
നവകേരള സദസിൽ ഉയർന്നുവന്ന വികസന പദ്ധതികൾ നടപ്പാക്കാൻ 982.01 കോടി രൂപ അനുവദിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. പദ്ധതി നടത്തിപ്പിനായി സംസ്ഥാന ആസൂത്രണ ബോർഡ് തയ്യാറാക്കിയ മാർഗനിർദേശങ്ങൾ ഭേദഗതിയോടെ അംഗീകരിച്ചു.
മുഖ്യമന്ത്രിയും മന്ത്രിമാരും 140 നിയമസഭാ മണ്ഡലങ്ങളിലും സഞ്ചരിച്ച് ജനങ്ങളുമായി സംവദിച്ചിരുന്നു. ആ സംവാദത്തിൽ ഉരുത്തിരിഞ്ഞ നിർദേശങ്ങളാണ് വികസന പദ്ധതികളായി നടപ്പാക്കുന്നത്.
വിവിധ വിഭാഗം ജനങ്ങൾ ആവശ്യപ്പെട്ട വികസന പ്രവർത്തനങ്ങൾക്കും നിർദേശങ്ങൾക്കും മുൻഗണനയനുസരിച്ച് അനുമതി നൽകുന്നതിനും സാങ്കേതികമോ മറ്റ് കാരണങ്ങളോ മൂലം നിലവിലെ പദ്ധതികൾക്ക് പകരം പുതിയ/അധിക പദ്ധതികൾ അംഗീകരിക്കുവാൻ ഉള്ള അനുമതി നൽകുവാനും ചീഫ് സെക്രട്ടറി, പദ്ധതി നിര്‍വഹണ വിലയിരുത്തല്‍ നീരീക്ഷണ വകുപ്പ് സെക്രട്ടറി, ബന്ധപ്പെട്ട ജില്ലാ കളക്ടർ എന്നിവരടങ്ങുന്ന കമ്മിറ്റിയെ അധികാരപ്പെടുത്തി.
ഓരോ നിയമസഭാ മണ്ഡലത്തിലും പരമാവധി ഏഴ് കോടി രൂപ വീതമാണ് അനുവദിക്കുക. മലപ്പുറം ജില്ലയുടെ കാര്യത്തിൽ അറിയിപ്പ് പിന്നീട് ഉണ്ടാകും.
സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ 2,219 അധിക തസ്തികകൾ
സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ അധിക തസ്തികകൾ അനുവദിച്ചു. 2024 — 25 അധ്യയന വർഷത്തിൽ നടത്തിയ തസ്തിക നിർണയ പ്രകാരം, സർക്കാർ മേഖലയിലെ 552 സ്കൂളുകളിൽ 915 അധിക തസ്തികകൾ അനുവദിച്ചു. 658 എയ്ഡഡ് സ്കൂളുകളിൽ 1,304 അധിക തസ്തികകളും അനുവദിച്ചു. ആകെ 1210 സർക്കാർ/എയ്ഡഡ് സ്കൂളുകളിലായി 2,219 അധ്യാപക, അനധ്യാപക അധിക തസ്തികകളാണ് അനുവദിച്ചത്. 2024 ഒക്ടോബര്‍ ഒന്ന് മുതല്‍ ഇതിന് പ്രാബല്യമുണ്ടായിരിക്കും. സർക്കാർ സ്കൂളുകളിൽ അധിക തസ്തികകളിൽ തസ്തികനഷ്ടം സംഭവിച്ച ജീവനക്കാരെ ക്രമീകരിച്ചതിനു ശേഷം മാത്രമേ പുതിയ നിയമനം നടത്താൻ പാടുള്ളൂ. എയ്ഡഡ് സ്കൂളുകളിലെ അധികതസ്തികകളിൽ, കെഇആർ അധ്യായം 21 ചട്ടം 7(2) അനുസരിച്ച് മാത്രമേ നിയമനം നടത്താൻ പാടുള്ളൂ. തസ്തിക നഷ്ടം സംഭവിച്ച സ്കൂളുകളിൽ ഈ തസ്തികയിൽ ആരും തുടരുകയോ ശമ്പളം കൈപ്പറ്റുകയോ ചെയ്യുന്നില്ലെന്ന് വിദ്യാഭ്യാസ ഓഫിസർ /ട്രഷറി/സ്പാർക്ക് ഉദ്യോഗസ്ഥർ ഉറപ്പുവരുത്തേണ്ടതാണ്. മലപ്പുറം ജില്ലയുടെ കാര്യത്തിൽ അറിയിപ്പ് പിന്നീടുണ്ടാകും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.