27 February 2026, Friday

Related news

February 26, 2026
February 26, 2026
February 26, 2026
February 25, 2026
February 23, 2026
February 23, 2026
February 22, 2026
February 21, 2026
February 21, 2026
February 20, 2026

വെസ്റ്റ് ബാങ്കില്‍ പുതിയ മതില്‍; പലസ്തീന്‍ ഭൂമിയുടെ അധിനിവേശം തുടര്‍ന്ന് ഇസ്രയേല്‍

Janayugom Webdesk
ജറുസലേം
February 7, 2026 9:19 pm

അധിനിവേശ വെസ്റ്റ് ബാങ്കില്‍ ഇസ്രയേല്‍ സെെന്യം മതില്‍ നിര്‍മ്മിക്കുന്നു. 22 കിലോമീറ്റര്‍ നീളമുള്ള മതിലും 50 മീറ്റര്‍ വീതിയുള്ള, സെെനികര്‍ക്ക് മാത്രമായുള്ള റോഡും നിര്‍മ്മിക്കുന്നതായാണ് റിപ്പോര്‍ട്ട്. പലസ്തീനികളെ സ്വന്തം ഭൂമിയില്‍ നിന്ന് വേര്‍പ്പെടുത്തുകയും കെട്ടിടങ്ങൾ പൊളിച്ചുമാറ്റപ്പെടുകയും, വടക്കൻ അധിനിവേശ വെസ്റ്റ് ബാങ്കിന്റെ ചില ഭാഗങ്ങൾക്കിടയിലുള്ള സ‍ഞ്ചാര സ്വാതന്ത്ര്യം വിച്ഛേദിക്കുകയും ചെയ്യുന്ന പദ്ധതിയാണിത്. വടക്കൻ ജോർദാൻ താഴ്‌വരയിലെ നിര്‍ദിഷ്ട നിര്‍മ്മാണ പദ്ധതിക്കുവേണ്ടി വീടുകള്‍, ജലവിതരണ പെെപ്പുകള്‍, മറ്റ് കെട്ടിടങ്ങള്‍ എന്നിവ പൊളിച്ചുമാറ്റന്‍ ഇസ്രയേല്‍ സെെന്യം ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

‘ക്രിംസൺ ത്രെഡ്’ എന്നാണ് പദ്ധതിക്ക് ഇസ്രയേല്‍ പ്രതിരോധ മന്ത്രാലയം നല്‍കിയിരിക്കുന്ന പേര്. 1.7 ബില്യൺ ഡോളറാണ് നിര്‍മ്മാണ ചെലവ്. ദേശീയ സുരക്ഷയും കിഴക്കൻ അതിർത്തിയിലെ തന്ത്രപരമായ നിയന്ത്രണവും ശക്തിപ്പെടുത്തുകഎന്നതാണ് പുതിയ പദ്ധതിയുടെ ലക്ഷ്യമെന്ന് പ്രതിരോധ മന്ത്രാലയം വാദിക്കുന്നു. നബ്ലസിന് കിഴക്കുള്ള ഐൻ ഷിബ്ലി ഗ്രാമത്തിൽ നിന്ന് ആരംഭിച്ച് തുബാസിന് കിഴക്കുള്ള തയാസിർ സൈനിക ചെക്ക്‌പോസ്റ്റ് വരെ വടക്കോട്ട് നീളുന്ന മതിൽ തമ്മുൻ, അതൗഫ്, യാർസ, അക്കാബ, എന്നീ പ്രദേശങ്ങളിലൂടെയാണ് കടന്നു പോകുന്നത്. കിഴക്ക് ഭാഗത്ത് ഒരു ചെക്ക്‌പോസ്റ്റും പടിഞ്ഞാറ് ഭാഗത്ത് ഒരു മതിലും ആകുന്നതോടെ ഐന്‍ ഷിബ്ലി ഒരു തുറന്ന ജയിലായി മാറും. വടക്കൻ അധിനിവേശ വെസ്റ്റ് ബാങ്കിലെ ജെനിൻ, ടുബാസ്, നബ്ലസ്, ജെറിക്കോ ഉൾപ്പെടെ എന്നീ പ്രദേശങ്ങളിലേക്കുള്ള പ്രവേശനവും നിയന്ത്രിക്കപ്പെടും. 

അനധികൃത കുടിയേറ്റക്കാരുടെ നേട്ടത്തിനായി ഈ പ്രദേശങ്ങൾ പിടിച്ചെടുത്ത് പലസ്തീൻ വിഭവങ്ങൾ കൈയടക്കുകയും സ്വന്തം ഭൂമിയില്‍ നിന്ന് അവരെ ഒഴിവാക്കുകയും ചെയ്യുക എന്നതാണ് പദ്ധതിയുടെ യഥാര്‍ത്ഥ ലക്ഷ്യം. അധിനിവേശ വെസ്റ്റ് ബാങ്കിന്റെ 60 ശതമാനവും ഇതിനകം തന്നെ ഇസ്രയേലിന്റെ നേരിടുള്ള നിയന്ത്രണത്തിലാണ്. 2024 ൽ, ഇസ്രയേൽ വെസ്റ്റ് ബാങ്കിലെ മൊത്തം 23.7 ദശലക്ഷം ചതുരശ്ര മീറ്റർ പ്രദേശം സര്‍ക്കാര്‍ ഭൂമിയായി പ്രഖ്യാപിച്ചിരുന്നു, ഇതിൽ ജോർദാൻ താഴ്‌വരയിലെ 12 ദശലക്ഷം ചതുരശ്ര മീറ്റർ ഭൂമിയും ഉൾപ്പെടുന്നു. 1993 ൽ ഓസ്ലോ കരാര്‍ നിലവില്‍ വന്നതിനു ശേഷമുള്ള ഏറ്റവും വലിയ ഭൂമി പിടിച്ചെടുക്കല്‍ എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.