1 January 2026, Thursday

Related news

December 29, 2025
December 28, 2025
December 26, 2025
December 25, 2025
December 25, 2025
December 24, 2025
December 20, 2025
December 20, 2025
December 19, 2025
December 16, 2025

കെഎസ്ആർടിസിയിൽ പുതിയ ഘട്ടത്തിന് തുടക്കം: മുഖ്യമന്ത്രി

എസി സൂപ്പർ ഫാസ്റ്റ് സർവീസ് ഫ്ലാഗ് ഓഫ് ചെയ്തു
Janayugom Webdesk
തിരുവനന്തപുരം
October 15, 2024 9:52 pm

മികച്ച സൗകര്യങ്ങൾ യാത്രക്കാർക്ക് നൽകിയും തൊഴിലാളി സൗഹൃദ നടപടികളിലൂടെയും കെഎസ്ആർടിസിയുടെ പുതിയ ഘട്ടത്തിന് തുടക്കമായതായി മുഖ്യമന്ത്രി പിണറായി വിജയൻ. കെഎസ്ആർടിസി സ്വിഫ്റ്റ് സൂപ്പർഫാസ്റ്റ് പ്രീമിയം എസി സർവീസുകളുടെ ഉദ്ഘാടനം തിരുവനന്തപുരം ആനയറയിലെ സ്വിഫ്റ്റ് ആസ്ഥാനത്ത് നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. അത്യാധുനിക സൗകര്യങ്ങളുമായാണ് കെഎസ്ആർടിസിയുടെ സ്വിഫ്റ്റ് എസി സൂപ്പർ ഫാസ്റ്റ് പ്രീമിയം സർവീസുകൾ ആരംഭിക്കുന്നത്. ആദ്യഘട്ടത്തിൽ 10 ബസുകളാണ് സർവീസ് നടത്തുക. വൈഫൈ കണക്ഷൻ, മ്യൂസിക് സിസ്റ്റം, പുഷ് ബാക്ക് സീറ്റ് തുടങ്ങി നിരവധി സൗകര്യങ്ങളുള്ള ബസിൽ 40 സീറ്റുകളാണ് ഉള്ളത്. 

പൊതുജനങ്ങൾക്ക് മികച്ച യാത്രാ സൗകര്യങ്ങൾ നൽകാനാണ് സംസ്ഥാന സർക്കാർ ആഗ്രഹിക്കുന്നത്. കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോയ കെഎസ്ആർടിസിയെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചത്. ഇന്ന് സ്വിഫ്റ്റ് തനത് ഫണ്ട് ഉപയോഗിച്ചാണ് പുതിയ പത്ത് എസി ബസുകൾ വാങ്ങിയത്. ജീവനക്കാരുടെ താല്പര്യങ്ങൾ സംരക്ഷിച്ചു കൊണ്ട് എല്ലാ മാസത്തിലും ഒന്നാം തീയതി തന്നെ മുഴുവൻ ശമ്പളവും നൽകാനാണ് ശ്രമിക്കുന്നത്. നല്ല ഭാവിയിലേക്ക് കെഎസ്ആർടിസി നീങ്ങുന്നു എന്നതിന്റെ ഉദാഹരണമാണ് അത്യന്താധുനിക സൗകര്യങ്ങളുള്ള സൂപ്പർ ഫാസ്റ്റ് എസി സർവീസുകളെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

കെഎസ്ആർടിസിയിലെ തൊഴിലാളികൾക്ക് കൈമാറാൻ ഇതിനകം 850 കോടി രൂപ സംസ്ഥാന സർക്കാർ ചെലവഴിച്ചതായി ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ ചടങ്ങില്‍ അധ്യക്ഷത വഹിച്ച് കൊണ്ട് പറഞ്ഞു. മുഖ്യമന്ത്രിയുടെ ഇടപെടലോടെ തൊഴിലാളികൾക്ക് ഒരുമിച്ച് ശമ്പളം നൽകാൻ കഴിഞ്ഞു. മറ്റ് സ്വകാര്യ ബസ് സർവീസുകളിലില്ലാത്ത ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനവും വൈഫൈ സൗകര്യവുമടക്കം ബസുകളിലുണ്ട്. ഡ്രൈവർമാർ ഉറങ്ങുകയോ മൊബൈൽ ഉപയോഗിക്കുകയോ ചെയ്താൽ കൺട്രോൾ റൂമിൽ അലർട്ടുകൾ ലഭിക്കുമെന്നത് യാത്രാ സുരക്ഷിതത്വം വർധിപ്പിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ടാറ്റ മോട്ടോഴ്‌സ് റീജിയണൽ സെയിൽസ് മാനേജർ ആനന്ദ് കുമാർ ബസുകൾ ഗതാഗത മന്ത്രിക്ക് കൈമാറി. മികച്ച പ്രകടനം കാഴ്ചവച്ച പത്ത് കെ എസ്ആർടിസി യൂണിറ്റ് ഓഫിസർമാർക്ക് ഗതാഗതമന്ത്രി ഉപഹാരങ്ങൾ സമ്മാനിച്ചു. വാർഡ് കൗൺസിലർ കെ ജി കുമാരൻ, കെ എസ്ആർടിസി സിഎംഡി പി എസ് പ്രമോജ് ശങ്കർ എന്നിവര്‍ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.