22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

October 25, 2024
September 5, 2024
January 28, 2024
January 10, 2024
December 6, 2023
November 28, 2023
November 11, 2023
October 4, 2023
September 19, 2023
September 17, 2023

ബില്‍ക്കീസ് ബാനു കൂട്ടബലാത്സംഗ കേസിലെ കുറ്റവാളികള്‍ ഒളിവില്‍, എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസിയുടെ നാവ് മുറിക്കുന്നവര്‍ക്ക് 11 ലക്ഷം പാരിതോഷികം പ്രഖ്യാപിച്ച്‌ ഹിന്ദുസേന

Janayugom Webdesk
January 10, 2024 9:13 pm

1. ബില്‍ക്കീസ് ബാനു കൂട്ടബലാത്സംഗ കേസിലെ കുറ്റവാളികള്‍ ഒളിവിലാണെന്ന് റിപ്പോര്‍ട്ട്. കേസിലെ 11 പ്രതികളില്‍ ഒമ്പതുപേരെയാണ് കാണാതായത്. പ്രതികള്‍ രണ്ടാഴ്ചയ്ക്കം കീഴടങ്ങണമെന്ന സുപ്രീം കോടതി വിധിക്ക് പിന്നാലെ ഇവരെ കാണാതാവുകയായിരുന്നു. വിധി വരുന്നതിന് തലേദിവസം വരെ പ്രദേശത്ത് എല്ലാവരെയും കണ്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഗുജറാത്തിലെ റന്ധിക്പുര്‍, സിംഗ്‌വാദ് ഗ്രാമങ്ങളില്‍ നിന്നുള്ളവരാണ് കേസിലെ ഒമ്പതുപേരും.

2. സിറോ മലബാർ സഭയുടെ പുതിയ മേജര്‍ ആർച്ച് ബിഷപ്പായി മാർ റാഫേൽ തട്ടിലിനെ തെരഞ്ഞെടുത്തു. നിലവിൽ ഷംഷാബാദ് രൂപത ബിഷപ്പാണ് മാർ റാഫേൽ തട്ടിൽ. സ്ഥാനാരോഹണം ഇന്ന് ഉച്ചയ്ക്ക് 2.30 ന് നടക്കും. മാർ ജോർജ് ആലഞ്ചേരി വിരമിച്ച ഒഴിവിലേക്കാണ് സീറോ മലബാർ സഭയുടെ നാലാമത്തെ മേജർ ആർച്ച് ബിഷപ്പായി മാർ റാഫേൽ തട്ടിലിനെ തെരഞ്ഞെടുത്തത്. മുന്‍ മേജർ ആർച്ച് ബിഷപ്പായിരുന്ന മാർ ആന്റണി പടിയറയെയും മാർ വർക്കി വിയതത്തിലിനെയും മാർപാപ്പയാണ് നിയമിച്ചത്. 

3. സര്‍ക്കാര്‍ ഉടമസ്ഥതയില്‍ രാജ്യത്തെ ആദ്യ ഒടിടി പ്ലാറ്റ്ഫോം ‘സി സ്പേസ്’ ഉടന്‍ പ്രവര്‍ത്തനസജ്ജമാകും. സാംസ്കാരിക വകുപ്പിന് കീഴില്‍ സംസ്ഥാന ചലച്ചിത്ര വികസന കോര്‍പറേഷന്റെ നേതൃത്വത്തിലാണ് സി സ്പേസ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. ഈ പ്ലാറ്റ്ഫോമിന്റെ പ്രിവ്യു സാംസ്കാരിക മന്ത്രി സജി ചെറിയാന്റെ സാന്നിധ്യത്തില്‍ തിരുവനന്തപുരം നിള തിയേറ്ററില്‍ നടന്നു. കേരളത്തിലാകമാനം തിയേറ്റര്‍ ശൃംഖലകള്‍ സ്ഥാപിച്ച്‌ മികച്ച സൗകര്യത്തോടുകൂടി എല്ലാവര്‍ക്കും സിനിമ കാണുവാനുള്ള സംവിധാനം ഒരുക്കുന്ന കെഎസ്എഫ്ഡിസി അതേ ലക്ഷ്യത്തോടെയാണ്‌ ഒടിടി സംവിധാനവും ഒരുക്കുന്നത്‌. 

4. ഈ വര്‍ഷത്തെ റിപ്പബ്ലിക് ദിനാഘോഷത്തില്‍ കര്‍ണാടകയുടെ നിശ്ചല ദൃശ്യത്തിനും അനുമതിയില്ല. പതിവ് പോലെ റിപ്പബ്ലിക് ദിന പരേഡില്‍ കേരളത്തെയും കേന്ദ്രം വെട്ടിയിരുന്നു. പഞ്ചാബ്, പശ്ചിമബംഗാള്‍ ഉള്‍പ്പടെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളുടെ നിശ്ചലദൃശ്യങ്ങള്‍ക്കും അനുമതി നിഷേധിച്ചിരുന്നു. കര്‍ണാടക സര്‍ക്കാര്‍ നല്‍കിയ എല്ലാ മാതൃകകളും ആഭ്യന്തര മന്ത്രാലയം തള്ളിയെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. 

