30 June 2024, Sunday
KSFE Galaxy Chits

Related news

June 27, 2024
February 13, 2024
December 26, 2023
July 30, 2023
July 10, 2023
October 18, 2022
October 10, 2022
July 24, 2022
December 15, 2021
August 21, 2021

പുതിയ ക്രിമിനല്‍ നിയമം പൊലീസ് രാജിലേക്ക്

Janayugom Webdesk
ന്യൂഡല്‍ഹി
June 27, 2024 11:08 pm

പരിഷ്കരിച്ച ക്രിമിനല്‍ നിയമഭേദഗതി ജൂലൈ ഒന്നിന് പ്രാബല്യത്തില്‍ വരുത്തുന്നതിനെതിരെ എതിര്‍പ്പ് വ്യാപകമായി. നീതിന്യായ സംവിധാനത്തെ അപ്രസക്തമാക്കി പൊലീസ് രാജ് അടിച്ചേല്പിക്കുന്നതാണ് നിയമമെന്നാണ് നിമജ്ഞരില്‍ നിന്നുള്‍പ്പെടെ ഉയര്‍ന്ന പ്രധാന വിമര്‍ശനം. പിന്തിരിപ്പന്‍ കാഴ്ചപ്പാടുകളുടെ അടിസ്ഥാനത്തിലുള്ള വകുപ്പുകള്‍ നിലവിലുള്ള നിയമങ്ങളെ അപരിഷ്കൃതമാക്കുകയാണെന്നും വിലയിരുത്തുന്നു.
പ്രാബല്യത്തില്‍ വരുത്തുന്നതിന് മുമ്പായി വിദഗ്ധസമിതി രൂപീകരിച്ച് പരിശോധിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ റിട്ട് ഹര്‍ജി സമര്‍പ്പിക്കപ്പെട്ടു. നിയമത്തിനെതിരെ വിവിധ മേഖലയിലുള്ള 3700ലധികം പൗരപ്രമുഖരും രംഗത്ത് വന്നിരുന്നു. ഭരണ‑പ്രതിപക്ഷകക്ഷികളിലെ നേതാക്കള്‍ക്ക് ഇവര്‍ തുറന്ന കത്ത് അയക്കുകയും ചെയ്തു. സംയുക്ത പാർലമെന്ററി സമിതി പരിശോധന, നിയമ വിദഗ്ധരുമായുള്ള കൂടിയാലോചന, നിയമ പരിഷ്കാരങ്ങളെക്കുറിച്ച് അർത്ഥവത്തായ സംവാദം എന്നിവ ആവശ്യപ്പെട്ടായിരുന്നു കത്ത്.
വിവിധ അഭിഭാഷക സംഘടനകളും സംസ്ഥാന ബാര്‍ കൗണ്‍സിലുകളും പ്രതിഷേധവുമായി രംഗത്തുവന്നതോടെ പരസ്യപ്രക്ഷോഭം സംഘടിപ്പിക്കരുതെന്ന് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ (ബിസിഐ) നിര്‍ദേശം നല്‍കി. അതേസമയം പുതിയ നിയമങ്ങള്‍ ജനാധിപത്യ വിരുദ്ധവും നിര്‍ദയവുമാണെന്ന് കൗണ്‍സില്‍ കുറ്റപ്പെടുത്തി. 

ക്രിമിനൽ നടപടിക്രമങ്ങളെയും നീതിന്യായ വ്യവസ്ഥയെയും മാറ്റിമറിക്കുന്നതാണ് മൂന്ന് പുതിയ നിയമങ്ങളെന്നും ഇതിന്റെ പ്രായോഗികത വിലയിരുത്താൻ സമിതി രൂപീകരിക്കണമെന്നുമാണ് അഞ്ജലെ പട്ടേല്‍, ഛായ മിശ്ര എന്നിവരെ പ്രതിനിധീകരിച്ച് അഭിഭാഷകരായ സഞ്ജീവ് മൽഹോത്രയും കുൻവർ സിദ്ധാർത്ഥും സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലെ പ്രധാന ആവശ്യം.
നിലവിലുണ്ടായിരുന്ന ഇന്ത്യൻ പീനൽ കോഡ്, ക്രിമിനൽ നടപടി ചട്ടം, ഇന്ത്യൻ തെളിവ് നിയമം എന്നിവ പരിഷ്കരിക്കുന്നുവെന്ന പേരിലാണ് കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഭാരതീയ ന്യായ സന്‍ഹിത, നാഗരിക് സുരക്ഷാ സന്‍ഹിത, സാക്ഷ്യ അധിനിയം സന്‍ഹിത എന്നിവ പാര്‍ലമെന്റ് അംഗീകരിച്ചത്. ശക്തമായ പ്രതിഷേധത്തിനിടെ പ്രതിപക്ഷത്തുനിന്നുള്ള 146 അംഗങ്ങളെ സസ്പെൻഡ് ചെയ്താണ് ഇവ പാസാക്കിയെടുത്തത്. അതുകൊണ്ടുതന്നെ വിശദമായ പരിശോധനയോ ഫലപ്രദമായ ചർച്ചയോ സഭയില്‍ നടന്നിരുന്നില്ല.
പിന്നീട് തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളിലേക്ക് കടന്നതിനാല്‍ നിയമം നടപ്പിലാക്കുന്നത് വൈകുകയായിരുന്നു. എന്നാല്‍ വീണ്ടും അധികാരമേറ്റയുടന്‍ നിയമങ്ങള്‍ ജൂലൈ ഒന്നിന് പ്രാബല്യത്തില്‍ വരുത്തുന്നതിന് ബിജെപി സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. ഇതിനെതിരെയാണ് വ്യാപക പ്രതിഷേധം ഉയര്‍ന്നിരിക്കുന്നത്. നിയമം നടപ്പില്‍ വരുന്ന ജൂലൈ ഒന്നിന് കരിദിനം ആചാരിക്കാന്‍ ബംഗാള്‍ ബാര്‍ അസോസിയേഷന്‍ തീരുമാനിച്ചിട്ടുണ്ട്.

വ്യക്തി സ്വാതന്ത്ര്യം കൂടുതല്‍ ഹനിക്കപ്പെടുമെന്ന് യുഎസ്

പരിഷ്കരിച്ച ക്രിമിനല്‍ നിയമ ഭേദഗതി നടപ്പിലാകുന്നതോടെ വ്യക്തി സ്വാതന്ത്ര്യം കുടുതല്‍ ഹനിക്കപ്പെടുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ മാറുമെന്ന് യുഎസ് അംബാസിഡര്‍ റാഷിദ് ഹുസൈന്‍ പറഞ്ഞു. ആഗോള മത സ്വാതന്ത്ര്യ റിപ്പോര്‍ട്ട് പ്രകാശന ചടങ്ങില്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്റെ സാന്നിധ്യത്തിലായിരുന്നു റാഷിദ് ഹുസൈന്റെ പരാമര്‍ശം.
പ്രതിപക്ഷത്തെയും മാധ്യമങ്ങളെയും ഏകാധിപത്യ രീതിയില്‍ അടിച്ചമര്‍ത്തുന്ന നയമാണ് സമീപകാല ഇന്ത്യയില്‍ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

Eng­lish Sum­ma­ry: New Crim­i­nal Law to Police Raj

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.