ഭീമകൊറേഗാവ് കേസിൽ അറസ്റ്റിലായ കവിയും ആക്ടിവിസ്റ്റുമായ വരവര റാവുവിന്റെ ആരോഗ്യ നില സാധാരണ നിലയിലാണെന്നും ജയിലിലേക്ക് തിരികെ എത്തിക്കണമെന്നും ദേശീയ അന്വേഷണ ഏജൻസി (എൻഐഎ).ബോംബെ ഹെെക്കോടതിയിലാണ് എൻഐഎ ഇക്കാര്യം ആവശ്യപ്പെട്ടത്. ഇടക്കാല ജാമ്യം നീട്ടണമെന്ന റാവുവിന്റെ ഹർജിയിൽ വാദം കേൾക്കുന്നതിനിടെയാണ് അന്വേഷണ ഏജൻസിയുടെ ആവശ്യം. നേരത്തെ നടന്ന വിചാരണയിൽ ഹൈക്കോടതി ഡിസംബർ 20 വരെ ജാമ്യം നീട്ടിയിരുന്നു.
മുംബെെയിലെ നാനാവതി ആശുപത്രി വരവര റാവുവിന്റെ ആരോഗ്യനിലയെക്കുറിച്ച് രേഖാമൂലമുള്ള ക്ലിനിക്കൽ റിപ്പോർട്ട് ബോംബെ ഹെെക്കോടതിയിൽ സമർപ്പിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യ അവസ്ഥ സാധാരണ നിലയിലാണെന്നും ദെെനംദിന പ്രവർത്തനങ്ങൾ നടത്താൻ കഴിയുമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. 82 കാരനായ അദ്ദേഹത്തെ വിവിധ മെഡിക്കൽ വിദഗ്ധർ പരിശോധിച്ചതായി ആശുപത്രി വിഭാഗം അറിയിച്ചു. ഈ വർഷം ഫെബ്രുവരിയിൽ ആറ് മാസത്തേക്ക് റാവുവിന് കോടതി മെഡിക്കൽ ജാമ്യം അനുവദിച്ചിരുന്നു. പിന്നീട് ജാമ്യം നീട്ടുകയായിരുന്നു. ഡിസംബർ 20 വരെയാണ് തിരിച്ച് ജയിലിലേക്ക് പോകാനുള്ള സമയം കോടതി അനുവദിച്ചത്.
അതേസമയം ഭീമാ കൊറേഗാവ് കേസിൽ അഭിഭാഷകയും ആക്ടിവിസ്റ്റുമായ സുധാ ഭരദ്വാജിന് ഡിസംബർ ആദ്യ ആഴ്ച ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. ഈ വർഷം ജൂലൈ അഞ്ചിന് മെഡിക്കൽ ജാമ്യത്തിനായി കാത്തിരിക്കുന്നതിനിടെ ജെസ്യൂട്ട് പുരോഹിതൻ സ്റ്റാൻ സ്വാമി സ്വകാര്യ ആശുപത്രിയിൽ വച്ച് മരണമടഞ്ഞിരുന്നു. കേസിലെ മറ്റ് പ്രതികൾ വിചാരണ തടവുകാരായി കസ്റ്റഡിയിലാണ്.
english summary;NIA wants to be jailed Varavara Rao
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.