5. മാവോയിസ്റ്റ് റിക്രൂട്ട്‌മെന്റ് കേസിൽ നിരോധിത സംഘടനയായ സിപിഐ മാവോയിസ്റ്റിന്റെ കേന്ദ്ര കമ്മിറ്റി അംഗം സഞ്ജയ് ദീപക് റാവുവിന്റെ അറസ്റ്റ് കേരളത്തിൽ രേഖപ്പെടുത്തി. കൊച്ചിയിലെ പ്രത്യേക എൻഐഎ കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. സഞ്ജയ് ദീപകിനെ കസ്റ്റഡിയിൽ ലഭിക്കാൻ അന്വേഷണസംഘം അടുത്ത ദിവസം അപേക്ഷ നൽകും. കഴിഞ്ഞ സെപ്റ്റംബറിൽ തെലങ്കാനയിൽ വച്ചാണ് സഞ്ജയ് ദീപക് റാവുവിനെ അറസ്റ്റ് ചെയ്യുന്നത്. 

6. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തത് വിവാദമാക്കുന്നതിന് പിന്നിൽ രാഷ്ട്രീയ അജണ്ടയും കോൺഗ്രസിലെ ആഭ്യന്തര പ്രശ്നവുമാണെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. രാഷ്ട്രീയമായി സർക്കാരിനെ മോശമാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. വ്യാജ ഐഡി കാർഡ് വിവാദത്തിൽ കോൺഗ്രസിനകത്ത് തന്നെ കടുത്ത അതൃപ്തിയുണ്ടെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 

7. ഗവർണർ നാമനിർദേശം ചെയ്ത, കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ സെനറ്റ് അംഗങ്ങൾക്ക് പൊലീസ് സംരക്ഷണം നൽകണമെന്ന് ഹൈക്കോടതി. സെനറ്റ് അംഗമായി പ്രവർത്തിക്കുന്നതിന് തടസമില്ലെന്ന് ഉറപ്പുവരുത്തണമെന്നും കോടതി അഭിപ്രായപ്പെട്ടു. സെനറ്റ് അംഗങ്ങളായി ഗവർണർ സ്വന്തം നിലയ്ക്ക് നോമിനേറ്റ് ചെയ്തവർ നൽകിയ ഹർജിയിലാണ് കോടതിയുടെ ഉത്തരവ്. 

8. ഇന്ത്യന്‍ അനുകൂല നിലപാടുകള്‍ സ്വീകരിക്കുന്ന പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് (പിഡിപി) ഭൂട്ടാന്‍ പൊതുതെരഞ്ഞെടുപ്പില്‍ വിജയം. പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി നേതാവ് ഷെറിങ് തോബ്‌ഗെ രണ്ടാമതും പ്രധാനമന്ത്രിയാകും. ഭൂട്ടാനുമായി സൗഹൃദം സ്ഥാപിക്കാനുള്ള ചൈനയുടെ ശ്രമങ്ങൾക്ക് വലിയ തിരിച്ചടിയാണ് ഷെറിങ് തോബ്‌ഗെയുടെ വിജയത്തെ വിലയിരുത്തുന്നത്. 

9. എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസിയുടെ നാവ് മുറിക്കുന്നവര്‍ക്ക് 11 ലക്ഷം പാരിതോഷികം പ്രഖ്യാപിച്ച്‌ ഹിന്ദുസേന. അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠയെക്കുറിച്ച്‌ നടത്തിയ പ്രസ്താവനകളിലൂടെ ഒവൈസി രാജ്യത്ത് മതസ്പര്‍ദ്ധ വളര്‍ത്തിയെന്നും ഹിന്ദുസേന ഗുജറാത്ത് അധ്യക്ഷൻ പ്രതീക് ഭട്ട് ആരോപിച്ചു. സംഭവത്തില്‍ ഒവൈസിക്കെതിരെ ഹിന്ദുസേന ഡല്‍ഹി വിഭാഗവും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

10. മാലദ്വീപിലേക്ക് കൂടുതല്‍ സഞ്ചാരികളെ അയക്കാനുള്ള ശ്രമം ശക്തമാക്കണെന്ന് ചൈനയോട് അഭ്യര്‍ത്ഥിച്ച് മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു. ഇന്ത്യയ്ക്കും പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കുമെതിരെ മാലദ്വീപ് മന്ത്രിമാര്‍ ആക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തിയതിന് പിന്നാലെ മാലദ്വീപിന്റെ ടൂറിസം രംഗത്തിന് തിരിച്ചടി നേരിട്ടിരുന്നു. നിരവധി ഇന്ത്യന്‍ സഞ്ചാരികള്‍ മാലദ്വീപിലേക്കുള്ള യാത്ര റദ്ദാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് മാലദ്വീപ് പ്രസിഡന്റ് ചൈനയുടെ സഹായം തേടിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.