഇങ്ങനെ നെഞ്ചിലേറ്റി അത് കടലാസിൽ പകർത്താൻ തുടങ്ങിയാൽ അതിന് കയ്യും കാലും വയ്ക്കുന്നു. പ്രണയവും സ്നേഹവും വെറുപ്പും അനീതിക്കെതിരായുള്ള വാൾ എടുക്കുന്നു.”
ചായകുടി കഴിഞ്ഞപ്പോൾ എന്നേയും കൂട്ടി അവൻ സാഹിത്യ അക്കാദമിയിലെയും ടൗൺ ഹാളിലെയും ലൈബ്രറികൾ കൊണ്ടുചെന്ന് കാണിച്ചു. കണക്കില്ലാത്ത പുസ്തകങ്ങളുടെ ശേഖരണം. എത്രയോ എഴുത്തുകാരുടെ രചനകൾ. നോവൽ എഴുതേണ്ട വശങ്ങളെ പറ്റിയും സാഹിത്യകാരന്മാരെ പറ്റിയുമെല്ലാം അക്കാദമിയുടെ മരത്തണലിൽ വച്ച് രണ്ട് മണിക്കൂറോളം അവൻ ക്ലാസെടുത്തു. എന്നെ ഒരു വായനക്കാരനാകാൻ പ്രോത്സാഹിപ്പിച്ചു.
ഞാനവനെ യാത്രയാക്കി തിരിച്ചുവരും വഴി ഞാൻ വായനശാലയിൽ കയറി എന്റെ നഷ്ടമായ മെമ്പർഷിപ്പ് പുതുക്കി. പുതിയ പുസ്തകങ്ങളെടുത്തു. രാത്രിയിൽ ഗോതമ്പുകഞ്ഞിയും ചമ്മന്തിയും കഴിച്ച് ഉറങ്ങാൻ കിടന്നു. ഉറക്കം വരുന്നില്ല. തിരിഞ്ഞും മറിഞ്ഞും കിടന്നു. രാമകൃഷ്ണൻ പറഞ്ഞതിലും കാര്യമുണ്ട്. കാലം കുറേ ആയില്ലേ മുട്ടക്കോഴികളെ പോലെ നടക്കാനും പറക്കാനും തുടങ്ങീട്ട്. ഇനി ഇതെല്ലാം ഒന്ന് അവസാനിപ്പിച്ചാലോ. കടയും വസ്തുവകകളും വിറ്റാൽ നല്ലൊരു സംഖ്യ ബാങ്കിൽ കിടക്കും. അതിന്റെ പലിശ ഉണ്ടായാൽ മതി. ശിഷ്ടകാലം ജീവിക്കാൻ. ഇനിയൊരു മാറ്റം എഴുത്തിന്റെ ലോകത്തേക്കൊരു എടുത്തുചാട്ടം, കോഴിവാസു എന്ന ലേബൽ ഇനി വേണ്ട. ആലോചിക്കുന്തോറും കഥാ ബീജങ്ങൾ ഇങ്ങനെ മനസിൽ പൂമ്പാറ്റകളെപ്പോലെ പറന്നുനടക്കുന്നു.
”ഇങ്ങക്കെന്താ ഇന്ന് ഉറക്കമില്ലേ?”
”എടീ ഞാനാലോചിക്ക്യാ, നമുക്കീ കോഴിക്കച്ചോടം അങ്ങ് നിർത്ത്യാലോ?”
”അത് നല്ലകാര്യം. എത്ര കാലമായി ഞാനും മോളും പറയുന്നു ഇത് നിർത്തച്ഛാ, നിർത്തച്ഛാന്ന്.” ‘ഈ കോഴിക്കാട്ടത്തിന്റെ നാറ്റം ഞാൻ എത്രകാലമായി സഹിക്കുന്നു.”
ഞാൻ തലയറുത്തെടുത്ത നാടൻ ചാത്തൻ കോഴികൾ കൂട്ടമായി വന്ന് എന്റെ കണ്ണും മൂക്കും വായുമെല്ലാം കൊത്തിയെടുക്കുന്നപോലെ. ഇല്ല ഒരിക്കലും ഇങ്ങനെയുണ്ടാവില്ല. ‘എന്നോട് പൊറുക്കണേ. ഞാനിതാ ആയുധം വച്ച് കീഴടങ്ങുന്നു’.
”ഇങ്ങക്കെന്താ പ്രാന്തായാ?” അവൾ ചോദിച്ചു.
കോഴിയുടെ തൂക്കം വർധിപ്പിക്കാൻ ഞാൻ തീറ്റയിൽ കൃത്രിമത്വം കാണിച്ചു. ചത്ത കോഴികളെയും സുനാമി കോഴികളെയും നാട്ടുകാരെക്കൊണ്ട് തീറ്റിച്ചു. കോഴികളെപ്പോലെ മനുഷ്യരുടെയും കഴുത്തറുത്തു. മാപ്പർഹിക്കാത്ത കുറ്റമാ ഞാൻ ചെയ്തുകൂട്ടിയത്. ആർക്കുവേണ്ടിയായിരുന്നു ഇതെല്ലാം. ഇനിയും വയ്യ. എല്ലാം നിർത്തണം. വാർധക്യത്തിൽ നിന്നും യുവത്വത്തിലേക്കുള്ള എഴുത്തുവണ്ടിയിൽ യാത്ര തുടരണം. ”വിട് എന്നെ വിട് എന്നെ, കൊല്ലണേ…” എന്റെ ബലിഷ്ടമായ കൈകളിൽ കിടന്ന് അവൾ പിടഞ്ഞപ്പോൾ, ആ കാതുകളിൽ ഞാൻ പറഞ്ഞു,
”ഇത് നിന്റെ അവസാന ഗന്ധമാണെെടീ പെണ്ണെ… നിനക്കും മോൾക്കും വേണ്ടി ഒരുപാട് സഹിച്ചില്ലേ. ഇന്നുകൂടി നീ ഈ
ഗന്ധം സഹിച്ചേ തീരൂ.”
വളരെ നാളുകൾക്കുശേഷം ഒരു പ്രവാസി ഇറച്ചി വാങ്ങിക്കാനായി വാസുവിന്റെ കോഴിക്കടയിൽ ചെന്നപ്പോൾ കണ്ട കാഴ്ച കടയിപ്പോൾ രണ്ടു നിലകളുള്ള വലിയ ബുക്ക് സ്റ്റാൾ ആണ്. രണ്ടാമത്തെ നിലയിലെ എസി റൂമിൽ നോവലിസ്റ്റ് വാസു തന്റെ രണ്ടാമത്തെ നോവലിന്റെ പണിപ്പുരയിലായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.