22 November 2024, Friday
KSFE Galaxy Chits Banner 2

ബിജെപിയില്‍ പുതിയ പോര്‍മുഖം; സമാന്തര ശബ്ദമായി ഗഡ്കരി

Janayugom Webdesk
മുംബൈ
October 8, 2024 10:12 pm

കേന്ദ്രമന്ത്രിസഭയില്‍ സമാന്തര ശക്തികേന്ദ്രമായി ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. നേരത്തെ തന്നെ പരമ്പരാഗത ബിജെപി നിലപാടില്‍ നിന്ന് വേറിട്ട അഭിപ്രായപ്രകടനം നടത്തി ശ്രദ്ധാകേന്ദ്രമായി മാറിയ ഗഡ്കരി മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് സമാന്തര ശക്തിയാകാന്‍ അണിയറ നീക്കം ആരംഭിച്ചത്. 

കഴിഞ്ഞമാസം 20ന് മഹാരാഷ്ട്രയില്‍ മോഡി ഉദ്ഘാടനം ചെയ്ത ആചാര്യ ചണക്യ സ്കില്‍ ഡവലപ്മെന്റ് പദ്ധതി ചടങ്ങ് ബഹിഷ്കരിച്ചാണ് പ്രധാനമന്ത്രിയോടുള്ള കടുത്ത വിയോജിപ്പ് പ്രകടിപ്പിച്ചത്. അമിത് ഷാ പങ്കെടുത്ത ബിജെപിയുടെ തെരഞ്ഞെടുപ്പ് അവലോകന ചര്‍ച്ചയും അദ്ദേഹം ബഹിഷ്കരിച്ചു.
ഗഡ്കരിയുടെ അസാന്നിധ്യത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് അദ്ദേഹം സ്ഥലത്തില്ലെന്ന മറുപടിയാണ് പാര്‍ട്ടി നേതൃത്വം നല്‍കുന്നത്. എന്നാല്‍ നാഗ്പൂര്‍ ആര്‍എസ്എസ് ആസ്ഥാനത്ത് അദ്ദേഹം ഉണ്ടായിരുന്നതായി ഗഡ്കരിയോട് അടുപ്പമുള്ളവര്‍ പ്രതികരിച്ചു. ഏതാനും ദിവസം മുമ്പ് ബിജെപി നാലാമതും കേന്ദ്രത്തില്‍ അധികാരത്തില്‍ വരാന്‍ സാധ്യതയില്ലെന്ന് തമാശ രൂപേണയെങ്കിലും ഗഡ്കരി അഭിപ്രായപ്പെട്ടത് ഏറെ ചര്‍ച്ചയായിരുന്നു. ജനാധിപാത്യത്തില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനം ഉയരുന്നത് സ്വാഭവികമാണന്നും അദ്ദേഹം പൂനെയിലെ ഒരു ചടങ്ങില്‍ പ്രതികരിച്ചിരുന്നു. വിമര്‍ശനം സ്വാഗതം ചെയ്യുകയാണ് അധികാരികള്‍ പുലര്‍ത്തേണ്ട കടമയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. 

മോഡി മന്ത്രിസഭയില്‍ പ്രതിപക്ഷ ബഹുമാനം പുലര്‍ത്തുന്ന ഏകവ്യക്തിയെന്ന വിശേഷണവും ഗഡ്കരിക്കുണ്ട്. പ്രതിപക്ഷത്തെ മുതിര്‍ന്ന നേതാവ് തനിക്ക് പ്രധാന മന്ത്രിപദം വാഗ്ദാനം ചെയ്തിരുന്നതായി അദ്ദേഹം ഏതാനും നാള്‍ മുമ്പ് വ്യക്തമാക്കിയിരുന്നു. ഭരണം നിലനിര്‍ത്താന്‍ പെടാപ്പാട് പെടുന്ന മഹാരാഷ്ട്രയില്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് നിതിന്‍ ഗഡ‍്കരി പാര്‍ട്ടിയിലും കേന്ദ്ര മന്ത്രിസഭയിലും സമാന്തര ശക്തികേന്ദ്രമാകാന്‍ ശ്രമം നടത്തുന്നത്. കടുത്ത ആര്‍എസ്എസ് പക്ഷക്കാരനായ ഇദ്ദഹത്തിന് മോഡിക്കെതിരെ നീങ്ങാന്‍ ആര്‍എസ്എസ് പിന്തുണയുമുണ്ട്. 

മോഡി — അമിത് ഷാ ദ്വയം പാര്‍ട്ടിയെയും കേന്ദ്ര സര്‍ക്കാരിനെയും നിയന്ത്രിക്കുന്നതില്‍ അമര്‍ഷമുള്ള ബിജെപി നേതാക്കളും ഗഡ്കരിയുടെ നീക്കത്തോട് യോജിക്കുന്നുണ്ട്. ബജറ്റവതരണ വേളയില്‍ ആരോഗ്യ ഇന്‍ഷുറന്‍സിന് ഏര്‍പ്പെടുത്തിയ 18 ശതമാനം ജിഎസ്ടി കുറയ്ക്കണമെന്ന പ്രതിപക്ഷ ആവശ്യത്തോട് യോജിച്ച ഏക കേന്ദ്ര മന്ത്രിയും ഇദ്ദേഹമായിരുന്നു. മൂന്നാം മോഡി സര്‍ക്കാരില്‍ ഗഡ്കരിയെ ഒഴിവാക്കാന്‍ അണിയറ നീക്കം നടന്നുവെങ്കിലും ആര്‍എസ്എസ് നിര്‍ദേശം അംഗീകരിക്കാന്‍ മോഡിയും അമിത് ഷായും ഒടുവില്‍ സമ്മതം മൂളുകയായിരുന്നു. ആര്‍എസ്എസ് പിന്തുണയോടെയാണ് ഗഡ്കരി മോഡി-അമിത് ഷാ കൂട്ടുകെട്ടിനെതിരെ നീങ്ങുന്നതും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.