യുഎഇയുടെ വടക്കൻ എമിറേറ്റുകളിൽ മരിക്കുന്ന വിദേശികളുടെ മൃതദേഹങ്ങൾക്കായി ഷാർജയിൽ പുതിയ എംബാമിങ് കേന്ദ്രം ഉടൻ പ്രവർത്തനമാരംഭിക്കും. ഒക്ടോബർ രണ്ടാംവാരത്തോടെ പുതിയ എംബാമിങ് കേന്ദ്രം പ്രവർത്തിക്കാൻ രേഖാമൂലം അറിയിപ്പ് ലഭിച്ചതായി ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. വൈ എ റഹീം അറിയിച്ചു. ഷാർജ ഭരണാധികാരി ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ പ്രത്യേക ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പുതിയകേന്ദ്രം ആരംഭിക്കുന്നത്.
ഷാർജ, അജ്മാൻ, ഉമ്മുൽഖുവൈൻ, ഫുജൈറ എന്നിവിടങ്ങളിലുള്ള മൃതദേഹങ്ങൾ എംബാം ചെയ്യുന്നതിനാണ് പുതിയകേന്ദ്രം ഷാർജ വിമാനത്താവളത്തിനടുത്തുള്ള ഫൊറൻസിക് ലബോറട്ടറി കെട്ടിടത്തിൽ (അൽ റിഫ പാർക്കിനുസമീപം) പ്രവർത്തനം തുടങ്ങുന്നത്. നിലവിൽ അബുദാബി, ദുബായ്, അൽഐൻ, റാസൽഖൈമ എന്നിവിടങ്ങളിൽ എംബാമിങ് കേന്ദ്രങ്ങളുണ്ട്. യുഎഇയിലെ അഞ്ചാമത്തെ എംബാമിങ് കേന്ദ്രമാണ് ഷാർജയിൽ തുടങ്ങുന്നത്. 2200 ദിർഹമാണ് ഒരു മൃതദേഹം എംബാം ചെയ്യുന്നതിന് ഷാർജയിലെ കേന്ദ്രത്തിൽ ഈടാക്കുക. ഡോക്ടർ, നഴ്സ്, ടെക്നീഷ്യൻ, സഹായികൾ അടക്കം ഏഴുജീവനക്കാരെയും പുതിയ എംബാമിങ് കേന്ദ്രത്തിൽ സർക്കാർ നിയമിച്ചിട്ടുണ്ട്.
ദുബായ് സോനാപുരിലെ എംബാമിങ് കേന്ദ്രത്തിൽ നടപടികൾ പൂർത്തിയാക്കിയാണ് ഷാർജ വിമാനത്താവളംവഴിയും മറ്റും വടക്കൻ എമിറേറ്റുകളിലെ മൃതദേഹങ്ങൾ നിലവിൽ നാട്ടിലേക്ക് കൊണ്ടുപോകുന്നത്. കൂടാതെ ദുബായിൽ എംബാം നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ ഏറെസമയം ആവശ്യവുമാണ്. വടക്കൻ എമിറേറ്റുകളിൽ മരിച്ചവരുടെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും സോനാപ്പുരിലെത്താനുള്ള സമയവും ഷാർജയിൽ കേന്ദ്രം തുടങ്ങുന്നതോടെ ലാഭിക്കാം. സോനാപ്പുരിനെ അപേക്ഷിച്ച് മൃതദേഹം എംബാം ചെയ്യുന്നതിന് ഷാർജയിൽ ചെലവും കുറവാണ്. അബുദാബി — 1000 ദിർഹം, അൽഐൻ — 1000, ദുബായ് — 3120 ദിർഹം, റാസൽഖൈമ — 4000 ദിർഹം എന്നിങ്ങനെയാണ് മറ്റു നാല് എംബാം കേന്ദ്രത്തിലെ നിരക്കു.
രണ്ടായിത്തി പന്ത്രണ്ടു മുതൽ വിദേശികളുടെ മൃതദേഹങ്ങൾ എംബാം ചെയ്യുന്നതിന് ഷാർജയിൽ പുതിയകേന്ദ്രം തുടങ്ങണമെന്നാവശ്യപ്പെട്ട് ഷാർജ ഇന്ത്യൻ അസോസിയേഷൻ അപേക്ഷ സമർപ്പിച്ചിരുന്നതായി പ്രസിഡന്റ് അഡ്വ. വൈ.എ. റഹീം പറഞ്ഞു.
പിന്നീട് മൂന്നുതവണ ഇതുസംബന്ധിച്ച് ഷാർജ പൊതുമരാമത്തുവകുപ്പിന് അപേക്ഷ സമർപ്പിച്ചു. അതിന്റെയടിസ്ഥാനത്തിലാണ് ഷാർജയിൽ പുതിയകേന്ദ്രം അനുവദിച്ചുകൊണ്ട് ശൈഖ് സുൽത്താൻ ഉത്തരവിട്ടത്. ഇവിടെ മരിക്കുന്ന സാധാരണക്കാരായ പ്രവാസികളുടെ മൃതദേഹങ്ങൾ എംബാം പൂർത്തീകരിച്ച് എളുപ്പം അവരവരുടെ നാടുകളിലെത്തിക്കാനുള്ള സഹായമാണ് ഷാർജ ഭരണാധികാരി അനുവദിച്ചിരിക്കുന്നതെന്നും വൈ.എ. റഹീം പറഞ്ഞു.
English Summary:New embalming center in Sharjah
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.