ഇനി അഞ്ചുനാള്‍ കലയുടെ ഈറ്റില്ലമായ നെയ്യാറ്റിന്‍കര കൗമാര കലയുടെ വേദിയാകും. നാളെ രാവിലെ 9.30ന് രചനാമത്സരങ്ങളോടെയാണ് റവന്യു ജില്ലാ സ്കൂള്‍ കലോത്സവത്തിന് അരങ്ങുണരുക. മൂന്നുമണിക്ക് വിദ്യാഭ്യാസ ഉപഡയറക്ടര്‍ സുബിന്‍ പോള്‍ പതാക ഉയര്‍ത്തും. വൈകിട്ട് മൂന്നരയ്ക്ക് പ്രധാന വേദിയായ നെയ്യാറ്റിന്‍കര ഗവ. ബോയ്‌സ് എച്ച്എസ്എസില്‍ ദൃശ്യ വിസ്മയമൊരുക്കി പ്രതിഭകള്‍ കലോത്സവത്തിന് കാഹളം മുഴക്കും. തുടര്‍ന്ന് പ്രധാന വേദിയില്‍ കേരളീയ വേഷത്തില്‍ ദശപുഷ്പം ചൂടിയ മങ്കമാര്‍ ലാസ്യചുവടുകളും കുമ്മിയടിച്ചും സായം സന്ധ്യയെ തിരുവാതിരയിലേക്ക് വരവേല്‍ക്കും. ഇതോടെ രണ്ടാം വേദിയില്‍ വഞ്ചിപ്പാട്ടിന്റെ താളം ഉയരുമ്പോള്‍ മൂന്നാം വേദിയില്‍ കഥകളിക്കായി ആട്ടവിളക്കിനും തിരിതെളിയും. ചാക്യാര്‍ കൂത്തും നങ്യാര്‍കൂത്തും കൂടിയാട്ടവും തായമ്പകയും ചെണ്ടമേളവും പഞ്ചവാദ്യവുമൊക്കെയായി 15 വേദികളും താളമേളങ്ങളില്‍ ലയിക്കും.
പ്രധാനവേദിയില്‍ ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ കലോത്സവത്തിന് തിരിതെളിക്കും. ആന്‍സലന്‍ എംഎല്‍എ അധ്യക്ഷനാകും. ശശി തരൂര്‍ എംപി, എംഎല്‍എമാരായ സി കെ ഹരീന്ദ്രന്‍, ഐ ബി സതീഷ്, വി ശശി, വി കെ പ്രശാന്ത്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈലജ ബീഗം തുടങ്ങിയവര്‍ പങ്കെടുക്കും. എല്ലാ വിഭാഗത്തിലും കൂടി ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന സബ് ജില്ലയ്ക്കും സ്‌കൂളിനുമുള്ള ട്രോഫികള്‍ നല്‍കുന്ന രീതി തിരികെ കൊണ്ടുവന്നിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ആറ്റിങ്ങലില്‍ ജില്ലാ കലോത്സവത്തിന് തിരശീല വീഴുമ്പോള്‍ സൗത്ത്, കിളിമാനൂര്‍, നോര്‍ത്ത് സബ് ജില്ലകള്‍ തമ്മിലായിരുന്നു കടുത്ത മത്സരം. ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി, സംസ്‌കൃതം യുപി വിഭാഗങ്ങളില്‍ തിരുവനന്തപുരം സൗത്ത് ആയിരുന്നു ജേതാക്കള്‍. കരുത്തരായ കിളിമാനൂര്‍ സബ്ജില്ലയാകട്ടെ യുപി സംസ്‌കൃതത്തില്‍ സൗത്തിനൊപ്പം കിരിടം പങ്കിട്ടു. ഒപ്പം എച്ച്എസ്, യുപി, എച്ച്എസ്എസ് വിഭാഗത്തില്‍ രണ്ടാം സ്ഥാനത്തും എത്തി.
വഴുതക്കാട് കാര്‍മലും കടുവയില്‍ കെടിസിടിയും പട്ടം സെന്റ് മേരീസുമായിരുന്നു സ്‌കൂളുകളില്‍ മികച്ച പ്രകടനം കാഴ്ച വച്ചത്. ഇവര്‍ തമ്മിലാകും ഓവറോളിനുവേണ്ടി ഇത്തവണയും കളത്തിലിറങ്ങുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.