22 November 2024, Friday
KSFE Galaxy Chits Banner 2

Related news

October 22, 2024
October 14, 2024
October 13, 2024
October 7, 2024
September 18, 2024
September 10, 2024
September 9, 2024
August 23, 2024
August 17, 2024
August 17, 2024

കേരളത്തിൽ പുതിയ സമര ചരിത്രം

Janayugom Webdesk
തിരുവനന്തപുരം
March 29, 2022 11:02 pm

ദ്വിദിന ദേശീയ പണിമുടക്ക് കേരളത്തിൽ ചരിത്രവിജയം. ബിജെപി സർക്കാരിന്റെ തെറ്റായ തൊഴിലാളി വിരുദ്ധ ജനവിരുദ്ധ നയങ്ങൾക്കെതിരെ പ്രഖ്യാപിച്ച ദ്വിദിന പണിമുടക്കിൽ പങ്കെടുത്ത ലക്ഷക്കണക്കിന് തൊഴിലാളികളെ സംയുക്ത ട്രേഡ് യൂണിയൻ സംസ്ഥാന സമിതി അഭിവാദ്യം ചെയ്തു. ഹൈക്കോടതി വിധിയെ തള്ളിക്കളഞ്ഞ് കേന്ദ്ര‑സംസ്ഥാന ജീവനക്കാരും അധ്യാപകരും പണിമുടക്കിൽ അണിനിരന്നതും പണിമുടക്കിന്റെ രണ്ടാം ദിനത്തില്‍ ആവേശമായി.

ഒറ്റപ്പെട്ട ചിലസ്ഥലങ്ങളിൽ വാക്കുതർക്കങ്ങളും, ബഹളങ്ങളും ഉണ്ടായത് ട്രേഡ് യൂണിയൻ നേതൃത്വം അറിയാതെയാണ്. അത്തരം ചില അനിഷ്ട സംഭവങ്ങൾ ആർക്കെങ്കിലും മുറിവേല്പിച്ചുവെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നതായും സഹകരിച്ച എല്ലാ വിഭാഗം ജനങ്ങളോടും നന്ദി അറിയിക്കുന്നതായും സംയുക്ത സമരസമിതി പറഞ്ഞു.

സംസ്ഥാനത്ത് രണ്ടുദിവസമായി തുടർന്ന 1,040 സമരകേന്ദ്രങ്ങളിലായി 6,35,692 പേർ പങ്കെടുത്ത സമരകേന്ദ്രങ്ങൾ ബഹുജന സംഗമ കേന്ദ്രങ്ങളായി മാറി. പകലും രാത്രിയും വിവിധ സംഘടനകൾ ഓരോ സമര കേന്ദ്രത്തിലേക്ക് ഇരമ്പുന്ന മുദ്രാവാക്യം വിളികളുമായി അണിചേർന്നു. അഞ്ചുമാസക്കാലം നീണ്ട അതിവിപുലമായ പ്രചരണമാണ് തൊഴിലാളികൾ പണിമുടക്ക് വിജയിപ്പിക്കാൻ ഏറ്റെടുത്തത്. സമര മുദ്രാവാക്യങ്ങളുടെ സർഗോത്സവം തൊഴിലാളികളുടെ സിദ്ധികൾ വിളിച്ചറിയിക്കുന്നതായി.

കർഷകരും കർഷകതൊഴിലാളികളും യുവജന‑വിദ്യാർത്ഥി സംഘടനകളും മഹിളാ സംഘടനകളും പ്രകടനമായി എത്തി പണിമുടക്കിയ തൊഴിലാളികളെ അഭിവാദ്യം ചെയ്തു.

ബാങ്ക്, ഇൻഷുറൻസ്, സഹകരണസ്ഥാപനങ്ങൾ, ബിഎസ്എൻഎൽ, ജിഐസി എന്നീ സ്ഥാപനങ്ങളിൽ ഒന്നുപോലും രണ്ട് ദിവസവും പ്രവർത്തിച്ചില്ല. വൻ മാളുകളായ തിരുവനന്തപുരത്തെയും എറണാകുളത്തെയും ലുലുമാൾ, ഒബ്റോൺ മാൾ, സെൻട്രൽ മാളുകൾ എന്നിവയും പ്രവർത്തിച്ചില്ല. വ്യാപാര വ്യവസായ സമിതി പണിമുടക്കിന് പൂർണ പിന്തുണ പ്രഖ്യാപിച്ച് രണ്ട് ദിവസവും കടകൾ അടച്ചു. എന്നാൽ ഏകോപനസമിതി നേതൃത്വം 29 ന് തുറക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും കടകൾ അടഞ്ഞുതന്നെ കിടന്നു. കെഎസ്ഇബി, കെഎസ്ആർടിസി, വാട്ടർ അതോറിറ്റി തുടങ്ങിയ രംഗങ്ങളിൽ പണിമുടക്ക് പൂർണമായി. ഓഫീസർമാരും പണിമുടക്കിനോട് സഹകരിച്ചു. പെട്രോൾ പമ്പുകൾ അടച്ച് സഹകരിച്ചു.

