5 December 2025, Friday

Related news

November 4, 2025
September 14, 2025
April 24, 2025
March 8, 2025
March 8, 2025
February 23, 2025
February 22, 2025
September 8, 2024
August 29, 2024
August 10, 2024

വിപണിയില്‍ ന്യൂജെന്‍ ഫര്‍ണിച്ചറുകള്‍; മരവ്യവസായം പ്രതിസന്ധിയിൽ

Janayugom Webdesk
കാസര്‍കോട്
April 24, 2025 8:29 am

വീട് നിര്‍മാണത്തിനും ഫര്‍ണിച്ചറുകള്‍ക്കുമെല്ലാം പുതിയ സാങ്കേതികവിദ്യകളേറുമ്പോള്‍ മരവ്യവസായം പ്രതിസന്ധിയില്‍. കോണ്‍ക്രീറ്റ് കൊണ്ടും അലൂമിനിയവും സ്റ്റീലും കൊണ്ടുമുള്ള കട്ടിളകളും ജനലുകളും വ്യാപകമായതോടെ വീടുപണിക്ക് മരം വാങ്ങാന്‍ പോകുന്നവരുടെ എണ്ണം കുറഞ്ഞു. ചിലരൊക്കെ സ്വന്തമായി ഫർണിച്ചറുകൾ ഉണ്ടാക്കി വിൽപന നടത്തുന്ന കടകൾ തുറന്നിട്ടുണ്ടെങ്കിലും മരം കൊണ്ടുള്ള ഫർണിച്ചറുകളുടെ താരതമ്യേന ഉയർന്ന വില ഇടത്തരക്കാരെ പിന്നോട്ടുവലിക്കുകയാണ്. ചെലവുകുറഞ്ഞ തരത്തില്‍ വീട് നിര്‍മിക്കുന്നവര്‍ മിക്കവാറും മരത്തിനു പകരം കോണ്‍ക്രീറ്റ്, അലൂമിനിയം കട്ടിളകളും ജനലുകളുമാണ് ഉപയോഗിക്കുന്നത്. വന്‍കിട കെട്ടിടങ്ങളും ഫ്‌ളാറ്റുകളുമെല്ലാം ജനലുകളുടെ സ്ഥാനത്ത് അലൂമിനിയം, സ്റ്റീല്‍ ഫാബ്രിക്കേഷന്‍ രീതികളിലേക്ക് മാറി. 

ഫര്‍ണിച്ചറുകളും മിക്കവാറും സ്റ്റീലിലേക്കും ഫൈബറിലേക്കുമൊക്കെ വഴിമാറി. പഴയ ഓടിട്ട വീടുകളുടെ മേല്‍ക്കൂര പുനര്‍നിര്‍മിക്കുമ്പോള്‍ പോലും മരത്തിനു പകരം മിക്കവാറും ഇരുമ്പുപട്ടികകളാണ് ഉപയോഗിക്കുന്നത്. പറമ്പുകളിലെ ചെറുതും വലുതുമായ മരങ്ങള്‍ക്കെല്ലാം വിലകുറഞ്ഞു. കുറഞ്ഞ വിലയ്ക്ക് പ്ലൈവുഡ് ഫാക്ടറികളിലേക്ക് മാത്രമാണ് ഇപ്പോള്‍ കാര്യമായി മരങ്ങള്‍ എടുക്കുന്നത്. മരംമുറിക്കുന്ന തൊഴിലാളികളുടെ കൂലിയും കയറ്റിറക്കുകൂലിയും വാഹനച്ചെലവും കഴിച്ചാല്‍ ഉടമയ്ക്ക് കാര്യമായൊന്നും കിട്ടാനുണ്ടാവില്ല. പ്ലാവിനും തേക്കിനും പോലും മുന്‍കാലങ്ങളിലേതുപോലെ ഡിമാന്‍ഡില്ലാതായി. ഇതിനൊപ്പം തൊഴില്‍ നഷ്ടപ്പെട്ട ഒരു പ്രധാന വിഭാഗം പരമ്പരാഗത മരപ്പണിക്കാരാണ്. മരപ്പണിയില്‍ യന്ത്രവത്കരണം വ്യാപകമായതോടെതന്നെ പഴയ തരത്തിലുള്ള മരപ്പണിക്കാരുടെ തലമുറ ഏറെക്കുറെ കുറ്റിയറ്റു പോയിരുന്നു. യന്ത്രവത്കരണം വന്നതോടെ ചുരുങ്ങിയ സമയത്തിനുള്ളില്‍ ജനവാതിലുകളും ഫര്‍ണിച്ചറുകളുമൊക്കെ ഉണ്ടാക്കാമെന്ന നില വന്നെങ്കിലും ആവശ്യക്കാര്‍ കുറയുന്നത് പുതുതലമുറക്കാരെയും വലയ്ക്കുകയാണ്.ചിലരൊക്കെ സ്വന്തമായി ഫര്‍ണിച്ചറുകള്‍ ഉണ്ടാക്കി വില്പന നടത്തുന്ന കടകള്‍ തുറന്നിട്ടുണ്ടെങ്കിലും മരം കൊണ്ടുള്ള ഫര്‍ണിച്ചറുകളുടെ താരതമ്യേന ഉയര്‍ന്ന വില ഇടത്തരക്കാരെ അവ വാങ്ങുന്നതില്‍നിന്ന് പിന്നോട്ടുവലിക്കുകയാണ്. അലുമിനിയം, സ്റ്റീല്‍ ഫാബ്രിക്കേഷനില്‍ നിര്‍മിച്ച സാധനങ്ങള്‍ക്ക് മരത്തിന്റേതുപോലെ മെയിന്റനന്‍സ് ജോലികള്‍ വേണ്ടിവരില്ലെന്നതും കൂടുതല്‍കാലം നിലനില്‍ക്കുമെന്നതും ആകര്‍ഷണങ്ങളാകുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.