24 September 2024, Tuesday
KSFE Galaxy Chits Banner 2

ജുഡീഷ്യൽ പരിഷ്കരണം നടപ്പിലാക്കാനൊരുങ്ങി നെതന്യാഹു; ഇസ്രയേലില്‍ ജനകീയ പ്രതിഷേധം ശക്തം

*ദേശീയ പാതകള്‍ ഉപരോധിച്ചു
* പൊലീസും പ്രതിഷേധക്കാരും തമ്മില്‍ സംഘര്‍ഷം
* 161 റിസർവ്ഡ് എയർഫോഴ്സ് ഉദ്യോഗസ്ഥർ രാജിവച്ചു
Janayugom Webdesk
ജറുസലേം
July 19, 2023 9:14 pm

വിവാദമായ ജുഡീഷ്യൽ പരിഷ്കരണ നിയമവുമായി മുന്നോട്ടുപോകാനുള്ള ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള തീവ്ര വലതുപക്ഷ സഖ്യസര്‍ക്കാരിന്റെ നീക്കത്തിനെതിരെ ഇസ്രയേലില്‍ ജനകീയ പ്രതിഷേധം ശക്തമാകുന്നു. പതിനായിരക്കണക്കിന് പ്രതിഷേധക്കാർ പ്രധാന നഗരങ്ങളിലെ തെരുവുകളിൽ റാലികൾ നടത്തി.
ഇസ്രയേലിന്റെ പ്രധാന പാതയായ അയലോൺ ഹൈവേയുടെ ഭാഗങ്ങൾ ഉൾപ്പെടെ ആറ് ദേശീയ പാതകളും പ്രതിഷേധക്കാര്‍ ഉപരോധിച്ചു. പ്രക്ഷോഭം അടിച്ചമര്‍ത്താനുള്ള ശ്രമങ്ങളെത്തുടര്‍ന്ന് പലയിടങ്ങളിലും പൊലീസും പ്രതിഷേധക്കാരും തമ്മില്‍ സംഘര്‍ഷമുണ്ടായി. ചില സ്ഥലങ്ങളില്‍ പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പൊലീസ് ജലപീരങ്കി ഉപയോഗിച്ചു. രാത്രിയും തുടര്‍ന്ന പ്രതിഷേധത്തില്‍ 45 പേരെ ഇതിനകം കസ്റ്റഡിയിലെടുത്തു. പ്രതിഷേധക്കാർ പ്രധാന റെയിൽവേ സ്റ്റേഷനുകളിൽ ഒത്തുകൂടിയതോടെ ടെൽ അവീവിലെയും തീരദേശ നഗരമായ ഹൈഫയിലെയും രണ്ട് സ്റ്റേഷനുകളിൽ ട്രെയിൻ സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചു. 1980കൾക്ക് ശേഷം ഇസ്രയേലിൽ ഇതുവരെ കണ്ടിട്ടില്ലാത്ത ഏറ്റവും വലിയ പ്രകടനങ്ങളാണ് ഗ്രാസ് റൂട്ട് മൂവ്‌മെന്റിന്റെ നേതൃത്വത്തില്‍ നടത്തുന്നത്.
പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് എയർ ക്രൂവും ആക്രമണ ഡ്രോൺ ഓപ്പറേറ്റർമാരും ഇന്റലിജൻസ് ഓഫിസർമാരും ഉള്‍പ്പെടെ 161 റിസർവ്ഡ് എയർഫോഴ്സ് ഉദ്യോഗസ്ഥർ സര്‍വീസില്‍ നിന്ന് രാജിവയ്ക്കുന്നതായി പ്രഖ്യാപിച്ചു. ഇസ്രയേലി സെെന്യത്തിന്റെ ആശങ്കകള്‍ ഉയര്‍ത്തിക്കൊണ്ട് ആയിരക്കണക്കിന് റിസർവ് സൈനികർ സമീപ മാസങ്ങളിൽ സെെന്യത്തില്‍ ചേരാന്‍ വിസമ്മിച്ചത്. റിസര്‍വ് സെെനികരുടെ സമീപനം പ്രതിരോധ സേനയെ ദോഷകരമായി ബാധിക്കുകയും ദേശീയ സുരക്ഷയെ ദുർബലപ്പെടുത്തുകയും ചെയ്യുമെന്ന് ഇസ്രയേലി ഡിഫൻസ് ഫോഴ്‌സിന്റെ ചീഫ് ഓഫ് സ്റ്റാഫ് ഹെർസി ഹലേവി നെസെറ്റിന്റെ ദേശീയ സുരക്ഷാ കമ്മിറ്റിക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.
സര്‍ക്കാര്‍ നിയമനിര്‍മ്മാണവുമായി മുന്നോട്ട് പോകുന്ന സാഹചര്യത്തില്‍ പണിമുടക്കിലേക്ക് പോകുമെന്ന് ഡോക്ടര്‍മാരുള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ അറിയിച്ചു. ഇന്ന് രണ്ട് മണിക്കൂര്‍ സൂചനാ പണിമുടക്ക് നടത്തുമെന്നും ഇസ്രയേല്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) അറിയിച്ചു. നിർദിഷ്ട ജുഡീഷ്യൽ പരിഷ്കരണ നിയമനിർമ്മാണം മന്ദഗതിയിലാക്കണമെന്നും വിഷയത്തില്‍ സമവായത്തിലെത്തണമെന്നും യുഎസ് പ്രസിഡന്റ് ‍ജോ ബെെഡന്‍ ആവശ്യപ്പെട്ടു. ഇസ്രായേൽ പ്രസിഡന്റ് ഐസക് ഹെർസോഗുമായി വെെറ്റ് ഹൗസില്‍ നടത്തിയ ചര്‍ച്ചയിലാണ് ബെെഡന്‍ ഇക്കാര്യം ഉന്നയിച്ചത്. മാസങ്ങളോളം ഇസ്രയേലിനെ ഇളക്കിമറിച്ച ഇടതുപക്ഷ ബഹുജന പ്രകടനങ്ങളെയും യുഎസ് പ്രസിഡന്റ് പ്രശംസിച്ചു.
പ്രതിഷേധങ്ങള്‍ ശക്തമാകുമ്പോഴും നെതന്യാഹുവിന്റെ വലതുപക്ഷ സഖ്യ സര്‍ക്കാര്‍ ബില്ലില്‍ അന്തിമ വോട്ടെടുപ്പ് നടത്താനുള്ള തയ്യാറെടുപ്പ് തുടരുകയാണ്. വേനൽക്കാല അവധിക്കായി ജൂലൈ 30 ന് നെസെറ്റ് പിരിയുന്നതിന് മുമ്പ് നിയമനിർമ്മാണം പൂർത്തിയാക്കുകയാണ് നെതന്യാഹുവിന്റെ ലക്ഷ്യം. അന്തിമ വോട്ടെടുപ്പ് വൈകിപ്പിക്കാനുള്ള ശ്രമത്തിൽ പ്രതിപക്ഷ നിയമസഭാംഗങ്ങൾ ബില്ലിനെതിരെ 27,000 എതിർപ്പുകൾ ഫയൽ ചെയ്തിരുന്നു.

eng­lish sum­ma­ry; Israelis protest over Netanyahu’s pro­posed judi­cial reforms

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.