22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 18, 2024
December 10, 2024
December 1, 2024
November 30, 2024
November 28, 2024
November 25, 2024
November 20, 2024
November 18, 2024
October 28, 2024
October 21, 2024

2025 ഓടെ പുതിയ എച്ച്.ഐ.വി. അണുബാധ ഇല്ലാതാക്കുക ലക്ഷ്യം: മന്ത്രി വീണാ ജോര്‍ജ്

Janayugom Webdesk
തിരുവനന്തപുരം
November 30, 2021 4:59 pm

2025 വര്‍ഷത്തോടു കൂടി പുതിയ എച്ച്.ഐ.വി. അണുബാധ ഇല്ലാതാക്കുകയാണ് സംസ്ഥാനത്തിന്റെ ലക്ഷ്യമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 2030 ഓടു കൂടി പുതിയ എച്ച്.ഐ.വി. അണുബാധ ഇല്ലാതാക്കുകയാണ് ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളിലൊന്ന്. എന്നാല്‍ ആരോഗ്യ മേഖലയില്‍ ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിച്ച കേരളത്തിന് അത് നേരത്തെ കൈവരിക്കാനാകും. ഈയൊരു ലക്ഷ്യം മുന്‍നിര്‍ത്തിയുള്ള നടപടികള്‍ സംസ്ഥാനത്ത് ലോക എയ്ഡ്‌സ് ദിനത്തില്‍ തുടക്കം കുറിക്കുകയാണ്. എച്ച്.ഐ.വി. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തിയും ഇതിനകം എച്ച്.ഐ.വി. അണുബാധിതരായ എല്ലാവരേയും പരിശോധനയിലൂടെ കണ്ടെത്തി അവര്‍ക്ക് മതിയായ ചികിത്സയും പരിചരണവും നല്‍കുന്നതിലൂടെയും ഈയൊരു ലക്ഷ്യത്തിലെത്താന്‍ കഴിയുമെന്നും മന്ത്രി വ്യക്തമാക്കി.

ലോക എയ്ഡ്‌സ് ദിനത്തില്‍ സംസ്ഥാന ആരോഗ്യ വകുപ്പും എയിഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയും സംയുക്തമായി സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും താലൂക്ക് തലത്തിലും വിപുലമായ പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. എയ്ഡ്‌സിനെക്കുറിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനും എച്ച്.ഐ.വി അണുബാധിതരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതിനും, എച്ച്.ഐ.വി പ്രതിരോധത്തില്‍ പൊതുജന പങ്കാളിത്തം ഉറപ്പാക്കുന്നതിനുമായാണ് ഈ ദിനം ആചരിക്കുന്നത്. ‘അസമത്വങ്ങള്‍ അവസാനിപ്പിക്കാം, എയ്ഡ്‌സും മഹാമാരികളും ഇല്ലാതാക്കാം’ എന്നതാണ് ഈ വര്‍ഷത്തെ ലോക എയ്ഡ്‌സ് ദിന സന്ദേശം.

വര്‍ണ, വര്‍ഗ, ലിംഗ അസമത്വങ്ങള്‍ ഇല്ലാതാക്കികൊണ്ടും സാമൂഹികവും സാമ്പത്തികവും സാംസ്‌കാരികവും നിയമപരവുമായ സമത്വം ഉറപ്പാക്കികൊണ്ടും മാത്രമേ എയ്ഡ്‌സിനെയും കോവിഡ് പോലെയുള്ള മഹാമാരികളെയും ഇല്ലാതാക്കാന്‍ സാധിക്കുകയുള്ളു എന്ന് ഈ സന്ദേശം ഓര്‍മ്മപ്പെടുത്തുന്നു. കോവിഡ് മഹാമാരി വെല്ലുവിളി സൃഷ്ടിച്ചിരിക്കുന്ന ഈ കാലഘട്ടത്തില്‍ സമഗ്രമായ പ്രവര്‍ത്തനങ്ങളിലൂടെ മാത്രമേ പുതിയ എച്ച്.ഐ.വി അണുബാധ കേരളത്തില്‍ ഇല്ലാതാക്കുന്നതിനും അണുബാധിതരെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനും കഴിയൂ.

ഒക്‌ടോബര്‍ വരെയുള്ള കണക്കനുസരിച്ച് സംസ്ഥാനത്ത് എച്ച്.ഐ.വി അണുബാധിതരായി 25,775 പേരാണ് ഉഷസ് കേന്ദ്രങ്ങളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. സംസ്ഥാനത്ത് മുതിര്‍ന്നവരിലെ എച്ച്.ഐ.വി അണുവ്യാപന തോത് .08 ശതമാനമാണെങ്കില്‍ ദേശീയതലത്തില്‍ ഇത് .22 ശതമാനമാണ്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ എച്ച്.ഐ.വി അണുവ്യാപനത്തോത് കുറവാണെങ്കിലും ലക്ഷ്യപ്രാപ്തിയിലേക്ക് ഇനിയും മുന്നോട്ട് പോകേണ്ടതായിട്ടുണ്ട്. അതിനായി ചിട്ടയായ പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണെന്നും മന്ത്രി വ്യക്തമാക്കി.

ലോക എയ്ഡ്‌സ് ദിനാചരണം സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഓണ്‍ലൈനായി നിര്‍വഹിക്കും. തിരുവനന്തപുരത്ത് ഡബിള്‍ ഡെക്കര്‍ ക്യാമ്പയിന്‍, റോഡ് ഷോ, എക്‌സിബിഷന്‍ എന്നിവയും ഉണ്ടായിരിക്കും.

Eng­lish Sum­ma­ry: New HIV by 2025 Aim to erad­i­cate infec­tion: Min­is­ter Veena George

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.