ആശ, അങ്കണവാടി, ഹെൽത്ത് മിഷൻ, സ്കൂൾ പാചകത്തൊഴിലാളികളും തൊഴിലുറപ്പ് തൊഴിലാളികളും മഹാഭൂരിപക്ഷം സ്ത്രീ തൊഴിലാളികളും ഒരു പണിമുടക്കിലും കാണാത്തവിധം സജീവമായി അണിനിരന്നു. കേരളത്തിൽ ജോലി ചെയ്യുന്ന അതിഥി തൊഴിലാളികൾ, നിർമ്മാണ തൊഴിലാളികൾ, പരമ്പരാഗത തൊഴിലാളികൾ, കയറ്റിറക്ക് തൊഴിലാളികൾ എന്നിവര്‍ ബിഎംഎസ് ഉൾപ്പെടെ പണിമുടക്കി.

സംഘടിത വ്യവസായ ശാലകളായ കൊച്ചി റിഫൈനറി, ബെമൽ, കൊച്ചി കപ്പൽശാല, കൊച്ചി തുറമുഖം, വല്ലാർപാടം കണ്ടെയ്നർ ടെർമിനൽ, എഫ്എസിടി, ഐആർഇ, എച്ച്എംടി, എച്ച്ഒസി, ടിടിപി, കെഎംഎംഎൽ, ടിസിസി, ഓട്ടോകാസ്റ്റ്, സിൽക്ക് ഉൾപ്പെടെ പൊതുമേഖലാ വ്യവസായസ്ഥാപനങ്ങളിൽ അവശ്യസർവീസ് ഒഴികെ 92 ശതമാനവും പണിമുടക്കി. സംഘടിത വ്യവസായങ്ങളായ എംആർഎഫ്, അപ്പോളോ ടയേഴ്സ്, സിഐആർഎൽ, ഹിന്റാൽകോ, പെൻബോൾ, ഒഇഎൻ, ജിറ്റിഎൻ, കാർബോറാണ്ടം, അരൂർ വ്യവസായ മേഖല, എടയാർ, കളമശ്ശേരി, വാഴക്കുളം, ഐരാപ്പുറം വ്യവസായ എസ്റ്റേറ്റുകളിലെ ആയിരത്തിലധികം വരുന്ന ചെറുകിട വ്യവസായ ശാലകളിലും പണിമുടക്ക് പൂർണമായിരുന്നു.

തൊഴിലാളി-കർഷക ഐക്യം ഭരണത്തിനുള്ള മുന്നറിയിപ്പ്

ന്യൂഡൽഹി: തൊഴിലാളികളുടെയും കർഷകരുടെയും ഐക്യം ശക്തിപ്പെടുത്തേണ്ടത് കാലത്തിന്റെ ആവശ്യമാണെന്ന് കേന്ദ്ര ട്രേഡ് യൂണിയനുകളുടെ സംയുക്ത സമിതി പ്രസ്താവിച്ചു. ഇന്ത്യയുടെ അടിസ്ഥാന മൂല്യങ്ങളെ തകര്‍ത്തുകൊണ്ട് വിഭജന അജണ്ട അഴിച്ചുവിടുകയും രാഷ്ട്രത്തെ പരാജയപ്പെടുത്തുകയും ചെയ്യുന്ന സ്വേച്ഛാധിപത്യ ഭരണത്തിനെതിരെ ശക്തമായ പോരാട്ടം നടത്തുന്നതിന് തൊഴിലാളി-കർഷക ഐക്യം ശക്തിപ്പെടണമെന്ന് ട്രേഡ് യൂണിയനുകള്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

ദ്വിദിന ദേശീയ പണിമുടക്ക് വന്‍ വിജയമാക്കിയ മുഴുവന്‍ തൊഴിലാളികളെയും ട്രേഡ് യൂണിയന്‍ സംയുക്ത സമിതി അഭിനന്ദിച്ചു.

തൊഴിലാളി ഐക്യത്തിന് അഭിവാദ്യം: കാനം

തിരുവനന്തപുരം: എല്ലാ ഭീഷണികളെയും നേരിട്ട് ദേശീയ ദ്വിദിന പൊതുപണിമുടക്ക് വൻ വിജയമാക്കിയ തൊഴിലാളികളെയും പൊതുസമൂഹത്തെയും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അഭിവാദ്യം ചെയ്തു.

പണിമുടക്ക് നരേന്ദ്ര മോഡി സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കുള്ള മുന്നറിയിപ്പാണ്. കോടതി പോലും പണിമുടക്കിന് എതിരായ നിലപാട് സ്വീകരിച്ചപ്പോൾ അതു തള്ളിക്കളഞ്ഞ് തൊഴിലാളി വർഗത്തിന്റെ ഐക്യപ്രകടനമായാണ് ജീവനക്കാർ പണിമുടക്കിൽ പങ്കുചേർന്നത്. എണ്ണമറ്റ പോരാട്ടങ്ങളിലൂടെ തൊഴിലാളികൾ നേടിയെടുത്തതാണ് പണിമുടക്കാനുള്ള അവകാശം. അതു നിഷേധിക്കാൻ കോടതികൾക്ക് എങ്ങനെ കഴിയുമെന്ന് കാനം ചോദിച്ചു.

Eng­lish Sum­ma­ry: New his­to­ry of strug­gle in Kerala

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.