22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

November 3, 2024
October 22, 2024
October 12, 2024
September 10, 2024
September 4, 2024
August 30, 2024
August 29, 2024
August 29, 2024
August 27, 2024
August 23, 2024

പുതിയ പദ്ധതികളെ കാതോര്‍ത്ത് നവകേരളം

Janayugom Webdesk
തിരുവനന്തപുരം
April 3, 2022 10:19 am

ജനക്ഷേമത്തിലൂന്നിയ വികസന മുന്നേറ്റവുമായി കുതിക്കുന്ന ഇടതുമുന്നണി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കമാകുന്നു. തെരഞ്ഞെടുപ്പുവേളയില്‍ കേവലം രാഷ്ട്രീയ ആക്ഷേപങ്ങളല്ലാതെ ഭരണനിര്‍വഹണ പോരായ്മകളൊന്നും എടുത്തുയര്‍ത്താന്‍ പ്രതിയോഗികള്‍ക്കാവാത്തവിധം മികവോടെയാണ് മുന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അഞ്ച് വര്‍ഷം പിന്നിട്ടത്. ജനക്ഷേമവും വികസനോന്മുഖവുമായ കാഴ്ചപ്പാ­ടും പ്രതിസന്ധികളെയും ദുരന്തങ്ങളെയും ജനങ്ങള്‍ക്കൊപ്പം നിന്ന് നേരിട്ട മാതൃകയും ഇടതുമുന്നണി ഭരണത്തിന് തുടര്‍ച്ചയുണ്ടാക്കി. ഇന്ന് കണ്ണൂരില്‍ സര്‍ക്കാര്‍ ഒന്നാം വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കമിടുമ്പോഴും ആ ജനകീയതയും ജനങ്ങളുടെ പിന്‍ബലവും നഷ്ടമായിട്ടില്ല.

വികസനങ്ങളെ തടയാന്‍ വിറളിപൂണ്ട പ്രതിപക്ഷവും അവര്‍ക്കരുചേര്‍ന്ന് പിന്തിരിപ്പന്‍ മാധ്യമങ്ങളും നടത്തുന്ന കോലാഹലങ്ങള്‍ മാത്രമാണ് സര്‍ക്കാരിനെതിരെ എന്ന നിലയില്‍ പലരും വാര്‍ത്തകളില്‍ നിറയ്ക്കുന്നത്. കെ റയില്‍ പോലുള്ള ഭാവിയെ ലക്ഷ്യംവച്ചുള്ള സ്വപ്നപദ്ധതികളെ ഭൂരിപക്ഷം ജനങ്ങളും സ്വീകരിക്കുന്നു. വികസനത്തിനെതിരെ കേരളം കണ്ട മുന്‍ സമരങ്ങളെല്ലാം പിന്നീട് ഇല്ലാതായത്, ഭരണവിരുദ്ധ പ്രചാരണത്തിന് വിപരീതമായി നഷ്ടം അര്‍ഹമായ രീതിയില്‍ തന്നെ നികത്തപ്പെട്ടതോടെയാണ്. ഇവിടെയും സര്‍ക്കാര്‍ നല്‍കുന്ന ഉറപ്പ്, സില്‍വര്‍ ലെയ്‌നിനുവേണ്ടി ഭൂമി ഏറ്റെടുക്കുന്നത് പൂര്‍ണമായും നഷ്ടപരിഹാരത്തുക ഉടമകളുടെ കൈകളിലെത്തിയ ശേഷമെന്നാണ്.ദുഷ്‌പ്രചാരണങ്ങളും ദുരാരോപണങ്ങളും ദിനചര്യയായി പ്രതിപക്ഷം എഴുന്നേല്‍ക്കുമ്പോഴും വികസനത്തിന്റെയും ജനക്ഷേമത്തിന്റെയും കാഹളമോതി ഇടതുസര്‍ക്കാര്‍ മുന്നേറുകയാണ്. ഒന്നാം വാർഷികത്തോടനുബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ച 100 ദിനപരിപാടി തന്നെ അതിനുദാഹരണമാണ്. മെയ് 20 വരെയുള്ള കാലയളവിൽ പൂര്‍ത്തിയാകും വിധം 1,557 പദ്ധതികളും 17,183.89 കോടി രൂപയുടെ വകയിരുത്തലും അടങ്ങിയതാണ് നൂറുദിന പരിപാടി.

തൊഴില്‍, വിദ്യാഭ്യാസം, വ്യവസായം, കൃഷി, ടൂറിസം തുടങ്ങി സമസ്തമേഖലകളും ഉയര്‍ച്ചയുടെ പാതയിലാണ്. കൂടുതല്‍ തൊഴില്‍ ദിനങ്ങളും മികവിന്റെ കേന്ദ്രങ്ങളായി അത്യാധുനിക സംവിധാനങ്ങളോടെയുള്ള നവീകരിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ടുതന്നെ. ലൈഫ് മിഷൻ വഴി 20,000 വ്യക്തിഗത വീടുകളും മൂന്ന് ഭവനസമുച്ചയങ്ങളും നൂറുദിന പരിപാടിയില്‍ പൂര്‍ത്തിയാവും. എല്ലാവരുടെയും റേഷൻ കാർഡുകൾ സ്മാർട്ട് കാർഡുകളാക്കി മാറ്റും. ഭൂരഹിതരായ 15,000 പേർക്ക് പട്ടയവും വിതരണം ചെയ്യും. കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളുടെ വീണ്ടെടുപ്പ്, വിറ്റഴിക്കല്‍ പതിവാക്കിയ കേന്ദ്രത്തിന് ബദലായി മാറ്റുകയാണ് ഇടത് സര്‍ക്കാര്‍. ഒന്നാം വാര്‍ഷിക ദിനത്തില്‍ പ്രഖ്യാപിക്കപ്പെടുന്ന കൂടുതല്‍ പദ്ധതികളോടെ നവകേരളത്തിന്റെ പുതിയ മുഖം തന്നെ സൃഷ്ടിക്കപ്പെടുമെന്നുറപ്പ്.

Eng­lish sum­ma­ry; New Ker­ala for new projects

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.