7 January 2026, Wednesday

Related news

January 5, 2026
January 3, 2026
December 30, 2025
December 25, 2025
December 23, 2025
December 21, 2025
December 20, 2025
December 19, 2025
December 18, 2025
December 10, 2025

വിഴിഞ്ഞം–കൊല്ലം–പുനലൂർ വളർച്ചാ മുനമ്പ്‌ സാധ്യമാക്കാൻ പുതിയ സർക്കാർ കമ്പനി

Janayugom Webdesk
തിരുവനന്തപുരം
May 31, 2025 4:26 pm

വിഴിഞ്ഞം തുറമുഖം തുറന്നുതന്നിട്ടുള്ള വികസന സാധ്യതകൾ പ്രയോജനപ്പെടുത്താനായി പ്രഖ്യാപിച്ച വിഴിഞ്ഞം–-കൊല്ലം–-പുനലൂർ വളർച്ചാ മുനമ്പ്‌ പദ്ധതിയുടെ നടത്തിപ്പിനായി സ്‌പെഷ്യൽ പർപ്പസ്‌ വെഹിക്കിൾ രൂപീകരിക്കും. കിഫ്‌ബിയുടെ പൂർണ ഉടമസ്ഥതയിലുള്ള പബ്ലിക്‌ ലിമിറ്റഡ്‌ കമ്പനി രൂപീകരണമാണ്‌ തീരുമാനിച്ചിട്ടുള്ളതെന്ന്‌ കിഫ്‌ബി വൈസ്‌ ചെയർപേഴ്‌സൺ കൂടിയായ ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. പുതിയ കമ്പനിയ്‌ക്കായി കിഫ്‌കോർ ലിമിറ്റഡ്‌, കിഫ്‌ഡാക്‌ ലിമിറ്റഡ്‌ എന്നീ രണ്ടു പേരുകൾ കേന്ദ്ര കമ്പനി രജിസ്‌ട്രാർ മുമ്പാകെ സമർപ്പിക്കാനും കിഫ്‌ബി ജനറൽ ബോഡി യോഗം തീരുമാനിച്ചിട്ടുണ്ട്‌. കമ്പനി രജിസ്ട്രാർ നിർദേശിക്കുന്ന പേര്‌ കമ്പനിയ്‌ക്കായി സ്വീകരിക്കും. നിക്ഷേപക സൗകര്യങ്ങൾ ഒരുക്കുക, പദ്ധതി പ്രദേശങ്ങളിൽ സംരംഭകർക്ക്‌ ആവശ്യമായ ഭൂമിയുടെ ലഭ്യത ഉറപ്പാക്കുക തുടങ്ങിയ ചുമതലകളും പുതിയ കമ്പനിയുടെ കീഴിൽവരും. ഇതിന്റെ രൂപീകരണ നടപടികളും രജിസ്‌ട്രേഷനും ഉൾപ്പെടെയുള്ള ചുമതലകൾ കിഫ്‌ബി കൺസൾട്ടൻസി കമ്പനിയായ കിഫ്‌കോൺ നിർവഹിക്കും. ആന്ധ്രാപ്രദേശ്‌ ഇൻഡസ്‌ട്രിയൽ ഇൻഫ്രാസ്‌ട്രക്‌ചർ കോർപറേഷൻ, തെലങ്കാന സ്‌റ്റേറ്റ്‌ ഇൻഡസ്‌ട്രിയൽ ഇൻഫ്രാസ്‌ട്രക്‌ചർ കോർപറേഷൻ ലിമിറ്റഡ്‌ തുടങ്ങിയവയുടെ മികച്ച മാതൃകകൾ പുതിയ കമ്പനി രൂപീകരണത്തിനും പ്രവർത്തനത്തിനും പ്രയോജനപ്പെടുത്തും.

 

ഇന്ത്യയിലെ ഏറ്റവും വലിയ മദർഷിപ്പ് പോർട്ടായ വിഴിഞ്ഞം അന്താരാഷ്‌ട്ര ട്രാൻസ്ഷിപ്പ്മെന്റ്‌ തുറമുഖത്തിന്റെ സാധ്യതകൾ തെക്കൻ ജില്ലകൾക്ക്‌ പരമാവധി പ്രയോജനപ്പെടുന്ന നിലയിലാണ്‌ സാമ്പത്തിക വളര്‍ച്ചാ മുനമ്പ്‌ പദ്ധതിക്ക്‌ രൂപം നൽകിയിട്ടുള്ളത്‌. എംഎസ്‌എംഇ ക്ലസ്‌റ്ററുകൾ, ലോജിസ്‌റ്റിക്‌സ്‌ പാർക്കുകൾ, സംസ്‌കരണ ഹബ്ബുകൾ തുടങ്ങിയവ വ്യാപകമാക്കുകവഴി ഉല്പാദന മേഖലയിൽ വലിയ മുന്നേറ്റം സാധ്യമാക്കുന്നതിനും ലക്ഷ്യമിടുന്നു. കൊല്ലം-ചെങ്കോട്ട ദേശീയ പാത, കൊല്ലം-ചെങ്കോട്ട റെയിൽവേ ലൈൻ, പുതിയ ഗ്രീൻഫീൽഡ് ദേശീയപാത, വിഴിഞ്ഞം-കൊല്ലം ദേശീയ പാത, പുനലൂര്‍നെടുമങ്ങാട്-വിഴിഞ്ഞം റോഡ്‌ എന്നിവയാണ് വളര്‍ച്ചാ മുനമ്പിന്റെ മൂന്ന് വശങ്ങള്‍. ഗതാഗത ഇടനാഴികളുടെ വികസനം, സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കൽ, പ്രധാന ലക്ഷ്യ സ്ഥാനങ്ങളിലേക്കുള്ള പ്രവേശനം സുഗമമാക്കൽ, ചുറ്റുപാടുമുള്ള പ്രദേശങ്ങളിൽ തൊഴില വസരങ്ങൾ സൃഷ്ടിക്കൽ, മെച്ചപ്പെട്ട ജീവിതനിലവാരം ഉറപ്പാക്കൽ എന്നിവയാണ്‌ പദ്ധതിയുടെ കാതൽ.

 

കാർഷികാധിഷ്ഠിത വ്യവസായങ്ങൾവഴിയും സുസ്ഥിര കാർഷിക രീതികൾവഴിയും വിളകളുടെ ഉല്പാദനക്ഷമതയും മൂല്യവര്‍ധനവും പ്രോത്സാഹിപ്പിക്കുക എന്നതും ഈ ലക്ഷ്യത്തിന്റെ ഭാഗമാണ്‌. ഐടി, ഐടി അനുബന്ധ സേവനം, ബഹിരാകാശ ശാസ്‌ത്ര മേഖലകളിൽ ഒരു സാങ്കേതിക കേന്ദ്രമായി നാടിനെ മാറ്റാനാകും. പദ്ധതി പ്രദേശങ്ങൾ ഒരു നിർണായക വാണിജ്യ, വ്യാപാര കേന്ദ്രമാകും. നമ്മുടെ കാലാവസ്ഥാ സാഹചര്യങ്ങൾ പ്രയോജനപ്പെടുത്തുന്നതിലൂടെ സൗരോർജ്ജത്തിനും മറ്റ് പുനരുപയോഗ ഊർജ പദ്ധതികൾക്കും വികസന സാധ്യത തുറക്കും. ഉയർന്ന ചൂടിനെ സൗരോർജ്ജമായി മാറ്റി സംഭരിച്ച്‌ സംരക്ഷിച്ച്‌ ഉപയോഗിക്കാനുള്ള സൗകര്യങ്ങൾ ഒരുക്കും.

 

മെച്ചപ്പെടുത്തിയ ടൂറിസം സംരംഭങ്ങളിലൂടെ അന്താരാഷ്ട്ര സന്ദർശകരെ ആകർഷിക്കാനും, അതിലൂടെ മെഡിക്കൽ ടൂറിസം, ഹോസ്പിറ്റാലിറ്റി മേഖലയിൽ കൂടുതൽ നേട്ടങ്ങൾ കൈവരിക്കാനുമാകും. പ്രാദേശിക തീരദേശ വിഭവങ്ങളിലൂടെ അന്താരാഷ്ട്ര വ്യാപാരം വര്‍ധിപ്പിക്കുന്നതിലെ ഇടപെടലുകളും ലക്ഷ്യമിടുന്നു. നാട്ടിൻപുറങ്ങളിൽപോലും വലിയ തൊഴിൽ അവസരങ്ങൾ ഉണ്ടാക്കാനാകുമെന്നതാണ്‌ പദ്ധതിയുടെ സുപ്രധാന കാതൽ. നാട്ടിൻപുറങ്ങളുടെ തൊഴിൽശേഷി ഉപയോഗപ്പെടുത്തി വിവിധ തരം ഇലക്‌ട്രോണിക്‌ ഉപകരണങ്ങളുടെ ഘടക നിർമ്മാണ യൂണിറ്റുകളും അസംബ്ലിങ്‌ യൂണിറ്റുകളും തുറക്കാനാകും. പുതിയ സ്‌റ്റാർട്ടപ്പ്‌ സംരംഭങ്ങൾക്ക്‌ അവസരമൊരുങ്ങും. എല്ലാ മേഖലയ്‌ക്കും പങ്കാളിത്തമുള്ള ഉല്പാദന യുണിറ്റുകളുടെ വലിയ ശൃംഖലതന്നെ രൂപപ്പെടും.വളർച്ചാ മുനമ്പ്‌ മേഖലയിൽ സംരംഭങ്ങൾക്ക്‌ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിലടക്കം ഒരു ഫെസിലിറ്റേറ്റർ ചുമതലയിൽ പുതിയ കമ്പനി ഉണ്ടാകും. സംരംഭകരായി സ്വകാര്യ മേഖലയെ മുന്നിൽനിർത്തും. അവർക്കാവശ്യമായ എല്ലാ സഹായസഹകരണവും സർക്കാർ ഉറപ്പാക്കും.
മുന്നുലക്ഷം കോടിയിലേറെ രൂപയുടെ നിക്ഷേപവും പതിനായിരക്കണക്കിന്‌ പുതിയ തൊഴിൽ അവസരങ്ങളും ഉറപ്പാക്കുന്നതാണ്‌ വികസന മുനമ്പ്‌ പദ്ധതിയെന്നും ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ വ്യക്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.